വയനാട് ദുരന്തബാധിതരെ ചേർത്ത് പിടിച്ച് ആലപ്പുഴ ജില്ല. രാഷ്ട്രീയ‑സാമൂഹ്യ‑സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും വിവിധ സ്ഥാപനങ്ങളും സാധാരണക്കാരും പ്രമുഖ വ്യക്തികളും കുരുന്നുകളും വയനാടിന് കൈപിടിച്ചുയര്‍ത്താന്‍ സഹായവുമായി രംഗത്തിറങ്ങി.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ സംസ്ഥാന കൗൺസിൽ നൽകുന്ന സംഭാവനയിലേക്ക് തുക സംഭരിക്കുവാൻ സിപിഐ പ്രവർത്തകർ ശനിയാഴ്ചയും ഭവന സന്ദർശനം നടത്തി. വിവിധ കേന്ദ്രങ്ങളിലെ കച്ചവട സ്ഥാപനങ്ങളും സന്ദർശിച്ചു. ഇന്നുംദുരിതാശ്വാസ നിധിയിലേക്ക് പണം സംഭരിക്കുമെന്ന് ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അറിയിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ സുരേഷ് മംഗലം പ്രദേശത്തും, മാരാരിക്കുളം മണ്ഡലം സെക്രട്ടറി ആർ ജയസിംഹൻ ആര്യാട് പടിഞ്ഞാറും അരൂർ മണ്ഡലം സെക്രട്ടറി പി എം അജിത് കുമാർ തുറവൂരും, മാവേലിക്കര മണ്ഡലം സെക്രട്ടറി എം ഡി ശ്രീകുമാർ മാങ്കാങ്കുഴിയിലും, ചാരുംമൂട് മണ്ഡലം സെക്രട്ടറി എം മുഹമദാലി നൂറനാട്ടും അമ്പലപ്പുഴ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി വാമദേവ് പറവൂരിലും നേതൃത്വം നൽകി. കിസാൻ സഭ ജില്ലാ സെക്രട്ടറി ആർ സുഖലാൽ അരീപറമ്പിലും എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എ ശോഭ ഹരിപ്പാടും, ബികെഎംയു ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ മുല്ലയ്ക്കലും നേതൃത്വം നൽകി.
ആലപ്പുഴ കളക്ട്രേറ്റിൽ വയനാടിനായി ശേഖരിച്ച അവശ്യ വസ്തുക്കളുമായുള്ള ആദ്യ ട്രക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ച ഫിനൈൽ, ബ്ലീച്ചിംഗ്പൗഡർ, തലയണ, പായ, ഭക്ഷ്യ വസ്തുക്കൾ, ബ്രഷ്, പേസ്റ്റ്, റെയിൻകോട്ട് തുടങ്ങിയവയാണ് ഇന്നലെ വയനാട്ടിലേക്ക് അയച്ചത്. ആദ്യ ലോഡിന്റെ ഫ്ലാഗ് ഓഫ് ജില്ല കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. ദുരന്ത നിവാരണ വിഭാഗം സൂപ്രണ്ട് പി രാമമൂർത്തി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ് ബിജോയ് എന്നിവർ പങ്കെടുത്തു.
മലയാളികളുടെ പ്രിയ താരങ്ങളായ ഫഹദ് ഫാസിലും നസ്രിയയും മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് 25 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ജില്ല കളക്ടർ അലക്സ് വർഗീസിന് കൈമാറി. താരങ്ങൾ അയച്ച പ്രതിനിധി പി കെ ശ്രീകുമാർ ആലപ്പുഴ കളക്റേറ്റിൽ എത്തിയാണ് കൈമാറിയത്. ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിംഗ് മാനേജ്മെന്റും ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി. ഡയറക്ടർ വി വി പവിത്രൻ, മാനേജിങ് ഡയറക്ടർ വി ആർ പ്രസാദ് എന്നിവർ എന്നിവർ വയനാട് ജനതയോടൊപ്പം നിലയുറപ്പിക്കുന്നതായുള്ള കുറിപ്പും കൈമാറി.
ഗവണ്‍മെന്റ് മുഹമ്മദൻസ് എൽ പി സ്കൂളിലെ കുരുന്നുകൾ വയനാട്ടിലെ ദുരിത ബാധിതർക്ക് കൈത്താങ്ങായി ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്കും രക്ഷാപ്രവർത്തകർക്കുമായി ആവശ്യമുള്ള സാധനങ്ങൾ ശേഖരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും രക്ഷിതാക്കളും നിരവധി അവശ്യസാധനങ്ങൾ സ്കൂൾ വഴി സ്റ്റാഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ശേഖരണ കേന്ദ്രത്തിലെത്തിക്കും. പ്രഥമാദ്ധ്യാപകൻ പി ഡി ജോഷി, സീനിയർ അദ്ധ്യാപകൻ കെ കെ ഉല്ലാസ്, ലറ്റീഷ്യ അലക്സ്, മാർട്ടിൻ പ്രിൻസ്, മുഹമ്മദ് സ്വാലിഹ് എന്നിവർ നേതൃത്വം നൽകി.
