22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

അനുരാഗ ഗാനം പോലെ ആലപ്പി അഷ്റഫ്

പി ആർ സുമേരൻ 
December 31, 2023 10:46 am

പ്രശസ്ത ചലച്ചിത്രകാരൻ ആലപ്പി അഷ്റഫ് തന്റെ പുതിയ ചിത്രമായ ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗ’ത്തിന്റെ വിശേഷങ്ങളും സിനിമാ അനുഭവങ്ങളും പങ്കുവെയ്ക്കുന്നു. 

വേഷപ്പകർച്ചകൾ ഏറെയാണ് ആലപ്പി അഷ്റഫിന്. സംവിധായകൻ, നിർമ്മാതാവ്, നടൻ, തിരക്കഥാകൃത്ത്, ഡബിങ് ആർട്ടിസ്റ്റ്, മിമിക്രി ആർട്ടിസ്റ്റ് അങ്ങനെ നീളുകയാണ് ആലപ്പി അഷ്റഫിന്റെ കലാരംഗത്തെ മേൽവിലാസങ്ങൾ. മിമിക്രി കലാരൂപം കേരളത്തിൽ ജനപ്രിയമാക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് ആലപ്പി അഷ്റഫായിരുന്നു. ഡബിങ് രംഗത്തും മികച്ച പ്രകടനം കാഴ്ച വെച്ചു. അനശ്വര നടൻ ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ശബ്ദം നല്കിയ പ്രതിഭ കൂടിയാണ് ആലപ്പി അഷ്റഫ്. നാല് പതിറ്റാണ്ട് പിന്നിടുകയാണ് ആലപ്പി അഷ്റഫിന്റെ സിനിമാ ജീവിതം. മൂന്ന് തലമുറകൾക്കൊപ്പം സിനിമയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ആലപ്പി അഷ്റഫ് പുതുമുഖങ്ങൾക്ക് സിനിമയിൽ അവസരം നല്കിയ ചിത്രം കൂടിയാണ് അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം. ചിത്രം തിയേറ്ററിലെത്തി. ആലപ്പി അഷ്റഫ് തന്റെ ചലച്ചിത്ര അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. 

അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം

1970 കളിൽ കേരളത്തിൽ നടന്ന ഒരു സംഭവത്തിന്റെ നേർസാക്ഷ്യമാണ് അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഭരണകൂട ഭീകരത താണ്ഡവമാടിയ ആ കാലത്തിന്റെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകൾ ചിത്രം സജീവമായി തന്നെ ചർച്ച ചെയ്യുന്നുണ്ട്. പക്ഷേ ആ കാലം മാത്രമല്ല ചിത്രത്തിന്റെ പ്രമേയം. വളരെ തീവ്രമായ ഒരു അനുരാഗമാണ് ചിത്രം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. പോയകാലത്തിന്റെ സമൃദ്ധിയും സൗന്ദര്യവും ഈ ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. ഒരു പക്ഷേ പുതിയ തലമുറയ്ക്ക് അത്ഭുതം തോന്നുന്ന എഴുപതുകളിലെ കേരളമാണ് ചിത്രത്തിൽ ചിത്രീകരിച്ചിട്ടുള്ളത്. പോയകാലത്തിലേക്കുള്ളൊരു യാത്ര കൂടി സിനിമ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നു. ദീർഘകാലത്തെ പഠനത്തിനും ഏറെ പരിശ്രമത്തിനും ശേഷമാണ് ഇങ്ങനെയൊരു സിനിമ ഞാൻ ഒരുക്കുന്നത്. പഴയ കേരളത്തിന്റെ ഭൂപ്രകൃതിയും അക്കാലത്തെ നമ്മുടെ നാട്ടുകാരുടെ വേഷഭൂഷാദികളുമൊക്കെ ചിത്രം തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ഏറെ പുതുമയുള്ള പ്രമേയവും വ്യത്യസ്തമായ അവതരണവുമാണ് അടിയന്തിരാവസ്ഥക്കാലം പറയുന്നത്. ആലപ്പി അഷ്റഫ് ചൂണ്ടിക്കാണിക്കുന്നു. 

