17 January 2026, Saturday

Related news

January 1, 2026
December 19, 2025
December 11, 2025
November 24, 2025
November 19, 2025
November 15, 2025
November 12, 2025
October 24, 2025
October 20, 2025
October 13, 2025

സർവകക്ഷി യോഗം: കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനങ്ങൾ

Janayugom Webdesk
April 26, 2025 5:00 am

ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഓരോ നിമിഷത്തിലും രാജ്യമാകെ ആവർത്തിച്ചുകൊണ്ടിരിക്കെയാണ് വ്യാഴാഴ്ച സർവകക്ഷി യോഗം ചേർന്നത്. അത് എല്ലാവരും പ്രതീക്ഷിച്ചതുമായിരുന്നു. കാരണം അത്രമേൽ ഗുരുതരമായ മാനസികാവസ്ഥയിലാണ് പഹൽഗാം ഭീകര കൂട്ടക്കൊലയ്ക്കുശേഷം രാജ്യം എത്തിനിൽക്കുന്നത്. എല്ലാവരെയും കൂട്ടിയോജിപ്പിക്കുക എന്ന ദൗത്യം പൂർണമാകണമെങ്കിൽ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയകക്ഷികളെയും ഒരുമിച്ചിരുത്തുകയും വസ്തുതകൾ വിവരിക്കുകയും അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യുക, അതിന്റെ അടിസ്ഥാനത്തിൽ രഹസ്യസ്വഭാവമില്ലാത്ത വിഷയങ്ങളിൽ പൊതുധാരണയുണ്ടാക്കുക, അല്ലാത്തവയിൽ അവരുടെ വിശ്വാസമാർജിച്ച് യുക്തമായ നടപടികൾ കൈക്കൊള്ളുക എന്നിവയാണ് ജനാധിപത്യ സംവിധാനത്തിലെ സർക്കാരിൽ നിന്നുണ്ടാകേണ്ടത്. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നുണ്ടായ കൂട്ടക്കൊലയ്ക്കുശേഷം എല്ലാ രാഷ്ട്രീയകക്ഷികളും സർക്കാരിന്റെ നടപടികൾക്ക് പൂർണപിന്തുണ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ സർവകക്ഷി യോഗത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് രാഷ്ട്രീയമായി പറഞ്ഞാൽ തികച്ചും അവിവേകം നിറഞ്ഞതും നിഷേധാത്മകവുമായ സമീപനങ്ങളായിരുന്നു. ഏറ്റവും പ്രധാനം സുപ്രധാനമായ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തില്ല എന്നതുതന്നെയാണ്. 

പഹൽഗാം സംഭവം നടക്കുന്ന വേളയിൽ സൗദി അറേബ്യ സന്ദർശനത്തിലായിരുന്ന അദ്ദേഹം പരിപാടി വെട്ടിച്ചുരുക്കിയാണ് ഇന്ത്യയിൽ തിരികെയെത്തിയത്. ഇക്കാര്യം മടിത്തട്ട് മാധ്യമ (ഗോദി മീഡിയ) ങ്ങൾ വലിയ തോതിൽ ആഘോഷിക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസത്തെ അദ്ദേഹത്തിന്റെ ഉത്തർപ്രദേശ് പരിപാടികൾ റദ്ദാക്കിയെന്ന വിളംബരവും പുറത്തുവിടുകയുണ്ടായി. തിരിച്ചെത്തിയ അദ്ദേഹം ഡൽഹിയിൽ രണ്ടാംദിനം (ബുധനാഴ്ച) വൈകിട്ട് നടന്ന ഉന്നതതലയോഗത്തിൽ പങ്കെടുത്തിരുന്നു. പാകിസ്ഥാനെതിരായ നയതന്ത്ര നടപടികൾ തീരുമാനിച്ച ഈ യോഗത്തിലാണ് അടുത്തദിവസം വൈകിട്ട് സർവകക്ഷി സമ്മേളനം വിളിക്കണമെന്ന് ധാരണയായത്. എന്നാൽ ഉത്തർപ്രദേശ് സന്ദർശനം റദ്ദാക്കിയെന്നറിയിച്ച പ്രധാനമന്ത്രി അതേദിവസം സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതെ ബിഹാറിൽ പൊതുപരിപാടിക്കെത്തുകയായിരുന്നു. ഇത്രയും സുപ്രധാനമായ യോഗത്തിന് നിൽക്കാതെ ബിഹാറിലേ‌ക്ക് പോയ അദ്ദേഹത്തിന്റെ ദുഷ്ടലാക്ക് വ്യക്തമാണ്. കാരണം ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ബിഹാർ. ഭീകരരെ ഏതറ്റം വരെ ചെന്നും ഉന്മൂലനം ചെയ്യുമെന്ന പ്രഖ്യാപനം അവിടെത്തന്നെ വേണമെന്ന അദ്ദേഹത്തിന്റെ ചിന്ത, സങ്കുചിത മനോഭാവവും രാഷ്ട്രീയ ലാഭേച്ഛയുമുള്ള തരംതാണ രാഷ്ട്രീയക്കാരനെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇതുവരെ ചെയ്തതുപോലെ പഹൽഗാമിനെയും അവിടെ നടന്ന ഭീകരാക്രമണത്തെയും 26 പേരുടെ ജീവഹാനിയെയും 

