1 January 2025, Wednesday
KSFE Galaxy Chits Banner 2

അലിഗഢ് മുസ്ലിം സര്‍വകലാശാല; ന്യൂനപക്ഷ പദവി തുടരും

Janayugom Webdesk
ന്യൂഡല്‍ഹി
November 8, 2024 11:00 pm

അലിഗഢ് മുസ്ലിം സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. ന്യൂനപക്ഷ സ്ഥാപനമല്ലെന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ 1967ലെ മുന്‍ ഉത്തരവ് ഏഴംഗ ബെഞ്ച് റദ്ദാക്കി. സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലിലാണ് വിധി. ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ ഭിന്നവിധിയും പുറപ്പെടുവിച്ചു.
ഭരണഘടനാ അനുച്ഛേദം 30 പ്രകാരം സ്ഥാപനം ന്യൂനപക്ഷ പദവിക്ക് അര്‍ഹമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു സ്ഥാപനം ന്യൂനപക്ഷ പദവിക്ക് അര്‍ഹമാകാന്‍ അത് സ്ഥാപിച്ചത് ന്യൂനപക്ഷമായാല്‍ മതിയെന്നും ഉത്തരവില്‍ വ്യക്തമാക്കി. പാര്‍ലമെന്റോ നിയമസഭകളോ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതമായ സര്‍വകലാശാലകള്‍ക്ക് ന്യൂനപക്ഷ സ്ഥാപനം എന്ന പദവി നല്‍കാനാകില്ലെന്ന 1967ലെ എസ് അസീസ് ബാഷ കേസിലെ വിധിയാണ് അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം അസാധുവായത്. ന്യൂനപക്ഷ സ്ഥാപനമാകണമെങ്കില്‍ അത് ന്യൂനപക്ഷ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും ന്യൂനപക്ഷ അംഗങ്ങള്‍ ഭരിക്കേണ്ടതില്ലെന്നും വിധിയില്‍ പറയുന്നു. 

ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പ് സ്ഥാപിതമായതിനാല്‍ ന്യൂനപക്ഷ പദവി നല്‍കരുതെന്ന കേന്ദ്രവാദം സുപ്രീം കോടതി തള്ളി. ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പ് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആര്‍ട്ടിക്കിള്‍ 30 ബാധകമാകുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 1981ല്‍ കൊണ്ടുവന്ന അലിഗഢ് നിയമ ഭേദഗതി നിലനില്‍ക്കുവോളം കേന്ദ്ര സര്‍ക്കാരിന് സ്വന്തം പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് ജനുവരിയില്‍ വാദം കേള്‍ക്കുമ്പോള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
നിലവിൽ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി വിഷയത്തിലുള്ള നിയമപ്രശ്നങ്ങൾ മാത്രമാണ് ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. അലിഗഢ് മുസ്ലിം സര്‍വകലാശാല സ്ഥാപിച്ചത് ന്യൂനപക്ഷമാണോ അല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കും. ഈ വിഷയത്തിലെ വസ്തുതാനിര്‍ണയം പുതിയ ബെഞ്ച് നടത്തും. അതുവരെ പദവി തുടരുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എഴുതിയ ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി. 

TOP NEWS

January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.