
1957 ൽ ഐക്യ കേരള പിറവിക്ക് ശേഷം നടക്കുന്ന ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം കേരളത്തിൽ മുഴങ്ങുന്ന കാലം. അന്ന് ആലപ്പുഴ ഉൾപ്പെടുന്ന പ്രദേശത്തെ സിപിഐ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് 34 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ആയിരുന്നു. പേര് വി എസ് അച്യുതാനന്ദൻ. കമ്യൂണിസ്റ്റ് പാർട്ടികൾ രണ്ടാകുന്നതിനു മുൻപ്, ആലപ്പുഴ ജില്ല രൂപീകൃതമാകുന്നതിനു മുൻപുള്ള കാലം. ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ളതിനാൽ തെരഞ്ഞെടുപ്പിന്റെ നേതൃത്വം വി എസിനായിരുന്നു. കേരള രൂപീകരണത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ പാർട്ടി ഒരു തരത്തിലും പിന്നിലാകരുതെന്ന കർശന നിർദേശം സംസ്ഥാന സെക്രട്ടറിയായിരുന്ന എം എൻ ഗോവിന്ദൻ നായർ പാർട്ടി ഘടകങ്ങൾക്ക് നൽകി. ഇന്നത്തെ പോലെ വാഹനം ഉള്‍പ്പെടെയുള്ള സൗകര്യം ഇല്ലാത്തതിനാൽ കാൽ നടയായും സൈക്കിളിൽ സഞ്ചരിച്ചുമൊക്കെ ആയിരുന്നു നേതാക്കളുടെയും സ്ഥാനാർത്ഥികളുടെയും പ്രചാരണം.
വിഎസ് 1955ലാണ് സിപിഐ ജില്ലാ സെക്രട്ടറിയായത്. ആലപ്പുഴ നഗരം ഉൾപ്പെടെയുള്ള പ്രദേശം അന്നു കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായിരുന്ന വിഎസിന്റെ കൂടി നേതൃത്വത്തിലാണ് ജില്ലയിൽ പാർട്ടി തന്ത്രങ്ങൾ മെനഞ്ഞത്. 1957 ഫെബ്രുവരി 28ന് ആയിരുന്നു തെരഞ്ഞെടുപ്പ്. ആകെ 126 സീറ്റുകളിൽ 11 എണ്ണം പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനും സംവരണം ചെയ്തിരുന്നു. പന്ത്രണ്ടിടത്ത് രണ്ടു സാമാജികരെ വീതം തെരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് സംവിധാനം.
ഫെബ്രുവരി 28, മാർച്ച് 2, 5, 7, 9, 11 ദിവസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സിപിഐ, കോൺഗ്രസ്, പി എസ് പി, ആർ എസ് പി തുടങ്ങിയ കക്ഷികളാണു പ്രധാനമായും മത്സരിച്ചത്. ആകെ 550 പേർ നാമർദേശപത്രിക നൽകി. 114 പത്രികകൾ തള്ളി. തൊണ്ട് ചതച്ച് കുമ്മായത്തിൽ മുക്കി ചുവരെഴുതിയും കോളാമ്പിയിലൂടെ വിളിച്ചുപറഞ്ഞും വീടുകൾ കയറിയിറങ്ങിയും ചെറു കവലകളിൽ യോഗം ചേർന്നും പ്രചാരണം കൊഴുത്തു. 7,514,626 വോട്ടർമാരിൽ 5,837577 പേർ വോട്ടു ചെയ്തു. ഓരോ പാർട്ടിയുടെയും ചിഹ്നമുള്ള പെട്ടിയിലാണ് വോട്ടിടേണ്ടിയിരുന്നത്. 126 അംഗങ്ങളുള്ള നിയമസഭയിൽ സിപിഐക്കും പാർട്ടിയുടെ പിന്തുണയുള്ള സ്വതന്ത്രന്‍മാർക്കുമായി 65 സീറ്റ് ലഭിച്ചു. കോൺഗ്രസ് 43, പി എസ് പി 9, ആർ എസ് പി 0, സ്വതന്ത്രർ 14 എന്നിങ്ങനെ ആയിരുന്നു കക്ഷിനില.
