വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികൾ തുടരുന്നു. ഇന്നലെ എയർ ഇന്ത്യയുടെ 20 വിമാനങ്ങൾക്കും അകാശയുടെ 25 വിമാനങ്ങൾക്കും വിസ്താരയുടെ 20 വിമാനങ്ങൾക്കുമുൾപ്പടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 180 ഓളം വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഇതിലൂടെ വിമാന കമ്പനികൾക്ക് 600 കോടി രൂപയോളം നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണക്കുകൾ.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആറ് വിമാനങ്ങൾക്ക് ഇന്നലെ വ്യാജ ബോംബ് ഭീഷണി ഉയർന്നു. സമൂഹ മാധ്യമമായ ട്വിറ്ററിലാണ് ഭീഷണി സന്ദേശം എത്തിയത്. രണ്ട് രാജ്യാന്തര സർവീസുകൾക്കും നാല് ആഭ്യന്തര സർവീസുകൾക്കുമാണ് ഭീഷണി ലഭിച്ചത്. ആറ് വിമാനങ്ങളും നെടുമ്പാശ്ശേരിയിൽ നിന്നും പറന്നുയർന്നതിന് ശേഷമാണ് സന്ദേശം വന്നത്. ഓരോ തവണയും ബിഏടിഎസി (ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി) അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ഉച്ചയ്ക്ക് ഒരു മണിക്കാണ് എയർ ഇന്ത്യയുടെ ലണ്ടൻ വിമാനം, വിസ്താരയുടെ കൊച്ചി — മുംബൈ വിമാനം എന്നിവയ്ക്ക് ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30 നും വിസ്താര വിമാനം 11.59 നും നെടുമ്പാശ്ശേരിയിൽ നിന്നും യാത്രയായിരുന്നു. തുടർന്ന് 1.19 ന് ഇൻഡിഗോയുടെ ഹൈദരാബാദ്, ബംഗളൂരു വിമാനങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. ഈ വിമാനങ്ങൾ 12 മണിക്കും 12.21 നും പുറപ്പെട്ടിരുന്നു. ആകാശ എയറിന്റെ മുംബൈ വിമാനം ഉച്ചയ്ക്ക് 11.58 ന് പറന്നുയർന്ന ശേഷം 2.16 നാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന് ശേഷം 12.34 ന് ദുബായിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിനെതിരെ 2.23 നും സന്ദേശമെത്തി. എല്ലാ വിമാനങ്ങളും സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളിൽ ലാന്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.