
ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ സംരക്ഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ നീക്കം തുടങ്ങി. കേസിലെ 10 പ്രതികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ഗൗതം ബുദ്ധ നഗറിലെ അപ്പർ സെഷൻസ് കോടതിയെ സമീപിച്ചു. പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകൻ വിഷാൽ റാണയുടെ അടക്കം കേസുകളാണ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികൾക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, മനഃപ്പൂർവം ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. ഓഗസ്റ്റ് 26നാണ് കേസ് പിൻവലിക്കാനുള്ള നിർദേശം അസിസ്റ്റൻ്റ് ജില്ലാ സർക്കാർ കൗൺസലായ ഭഗ് സിങ്ങിന് സംസ്ഥാന സർക്കാർ നൽകിയത്. തുടർന്ന്, കഴിഞ്ഞ മാസം 15ന് ഭഗ് സിങ്ങ് കേസ് പിൻവലിക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചു. കേസ് പിൻവലിക്കാനുള്ള അനുമതി ഉത്തർപ്രദേശ് ഗവർണർ നൽകിയതായും അപേക്ഷയിൽ വ്യക്തമാക്കുന്നു.
2015 സെപ്റ്റംബർ 28നാണ് 52‑കാരനായ അഖ്‌ലാഖിനെ ബീഫ് കൈവശം വെച്ചെന്ന പേരിൽ ആൾക്കൂട്ടം വീട്ടിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി തല്ലിക്കൊന്നത്. അഖ്‌ലാഖ് ഒരു പശുവിനെ കൊന്നെന്നും ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചെന്നും ആരോപിച്ച് ഒരു അമ്പലത്തിൽ നിന്ന് അറിയിപ്പ് വന്നതിന് പിന്നാലെയായിരുന്നു അതിക്രമം. അഖ്‌ലാഖിനെ അടിക്കുന്നതിൽ നിന്ന് തടയാൻ ശ്രമിച്ച മകൻ ഡാനിഷിനും ക്രൂരമായി പരിക്കേറ്റിരുന്നു. വീട്ടിലുണ്ടായിരുന്ന തയ്യൽ മെഷീൻ ഉപയോഗിച്ചായിരുന്നു പ്രതികൾ ഡാനിഷിന്റെ തലയ്ക്ക് മാരകമായി പരിക്കേൽപ്പിച്ചത്. 2016 ജൂണിൽ അഖ്‌ലാഖിൻ്റെ കുടുംബത്തിനെതിരെ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് കേസെടുത്തെങ്കിലും അലഹബാദ് ഹൈക്കോടതി നടപടി തടഞ്ഞു. അഖ്‌ലാഖിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ആട്ടിറച്ചിയാണെന്ന് ഉത്തർപ്രദേശ് വെറ്ററിനറി വകുപ്പ് നടത്തിയ അന്വേഷണത്തിൽ പിന്നീട് തെളിഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.