വിഎസിന് ചുമതലയിലുണ്ടായിരുന്ന 11 സീറ്റുകളിൽ 9 സീറ്റുകളിൽ പാർട്ടി ജയിച്ചു. പ്രധാന നേതാക്കളായ ടി വി തോമസ്, ഗൗരിയമ്മ തുടങ്ങിയവർ മികച്ച വിജയം നേടി. ഏറ്റവും കൂടുതൽ എംഎൽഎമാരെ ജയിപ്പിച്ചതിന് ആലപ്പുഴയിലെ സിപിഐ ഘടകത്തിന് അന്നത്തെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അജയഘോഷിൽ നിന്നും സംസ്ഥാന സെക്രട്ടറി എം എൻ ഗോവിന്ദൻ നായരിൽ നിന്നും വരെ അനുമോദനം കിട്ടി. രണ്ടു വനിതകൾ വിഎസിന്റെ നേതൃത്വത്തിൽ മത്സരിച്ചു വിജയിച്ചു. കായംകുളത്ത് ഐഷാഭായിയും ചേർത്തലയിൽ ഗൗരിയമ്മയും. 9 വനിതകൾ മത്സരിച്ചതിൽ ആറുപേർ നിയമസഭയിലെത്തി. 1957 ഏപ്രില്‍ ഒന്നിനു കേരളത്തിലെ ആദ്യത്തെ സിപിഐ മന്ത്രി സഭ നിലവിൽവന്നു. 1957 ഏപ്രിൽ 5ന് ഇഎംഎസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ആദ്യ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കഴിഞ്ഞെങ്കിലും വിഎസിനു വിശ്രമമില്ലായിരുന്നു. ആലപ്പുഴ ജില്ലയുടെ രൂപീകരണത്തിനായി വലിയ ശബ്ദമുയർന്ന കാലഘട്ടമായിരുന്നു അത്. ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയതോടെ കോട്ടയം, കൊല്ലം ജില്ലകളുടെ ഭാഗങ്ങൾ ചേർത്ത് 1957 ഓഗസ്റ്റ് 17ന് എട്ടാമത്തെതായി ‘ആലപ്പി’ ജില്ല രൂപീകരിച്ചു. ആലപ്പിയെന്ന പേരുമാറി ആലപ്പുഴയാകാൻ 33 വർഷമെടുത്തു.
‘ഇന്നത്തെ ജില്ലാ കോടതി വളപ്പിലായിരുന്നു അന്ന് കലക്ടറേറ്റ്. അവിടെ തെങ്ങിൻതൈ നട്ടാണ് ജില്ലയുടെ ഉദ്ഘാടനം ഇഎംഎസ് നടത്തിയത്. തിങ്ങി നിറഞ്ഞ സദസിനു മുന്നിലായിരുന്നു ഉദ്ഘാടനം. ആ തെങ്ങ് ഇന്നും കോടതി വളപ്പിലുണ്ട്. കോടതി വിധിയെത്തുടർന്ന് 1958ൽ ദേവികുളം ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ സിപിഐ സ്ഥാനാർത്ഥി റോസമ്മ പുന്നൂസിന്റെ പ്രചാരണത്തിനു ചുക്കാൻ പിടിക്കാന്‍ പാർട്ടി നിയോഗിച്ചതും വിഎസിനെ ആയിരുന്നു. റോസമ്മ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചുകയറി. തെരഞ്ഞെടുപ്പായതിനാൽ പഞ്ചാബിൽ നടന്ന സിപിഐ പാർട്ടി കോൺഗ്രസിൽ വി എസിന് പങ്കെടുക്കാനായില്ല. എങ്കിലും വിഎസ് ദേശിയ കൗൺസിലിൽ വന്നു. അന്ന് വി എസിന് പ്രായം 35 വയസ്. പിന്നെയും ഒട്ടേറെ തെരഞ്ഞെടുപ്പ്കളെ വി എസ് മുന്നിൽ നിന്നും നയിച്ചു. ഒട്ടേറെ ചരിത്ര വിജയങ്ങളും നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.