
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾ, മുണ്ടക്കൈ–ചൂരൽമല പുനരധിവാസം, ദേശീയപാത വികസനം, എയിംസ് അനുവദിക്കൽ, കടമെടുപ്പ് പരിധി നിയന്ത്രണം ലഘൂകരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഇടപെടാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ വിഷയങ്ങൾ പ്രധാനമന്ത്രിയേയും അഞ്ചു കേന്ദ്ര മന്ത്രിമാരെയും കണ്ട് ശ്രദ്ധയിൽപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും മറ്റു വിഷയങ്ങളും നിവേദനമായി നൽകി നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ പുരോഗതി, ദുരാതാശ്വാസം, സാമ്പത്തിക സ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ ഗൗരവമായ കേന്ദ്ര ഇടപെടൽ വേണമെന്നാണ് ആവശ്യപ്പെട്ടത്.
നാലു വിഷയങ്ങൾ പ്രധാനമായും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് ദേശീയ ദുരന്തപ്രതികരണ നിധിയിൽ നിന്ന് 2221 കോടി രൂപ അനുവദിക്കണമെന്ന ആവശ്യമാണ് ആദ്യത്തേത്. ഇത് വായ്പയായി കണക്കാക്കാതെ ഗ്രാന്റായി പരിഗണിക്കണമെന്നാണ് അഭ്യർഥിച്ചത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ വരുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്നും സാമ്പത്തിക പരിധിയിൽ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനു പ്രധാനമന്ത്രിയുടെ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടൊപ്പം ഐജിഎസ്ടി റിക്കവറി തിരികെ നൽകൽ, ബജറ്റിനു പുറത്തെ കടമെടുപ്പിന് ഏർപ്പെടുത്തിയ വെട്ടിക്കുറവ് മാറ്റിവെക്കൽ എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുക്കുന്ന ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി തുക നൽകിയിട്ടുണ്ട്. ഇതിൽ കടമെടുപ്പ് വെട്ടിക്കുറച്ചത് ഇരട്ടപ്രഹരമായി നില നിൽക്കുകയാണ്. ആ തുക കടമെടുക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന എയിംസ് അനുവദിക്കണമെന്നും ഇതിനായി കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.