12 February 2026, Thursday

Related news

February 3, 2026
February 2, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026

അക്ഷര വസന്തത്തിന് കൊടിയിറങ്ങി; ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കെടുത്തത് ജനലക്ഷങ്ങൾ

Janayugom Webdesk
തിരുവനന്തപുരം
January 13, 2026 8:13 pm

അനന്തപുരിക്ക് വായനയുടെ നാളുകൾ സമ്മാനിച്ച അക്ഷര വസന്തത്തിന് കൊടിയിറങ്ങി. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ
ഭാഗമായി ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കെടുത്തത് ജനലക്ഷങ്ങൾ. കെഎൽഐബിഎഫ് നാലാം പതിപ്പിന്റെ സമാപന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്‌ഘാടനം ചെയ്തു. പുസ്തകങ്ങൾ കേവലം അക്ഷരക്കൂട്ടങ്ങളല്ലെന്നും അവ ഒരാളുടെ വ്യക്തിത്വത്തെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്ന ഉത്തമ സുഹൃത്തുക്കളാണെന്നും ഗവർണർ പറഞ്ഞു. അടുത്ത തലമുറയെ കരുതലോടെ വളർത്താൻ പുസ്തകങ്ങളെ കൂട്ടുപിടിക്കണം. ഇന്നത്തെ കുട്ടികൾ മൊബൈലിലും കമ്പ്യൂട്ടറിലും മുഴുകിയിരിക്കുന്നു എന്ന് പരാതിപ്പെടുന്നതിൽ കാര്യമില്ല. അവർക്ക് പുസ്തകങ്ങൾ കൈമാറാൻ മുതിർന്നവർ വായനയെ ജീവിതത്തിന്റെ ഭാഗമാക്കി മാതൃക കാണിക്കണം. 

പുസ്തകോത്സവം എന്നത് പുസ്തകങ്ങളുടെ പ്രദർശനത്തിനപ്പുറം വായനയുടെ ഉത്സവം കൂടിയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്കാരത്തിലും രക്തത്തിലും ജനാധിപത്യമുണ്ടെന്ന് ഗവർണർ പറഞ്ഞു. ബിഹാറിലെ വൈശാലിയായാലും തമിഴ്‌നാട്ടിലെയും കേരളത്തിലെയും പുരാതന ഗ്രാമക്കൂട്ടായ്മകളായാലും നൂറ്റാണ്ടുകൾക്ക് മുൻപേ ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിച്ചവരാണ് നമ്മൾ. വിമർശനങ്ങളെ ഭയപ്പെടാത്ത ഈ തുറന്ന രീതിയാണ് നമ്മുടെ ജനാധിപത്യത്തിന്റെ സൗന്ദര്യം. ആർക്കും ആരെയും വിമർശിക്കാം, ഇഷ്ടമുള്ളത് വായിക്കാനും പറയാനും എഴുതാനുമുള്ള സ്വാതന്ത്ര്യമുണ്ട്. നിയമസഭാ അങ്കണത്തിൽ ഇത്തരമൊരു പുസ്തകോത്സവം സംഘടിപ്പിക്കുന്ന കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റ് നിയമസഭകളും പിന്തുടരണമെന്ന് അദ്ദേഹം പറഞ്ഞു. കേരള നിയമസഭയുടെ ലൈബ്രറിയെയും സ്പീക്കർ എ എൻ ഷംസീറിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെയും ഗവർണർ അഭിനന്ദിച്ചു. 

കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുന്നു എന്നതിന് തെളിവാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുവരെ ഈ പുസ്തക മേളയേ പറ്റി മനസിലാക്കാനായി എത്തുന്ന ഉദ്യോഗസ്ഥരെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ഇതിന്റെ വിജയം പൂർണമായും നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടേതാണ്. അഞ്ചാം പതിപ്പ് വരുമ്പോൾ സ്പീക്കർ സ്ഥാനത്ത് മറ്റൊരാളായിരിക്കാം, പക്ഷേ ഇതിനേക്കാൾ മനോഹരമായി അത് സംഘടിപ്പിക്കാൻ ജീവനക്കാരുടെ സംഘാടനാ മികവിനാകുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. 

വൈവിധ്യങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും അവയെ പുരോഗതിയുടെ ചാലകശക്തിയാക്കി മാറ്റണമെന്നും മുഖ്യപ്രഭാഷണം നടത്തിയ മൗറീഷ്യസ് മുൻ പ്രസിഡന്റ് ഡോ. അമീന ഗുരീബ് ഫക്കീം പറഞ്ഞു. മൗറീഷ്യസിനെപ്പോലെ തന്നെ ബഹുസ്വരതയും സാംസ്കാരിക വൈവിധ്യവുമാണ് കേരളത്തിന്റെയും കരുത്ത്. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന കേരളത്തിന്റെ നേട്ടം ലോകശ്രദ്ധ ആകർഷിക്കുന്നതാണെന്നും അവർ പറഞ്ഞു. മൗറീഷ്യസിലെ ആരോഗ്യമേഖലയിൽ കേരളത്തിൽ നിന്നുള്ളവരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു. ചടങ്ങിൽ നിയമസഭ പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങളുടെ പ്രകാശനവും കേരള നിയമസഭ മാധ്യമ അവാർഡുകളുടെ (2025) വിതരണവും ഗവർണർ നിര്‍വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ രമേശ് ചെന്നിത്തല, വി കെ പ്രശാന്ത്, നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ, മേയർ വി വി രാജേഷ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.