വിള ഇൻഷുറൻസ് പദ്ധതികളിലൂടെ കർഷകർക്ക് പരമാവധി ധനസഹായം സമയബന്ധിതമായി എത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാലാവസ്ഥാ വിള ഇൻഷുറൻസ് പദ്ധതിയുടെ ഖാരിഫ് 2022 സീസണിന്റെ നഷ്ടപരിഹാര തുകയായ 94.28 കോടി രൂപയുടെ വിതരണോദ്ഘാടനവും 2023 സീസണിലെ പോളിസി വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് കേന്ദ്രാവിഷ്കൃത ഇൻഷുറൻസ്, സംസ്ഥാനവിള ഇൻഷുറൻസ് ഉൾപ്പെടെ മൂന്ന് വിള ഇൻഷുറൻസ് പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് കാർഷിക മേഖലയിലാണെന്നും കർഷകർക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കുന്നതിന്റെയും സമയബന്ധിതമായി തുക കൈമാറുന്നതിന്റെയും ആവശ്യകതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ സംസ്ഥാനത്തെ 27 വിളകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കാലാവസ്ഥാ വ്യതിയാനങ്ങൾ രേഖപ്പെടുത്തുന്നതിനായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ അധികമായി 20 ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരത്തിൽ 172 കാലാവസ്ഥാ നിലയങ്ങൾ ആണുള്ളത്. മഴ, അന്തരീക്ഷ താപനില എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ കാരണം ഉല്പാദനക്ഷമതയിലുണ്ടാകുന്ന ഇടിവിന് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി നഷ്ടപരിഹാരം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഖാരിഫ് സീസണിലെ കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയുടെ നഷ്ടപരിഹാരമായി 51962 കർഷകർക്ക് 94.28 കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി.
തിരുവനന്തപുരം ജില്ലയിലെ പച്ചക്കറി കർഷകനായ രവി ജി, തൃശൂർ ജില്ലയിലെ നെൽ കർഷകനായ പി വി സുനിൽകുമാർ എന്നിവർക്ക് പോളിസി സർട്ടിഫിക്കറ്റ് നൽകിക്കൊണ്ടാണ് മന്ത്രി ഈ വർഷത്തെ പോളിസി വിതരണം ഉദ്ഘാടനം ചെയ്തത്. എംഎൽഎ വി കെ പ്രശാന്ത് അധ്യക്ഷനായി. ചടങ്ങിൽ കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ക്രെഡിറ്റ് വിഭാഗം അണ്ടർ സെക്രട്ടറി സൗമ്യ ശ്രീകാന്ത്, പിഎംഎഫ്ബിവൈ സ്റ്റേറ്റ് നോഡൽ ഓഫിസർ ഡോ. ബിന്ദു എം എസ്, അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി സോണൽ മാനേജർ ഭാരതി വജ്രവേലു, കർഷക പ്രതിനിധി അബ്ദുൾലത്തീഫ് എന്നിവർ സംസാരിച്ചു. കൃഷിവകുപ്പ് സെക്രട്ടറി ഡോ. ബി അശോക് സ്വാഗതവും കൃഷി വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ജോർജ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
English Summary:Aim to provide maximum financial assistance to farmers in a timely manner: P Prasad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.