മിമിക്രി

വിദ്യാഭ്യാസകാലത്തുതന്നെ മിമിക്രി ഞാൻ ചെയ്തിരുന്നു ആലപ്പുഴ എസ് ഡി കോളജിലായിരുന്നു വിദ്യാഭ്യാസം. ഫാസിൽ, നെടുമുടിവേണു തുടങ്ങിയ പ്രഗത്ഭമതികളായിരുന്നു എന്റെ സഹപാഠികൾ. കോളജിൽ വച്ച് മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് ഞാൻ അനുകരണ രംഗത്തേയ്ക്ക് കടക്കുന്നത്. മൃഗങ്ങളെയും പക്ഷികളെയും അനുകരിയ്ക്കുന്നതിനുപകരം സിനിമാതാരങ്ങളെയും രാഷ്ട്രീയക്കാരെയും അനുകരിച്ചുകൊണ്ടാണ് ഞാൻ ആ രംഗത്ത് പ്രശസ്തനായത്. കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രി ആദ്യമായി ഉൾപ്പെടുത്തിയപ്പോൾ അതിൽ ഒന്നാം സ്ഥാനം കിട്ടിയത് എനിക്കായിരുന്നു. അത് ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ആകാശവാണിയിലൂടെ എന്രെ സമ്മാനാർഹമായ പ്രോഗ്രാം പ്രക്ഷേപണം ചെയ്തത് അദ്ദേഹത്തെ കേരളം മുഴുവൻ അറിയപ്പെടുന്നവനാക്കി. തുടർന്ന് ധാരാളം മിമിക്രി പ്രോഗ്രാമുകൾ ലഭിയ്ക്കാൻ തുടങ്ങി. മിമിക്സ് പരേഡ് എന്ന കലാരുപത്തിന്റെ ഉപജ്ഞ്യാതാക്കളിൽ ഒരാളാണ് ഞാൻ മാറി

ആദ്യ സിനിമ

ധർമ്മക്ഷേത്രേ കുരുക്ഷേത്രേ‘എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിയ്ക്കുന്നത്. വളരെ ചെറിയ ഒരു വേഷമായിരുന്നു അത്. പിന്നീട് ദ്വീപ് എന്ന ചിത്രത്തിലും ഒരു ചെറിയവേഷം ചെയ്തു. ചൂള എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി ഡബ്ബ് ചെയ്യുന്നത്. ചൂളയിലെ നായകനായ പി ജെ ആന്റണി ഡബ്ബിംഗിനു മുൻപ് അപ്രതീക്ഷിതമായി മരിച്ചതിനാൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിനുവേണ്ടി ശബ്ദം കൊടുക്കുവാനുള്ള ഭാഗ്യം ലഭിച്ചു. അതിനുശേഷം ജയനുവേണ്ടിയാണ് ശബ്ദംകൊടുത്തത്. ജയന്റെ മരണത്തെത്തുടർന്ന് നാലു സിനിമകളായിരുന്നു ഡബ്ബ് ചെയ്യാതെ മുടങ്ങിക്കിടന്നിരുന്നത്. അതിൽ മനുഷ്യമൃഗം എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി ശബ്ദംകൊടുത്തത്. അതിനുശേഷം കോളിളക്കം, ആക്രമണം, അറിയപ്പെടാത്ത രഹസ്യം, സഞ്ചാരി എന്നീ സിനിമകളിലും ജയനു വേണ്ടി ശബ്ദം കൊടുത്തു. ഒരു നായക നടൻ മരിച്ചതിനു ശേഷം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിനു ശബ്ദം കൊടുക്കുന്ന കേരളത്തിലെ ആദ്യത്തെ ഡബിങ് ആർട്ടിസ്റ്റ് എന്ന ബഹുമതി എനിക്ക് അതോടെ ലഭിച്ചു. രജനീകാന്ത് നായകനായി നാലു ഭാഷകളിൽ എടുത്ത ഗർജ്ജനം എന്ന സിനിമയിൽ രജനീകാന്തിനു വേണ്ടി മലയാളത്തിൽ ശബ്ദം കൊടുത്തത് ഞാനായിരുന്നു. സംവിധായകനാകുന്നത്, 1983 ‑ൽ പ്രേംനസീർ, മമ്മൂട്ടി എന്നിവർ നായകന്മാരായ ഒരു മാടപ്രാവിന്റെ കഥ എന്ന സിനിമയിലൂടെയാണ്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എല്ലാം ഞാൻ തന്നെയായിരുന്നു. തുടർന്ന് പതിനൊന്ന് സിനിമകൾ സംവിധാനം ചെയ്തു. ഇരുപത്തിഅഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആറോളം സിനിമകളിൽ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു. പാറ, ഒരു മുത്തശ്ശിക്കഥ, മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം, ഇൻ ഹരിഹർ നഗർ, അണുകുടുംബം ഡോട്ട് കോം. എന്നീ സിനിമകളുടെ നിർമ്മിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.