22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

വ്യോമപാതാ വിലക്ക് ;ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ചെലവ് വര്‍ധിക്കും; യാത്രാ സമയം കൂടും

Janayugom Webdesk
ന്യൂഡല്‍ഹി
April 25, 2025 11:00 pm

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ വ്യോമപാതാ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ വിമാന കമ്പനികളുടെ ഇന്ധന ചെലവ് വര്‍ധിക്കും. വഴിതിരിച്ചുവിടുന്നതോടെ സമയദൈര്‍ഘ്യം കൂടുന്നതും എയര്‍ ഇന്ത്യ , ഇന്‍ഡിഗോ അടക്കമുള്ള കമ്പനികളുടെ ചെലവ് വര്‍ധിക്കാന്‍ ഇടവരുത്തും. എന്നാല്‍ അന്താരാഷ്ട്ര വിമാനക്കമ്പനികളെ വിലക്ക് പ്രതികൂലമായി ബാധിക്കില്ല. 

ഫ്ലെെറ്റ് റഡാര്‍ 24 ട്രാക്കിങ് വെബ്സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ന്യൂയോര്‍ക്ക്, അസര്‍ബൈജാന്‍, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടതോടെയാണ് വ്യോമാതിര്‍ത്തി വിലക്കിന്റെ ആഘാതം പുറത്തുവന്നത്. ലോകത്തിലെ ഏറ്റവും തിരക്കുള്ള ഡല്‍ഹി അന്താരാഷ്ട്ര വിമാനത്തവളമാകും വ്യോമപാതാ വിലക്കിന്റെ രൂക്ഷത ഏറെ അനുഭവിക്കേണ്ടി വരിക. ഇവിടെ നിന്നുള്ള വിമാനങ്ങള്‍ പാക് പാത ഒഴിവാക്കി പടി‍ഞ്ഞാറന്‍, മി‍ഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ വഴി മാറുന്നത് ഇന്ധന ചെലവില്‍ വര്‍ധനവ് സൃഷ്ടിക്കും. യാത്ര സമയവും അധികരിക്കും.
സിറിയം അസെന്‍ഡില്‍ നിന്നുള്ള രേഖയനുസരിച്ച് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ബജറ്റ് വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവ ഈമാസം ന്യൂഡല്‍ഹിയില്‍ നിന്ന് യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് 1,200 വിമാനങ്ങളാണ്. ന്യൂഡല്‍ഹിയില്‍ നിന്ന് മിഡ‍ില്‍ ഈസ്റ്റിലേക്കുള്ള വിമാനങ്ങള്‍ ഇനി ഒരുമണിക്കുറോളം അധികം പറക്കേണ്ട സാഹചര്യമാണ്. അധികം ദൂരം പറക്കേണ്ടതിന് അധിക ഇന്ധന കാര്‍ഗോയും ആവശ്യമായി വരുമെന്ന് പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച വ്യോമയാന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ചില സര്‍വീസുകളെ വിലക്ക് ബാധിക്കുമെന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചു. എന്നാല്‍ വടക്കേ അമേരിക്ക, യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ബദല്‍ പാത കണ്ടെത്താന്‍ ശ്രമം നടത്തിയെന്നാണ് എയര്‍ ഇന്ത്യ അറിയിക്കുന്നത്. വിലക്ക് എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര, അതി ദീര്‍ഘദൂര സര്‍വീസുകളെയാവും ഏറ്റവും പ്രതികൂലമായി ബാധിക്കുകയെന്ന് വ്യോമയാന കേന്ദ്രീകൃത വെബ്സൈറ്റായ ലൈവ് ഫ്രം അലൗഞ്ച് സ്ഥാപകന്‍ അജയ് അവ്താനി പറഞ്ഞു. റൂട്ട് മാറ്റവും അധിക ഇന്ധന ചെലവും കാരണം പ്രവര്‍ത്തന ചെലവില്‍ 30 ശതമാനം അധികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി — ബാക്കു ഇന്‍ഡിഗോ വിമാനം അഞ്ച് മണിക്കൂര്‍ 43 സെക്കന്റ് അധിക സമയമെടുത്താണ് ലാന്റ് ചെയ്തതെന്നത് പ്രശ്നത്തിന്റെ സങ്കീര്‍ണത വെളിപ്പെടുത്തുന്നു. 2019ല്‍ പകിസ്ഥാന്‍ വ്യോമപാത അഞ്ചുമാസം അടച്ചിട്ടതിന്റെ ഫലമായി എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ക്ക് 64 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.