25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 5, 2024
August 22, 2024
August 14, 2024
August 12, 2024
June 29, 2024
June 29, 2024
June 28, 2024
June 9, 2024
June 9, 2024

വിമാനത്താവള നടത്തിപ്പ് കമ്പനി ബിജെപിക്ക് ബോണ്ട് നല്‍കി

റെജി കുര്യന്‍
ന്യൂഡല്‍ഹി
June 28, 2024 11:17 pm

കനത്ത മഴയില്‍ രണ്ട് വിമാനത്താവളങ്ങളുടെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണാണ് ഒരാള്‍ മരിച്ചത്. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഡാനിയാണ് ഇപ്പോള്‍ ഡല്‍ഹി വിമാനത്താവളം നടത്തുന്നത്. മധ്യപ്രദേശില്‍ ജബൽപൂർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. യാത്രക്കാരനെ വിമാനത്താവളത്തില്‍ ഇറക്കാനായി എത്തിയ കാറിന് മുകളിലാണ് മേല്‍ക്കൂര പതിച്ചത്. തലനാരിഴയ്ക്കാണ് യാത്രക്കാരനും ഡ്രൈവറും രക്ഷപ്പെട്ടത്. 

അതിനിടെ ഡല്‍ഹി വിമാനത്താവളത്തിന്റെ അപകടം സംഭവിച്ച ടെര്‍മിനല്‍ നിര്‍മ്മിച്ച കമ്പനി ജിഎംആർ ബിജെപിക്ക് ഇലക്ടറല്‍ ട്രസ്റ്റ് വഴി കോടിക്കണക്കിന് രൂപ സംഭാവന നല്കിയെന്ന വിവരം പുറത്തുവന്നു. 2013ൽ ആവിഷ്കരിച്ച ഇലക്ടറല്‍ ട്രസ്റ്റ് സംവിധാനത്തിലൂടെ 272 ദശലക്ഷം ഡോളര്‍ സംഭാവന സമാഹരിച്ചതില്‍ 75 ശതമാനവും ലഭിച്ചത് ബിജെപിക്കാണെന്ന് കഴിഞ്ഞ ഏപ്രിലില്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.
സംഭാവനകൾ എങ്ങനെയാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്തുന്നില്ലെങ്കിലും 2018 മുതൽ 2023 വരെയുള്ള രേഖകൾ റോയിട്ടേഴ്‌സ് പരിശോധിച്ചിരുന്നു. ഏറ്റവും വലിയ എട്ട് വ്യവസായ ഗ്രൂപ്പുകൾ 2019 നും 2023 നും ഇടയിൽ കുറഞ്ഞത് 50 ദശലക്ഷം ഡോളറെങ്കിലും ബിജെപിക്ക് തത്തുല്യമായ തുകയ്ക്കുള്ള ചെക്കായി നൽകി. ജിഎംആർ, ആർസലർ മിത്തൽ നിപ്പോൺ സ്റ്റീൽ, ഭാരതി എയർടെൽ, എസ്സാർഎന്നീ നാല് കമ്പനികളുടെ ഇടപാടുകൾ തിരിച്ചറിഞ്ഞുവെന്നും ദ വയര്‍ പുനഃപ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. 

കഴിഞ്ഞ മാര്‍ച്ച് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ജബല്‍പൂരിലെ വിമാനത്താവള ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. 460 കോടിയോളം മുടക്കിയാണ് വിമാനത്താവളം പുനര്‍നിര്‍മ്മിച്ചത്. സംഭവത്തിൽ എയർപോർട്ട് അതോറിട്ടി അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് വിമാനത്താവളം സന്ദര്‍ശിച്ച കേന്ദ്ര വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു വ്യക്തമാക്കി. 

കനത്ത മഴയില്‍ മുങ്ങി രാജ്യതലസ്ഥാനം

ന്യൂഡല്‍ഹി: കനത്ത മഴയില്‍ മുങ്ങി രാജ്യതലസ്ഥാനം. വെള്ളക്കെട്ടിലും ഗതാഗത ക്കുരുക്കിലും വലഞ്ഞ് ജനം.
വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ 228 മില്ലീമീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 1936 ശേഷം 24 മണിക്കൂറിനുള്ളില്‍ പെയ്ത മഴയുടെ തോത് ചരിത്രത്തില്‍ തന്നെ രണ്ടാമത്തേതാണ്. 1936ല്‍ പെയ്ത 24 മണിക്കൂറില്‍ 235.5 എം എം മഴയാണ് ഇതിനു മുമ്പുള്ള ഏറ്റവും കൂടിയ മഴതോത്. ജൂണില്‍ ശരാശരി 86.6 എം എം മഴവരെയാണ് സാധാരണയായി ഡല്‍ഹിയില്‍ പെയ്യാറുള്ളതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകളില്‍ പറയുന്നു.

കനത്ത മഴ പെയ്തിറങ്ങിയതോടെ നഗരത്തിലെ പല റോഡുകളിലും വെള്ളം നിറഞ്ഞു. കൊണാട്ട് പ്ലേസില്‍ നിന്നും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിയില്‍ വെള്ളം നിറഞ്ഞ് കവിഞ്ഞതോടെ കാറുകള്‍ ഒഴികിനടക്കുന്ന അവസ്ഥയിലായിരുന്നു. റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കനത്ത മഴയെ നേരിടാനുള്ള ഡല്‍ഹിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവംകൂടി വ്യക്തമാക്കുന്നതായിരുന്നു ഗതാഗതക്കുരുക്ക്.
വസന്ത് വിഹാറില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് തൊഴിലാളികള്‍ താമസിച്ചിരുന്ന സമീപത്തെ ടെന്റിലേക്ക് പതിച്ചതോടെ തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയും ചെയ്തു.

Eng­lish Sum­ma­ry: Air­port man­age­ment com­pa­ny gave bond to BJP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.