ചേർത്തല നഗരസഭയുടെ നേതൃത്വത്തില്‍ പലചരക്കുകളും പുതുവസ്ത്രങ്ങളും ചെരിപ്പുകളും ഉൾപ്പെടെ ഒരു ലോറി സാധനങ്ങള്‍ വാർഡുകളിൽ നിന്ന് സമാഹരിച്ച് കളക്ട്രേറ്റിലേക്ക് കൈമാറി, നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ വയനാട്ടിലേക്കുള്ള അവശ്യസാധനങ്ങളുമായി പുറപ്പെട്ട ലോറി ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി രഞ്ജിത്ത്, കൗൺസിലർമാരായ ബി ഭാസി, ആശാ മുകേഷ്, ഷീജ സന്തോഷ്, സുജാത, എം എ സാജു, സൂപ്രണ്ട് അജി, രജിസ്ട്രാർ സ്റ്റാലിൻ ജോസഫ്, എച്ച്ഐ ജി പ്രവീൺ, ജെഎച്ച്ഐ ജ്യോതിശ്രീ എന്നിവർ പങ്കെടുത്തു.
റെസിഡൻസ് അസോസിയേഷനുകളുടെ അപ്പക്സ് ബോഡിയായ കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ദുരന്തബാധിതർക്കായി നടപ്പിലാക്കുന്ന വയനാടിനൊരു വീട് പദ്ധതിയിലേയ്ക്കുള്ള ആദ്യ സംഭാവന സ്വീകരിച്ചു. കൈതവന കീർത്തിനഗർ, സഹൃദയ റെസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ സമാഹരിച്ച ആദ്യ ഗഡു സംഭാവന ജില്ലാ ജനറൽ സെക്രട്ടറി സൗമ്യരാജിന് കൈമാറി. കീർത്തി നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് മിനി വേണുഗോപാൽ, പ്രസിഡന്റ് ഷാജിമോൻ, സഹൃദയ സെക്രട്ടറി വിജി വേലങ്ങാട് എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാണാവള്ളി ഗ്രാമ പഞ്ചായത്ത് 18 ലക്ഷം രൂപയും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി 5 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.
കുട്ടനാട് റെസ്ക്യു ടീമിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശിക സന്നദ്ധ സംഘടനകളിൽ നിന്ന് സമാഹരിച്ച സാധനങ്ങള്‍ ദുരിത ബാധിതർക്ക് കൈമാറി. എടത്വാ ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷ്യ‑ധാന്യ കിറ്റുകൾ സമാഹരിക്കാൻ തുടങ്ങി. ലയൺസ് ക്ളബ് സോൺ ചെയർപേഴ്സൺ എം ജെ എഫ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സേവ് വയനാട് പ്രോജക്ടിന്റെ ഉദ്ഘാടനം കല്ലുപുരയ്ക്കൽ രഞ്ജു ഏബ്രഹാം ആദ്യ സംഭവന നൽകി നിർവഹിച്ചു. ക്ലബ്ബ് ചാർട്ടർ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു. സെന്റ് ജോർജ്ജ് ടൂറിസ്റ്റ് ഹോം ഡയറക് ടർ മാത്യൂ തോമസ് ചിറയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
മുൻ എം പി അഡ്വ. എ.എം ആരിഫ് തന്റെ ഒരു മാസത്തെ എംഎൽഎ പെൻഷനായി ലഭിച്ച 28000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തു. ജില്ലാ റൈഫിൾ അസോസിയേഷൻ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. റൈഫിൾ ക്ലബ്ബ് വൈസ് പ്രസിഡന്റ് ചൈത്ര തെരേസ ജോൺ ഒരു ലക്ഷം രൂപയുടെ ചെക്ക് ആലപ്പുഴ സബ് കളക്ടർ ഷമീർ കിഷന് കൈമാറി. റൈഫിൾ ക്ലബ് ജില്ലാ സെക്രട്ടറി കിരൺ മാർഷൽ, എ സി ശാന്തകുമാർ, പി മഹാദേവൻ, അവിരാ തരകൻ, ഡി കെ ഹാരിഷ്, തുടങ്ങിയവർ പങ്കെടുത്തു.
English Summary: Alappuzha holding the hands of Wayanad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.