തങ്ങളുടെ രാഷ്ട്രീയ അജണ്ടയായി അടുത്ത തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുമെന്ന വ്യക്തമായ സൂചനയും ഇതിലൂടെ വെളിപ്പെടുകയാണ്.
എല്ലാവരെയും വിശ്വാസത്തിലെടുത്തായിരിക്കണം തുടർനടപടികളെന്ന് ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും സംഭവം നടന്ന ദിനം തന്നെ തങ്ങളുടെ പ്രതികരണങ്ങളിൽ വ്യക്തമാക്കിയിരുന്നു. അതിൽ പ്രമുഖ കക്ഷികളെല്ലാം ഒരുപോലെ നിർദേശിച്ചതായിരുന്നു കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെകൂടി ബന്ധപ്പെടുത്തി, എല്ലാവരുമായും കൂടിയാലോചിച്ചാവണം തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് എന്നത്. ജനങ്ങളിൽ ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ വേണമെന്നും നിർദേശമുണ്ടായി. എന്നാൽ സാങ്കേതിക കാരണം നിരത്തി അവിടെയുള്ള സർക്കാരിന്റെ പാർട്ടി പ്രതിനിധികളെ സർവകക്ഷി യോഗത്തിൽ പങ്കെടുപ്പിക്കുന്നതിന് കേന്ദ്രം സന്നദ്ധമായില്ല. എന്നുമാത്രമല്ല പങ്കെടുത്ത കക്ഷിനേതാക്കളുടെ സംശയങ്ങൾ ദൂരീകരിക്കുകയോ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുകയോ ഉണ്ടായില്ലെന്ന് ചില നേതാക്കൾ യോഗാനന്തരം മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ചോദ്യങ്ങളും നിര്‍ദേശങ്ങളും കുറിച്ചെടുത്ത ഉത്തരവാദപ്പെട്ടവർ പിന്നീട് വ്യക്തത വരുത്താമെന്ന് പറഞ്ഞതായും അവർ അറിയിക്കുകയുണ്ടായി. ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്നത് നിരന്തര ചോദ്യങ്ങൾക്കുശേഷം പറയേണ്ടിവരികയായിരുന്നുവെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ട നടപടികൾക്ക് വ്യക്തമായ തീർപ്പ് നൽകുന്നതിനും സർക്കാർ സന്നദ്ധമായില്ല. പഹൽഗാം സംഭവത്തിന്റെ പേരിൽ ഭിന്നിപ്പ് സൃഷ്ടിക്കുവാനും വിദ്വേഷം പ്രചരിപ്പിക്കുവാനും നടക്കുന്ന ശ്രമങ്ങൾ യോഗത്തിൽ ഉന്നയിച്ചുവെങ്കിലും ഗൗരവത്തോടെ അത് ശ്രവിക്കുന്നതിന് തയ്യാറായില്ലെന്ന ആക്ഷേപവും ഉന്നയിക്കപ്പെടുകയുണ്ടായി. സർവകക്ഷി യോഗം നടത്തിയെ‌ന്ന് വരുത്തുകയായിരുന്നു കേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്ന സംശയമാണ് ഇതെല്ലാം സൃഷ്ടിക്കുന്നത്. രാജ്യം അതീവ ഗുരുതരമായൊരു ദശാസന്ധിയിൽ നിൽക്കുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം സമീപനങ്ങളുണ്ടാകുന്നത് നിരാശപ്പെടുത്തുന്നതും ഒപ്പം സംശയം ജനിപ്പിക്കുന്നതുമാണ്. കേന്ദ്രത്തിന്റെ സങ്കുചിതവും അനുചിതവും വിവേകരഹിതവുമായ ഇത്തരം സമീപനങ്ങൾ ഉപേക്ഷിക്കേണ്ട സമയമാണിത്. 

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.