
ഇന്ത്യയിലെ ഭൂരിഭാഗം നഗരങ്ങളിലും വായുനിലവാരം അതീവ ഗുരുതരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോർട്ട്. കഴിഞ്ഞ ശൈത്യകാലത്ത് പരിശോധന നടത്തിയ 238 നഗരങ്ങളിൽ 204 എണ്ണത്തിലും വായു മലിനീകരണം നിശ്ചിത പരിധി കടന്നതായി സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആന്റ് ക്ലീൻ എയർ (സിആർഇഎ) റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഉത്തർപ്രദേശിലെ ഗാസിയാബാദാണ് ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം. ഇവിടെ അന്തരീക്ഷത്തിലെ പിഎം 2.5 കണികകളുടെ അളവ് ക്യുബിക് മീറ്ററിന് 172 മൈക്രോ ഗ്രാം എന്ന ഉയർന്ന നിലയിലാണ്. തൊട്ടുപിന്നാലെ നോയിഡ (166), ഡൽഹി (163) എന്നീ നഗരങ്ങളാണുള്ളത്. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള നഗരങ്ങളെല്ലാം ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണെന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം, ഭിവാഡി തുടങ്ങിയ നഗരങ്ങളും മലിനീകരണത്തിൽ മുന്നിലാണ്.
അന്തരീക്ഷത്തിലെ പിഎം 2.5 കണികകൾ ശ്വാസകോശത്തിലേക്കും രക്തക്കുഴലുകളിലേക്കും നേരിട്ട് പ്രവേശിക്കാൻ ശേഷിയുള്ളവയാണ്. ഇത് ഗുരുതരമായ ശ്വസന രോഗങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും കാരണമാകുന്നു. ഇന്ത്യയുടെ ഔദ്യോഗിക മാനദണ്ഡപ്രകാരം പിഎം 2.5 അളവ് 40 മൈക്രോ ഗ്രാമിൽ താഴെയായിരിക്കണം. എന്നാൽ പരിശോധിച്ച ഒരൊറ്റ നഗരം പോലും ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ മാനദണ്ഡമായ അഞ്ച് മൈക്രോ ഗ്രാം പാലിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മലിനീകരണം കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ കർണാടകയിലെ ചാമരാജനഗറാണ് ഒന്നാമത്. ഇവിടെ പിഎം 2.5 അളവ് 19 മൈക്രോ ഗ്രാം മാത്രമാണ് രേഖപ്പെടുത്തിയത്. വായുനിലവാരം മെച്ചപ്പെട്ട ആദ്യ പത്ത് നഗരങ്ങളിൽ എട്ടെണ്ണവും കർണാടകയിൽ നിന്നുള്ളവയാണ്. മധ്യപ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ഓരോ നഗരങ്ങളും ഈ പട്ടികയിൽ ഇടംപിടിച്ചു.
2025 ഒക്ടോബർ മുതൽ 2026 ഫെബ്രുവരി വരെയുള്ള അഞ്ച് മാസത്തെ കണക്കുകളാണ് സിആർഇഎ വിശകലനം ചെയ്തത്. ശൈത്യകാലത്ത് കാറ്റിന്റെ വേഗത കുറയുന്നതും പുകമഞ്ഞ് രൂപപ്പെടുന്നതും മലിനീകരണം വർധിക്കാൻ കാരണമാകുന്നുണ്ട്. നഗരങ്ങളിലെ വാഹനങ്ങളിൽ നിന്നുള്ള പുകയും നിർമ്മാണ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.