വായുമലിനീകരണത്തെത്തുടർന്ന് ഇന്ത്യയിലെ പത്തു നഗരങ്ങളിലായി പ്രതിവർഷം മരിക്കുന്നത് 33,000ലേറെ പേരെന്ന് ലാന്‍സെറ്റ് പഠനം. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരണാസി എന്നീ നഗരങ്ങളിലാണ് പഠനം നടത്തിയത്. കാന്‍സര്‍ ഉള്‍പ്പെടെ മാരകരോഗങ്ങൾക്ക് അടിപ്പെട്ടാണ് അന്ത്യം സംഭവിക്കുന്നത്. താരതമ്യേന വായുമലിനീകരണം കുറവുള്ള മുംബൈ, ബംഗളൂരു, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ പോലും മരണനിരക്ക് ഗണ്യമായ തോതിൽ വർധിച്ചതായി പഠനം ചൂണ്ടിക്കാട്ടുന്നു.
2008 നും 2019 നും ഇടയിലുണ്ടായ 36 ലക്ഷം മരണങ്ങളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഏറ്റവും കൂടുതൽ വായു മലിനീകരണ മരണങ്ങൾ ഡൽഹിയിലാണ് രേഖപ്പെടുത്തിയത്. ഓരോ വർഷവും 12,000 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നു. തൊട്ടുപിന്നില്‍ മുംബൈയാണ്. ഓരോ വർഷവും ഏകദേശം 5,100 മരണങ്ങള്‍. കൊൽക്കത്ത (4,700), ചെന്നൈ (2,900), അഹമ്മദാബാദ് (2,500), ബംഗളൂരു (2,100), ഹൈദരാബാദ് (1,600), പൂനെ (1,400), വാരണാസി (830) എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ മരണ നിരക്ക്.
താരതമ്യേന ശുദ്ധവായു ഉണ്ടെന്ന് മുമ്പ് കരുതിയിരുന്ന ഇന്ത്യന്‍ നഗരങ്ങളില്‍പോലും വായു മലിനീകരണത്തില്‍ നിന്നുള്ള മരണസംഖ്യ ഉയര്‍ന്നിട്ടുണ്ട്. ഹിമാലയന്‍ പട്ടണമായ ഷിംലയില്‍ 3.7 ശതമാനം മരണങ്ങളും മലിനീകരണവുമായി ബന്ധപ്പെട്ടതാണെന്ന് പഠനം പറയുന്നു. അശോക യൂണിവേഴ്‌സിറ്റി, ക്രോണിക് ഡിസീസ് കൺട്രോൾ സെൻറർ, സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ട്, ഹാർവാർഡ്, ബോസ്റ്റൺ സർവകലാശാലകൾ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ഇന്ത്യയുടെ ദേശീയ വായു ഗുണനിലവാര മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കണമെന്നും റിപ്പോർട്ടിലുണ്ട്. ഓരോ ക്യുബിക് മീറ്റർ വായുവിലും 15 മൈക്രോഗ്രാം എന്ന ലോകാരോഗ്യ സംഘടനയുടെ മാർഗനിര്‍ദേശത്തേക്കാൾ ഉയർന്നതാണ് ഇന്ത്യയുടെ ശുദ്ധവായു മാനദണ്ഡങ്ങൾ. വായു മലിനീകരണം മൂലമുണ്ടാകുന്ന അപകടങ്ങളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ മാർഗനിര്‍ദേശങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഇന്ത്യ ശുദ്ധവായു മാനദണ്ഡങ്ങൾ ഗണ്യമായി കുറയ്ക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
English Summary:air pollution; Death toll rises in cities
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.