22 January 2026, Thursday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 12, 2026
January 8, 2026
January 7, 2026
January 6, 2026
January 4, 2026

വഴികളെല്ലാം ആലപ്പുഴ കടപ്പുറത്തേക്ക്; വിപ്ലവ സൂര്യന് യാത്രാമൊഴിയുമായി പതിനായിരങ്ങൾ

Janayugom Webdesk
ആലപ്പുഴ
July 23, 2025 9:14 pm

എല്ലാം വഴികളും ആലപ്പുഴ കടപ്പുറത്തേക്ക് ആയിരുന്നു. കോരിച്ചൊരിയുന്ന മഴയ്ക്കും മീതെ ഇന്ന് കടപ്പുറത്തെ റിക്രിയേഷൻ മൈതാനിയിൽ മുഴങ്ങിയത് വിഎസിന് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ. ആലപ്പുഴയുടെ മണ്ണിൽ നിന്ന് വളർന്ന ആ പോരാളിക്ക് ജനിച്ച മണ്ണ് നൽകിയത് വീരോചിതമായ യാത്രയയപ്പ്. തോരാമഴയത്തും ആവേശം ചോരാതെ ജനം ഒഴുകിയെത്തിയപ്പോൾ സമര സ്മരണകളുടെ കടലിരമ്പി ആലപ്പുഴ കടപ്പുറം. അധ്വാനിക്കുന്നവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും സമരപഥങ്ങളിൽ നൂറ്റാണ്ടോളം തോളുരുമ്മി നിന്ന് നെടുനായകത്വം വഹിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ ആലപ്പുഴ കടപ്പുറത്തേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. 

വൈകിട്ട് ആറ് മണിയോടെയാണ് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലെത്തിയത്. തുടർന്ന് പൊലീസ് ദേശീയ പതാക പുതപ്പിച്ച ശേഷം ഗാർഡ് ഓഫ് ഓണർ നൽകി. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് നാല് വരിയായി പൊതുദർശനത്തിന് സൗകര്യമൊരുക്കി. എട്ട് മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ വി എസിനെ ഒരു നോക്ക് കാണാനായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയവർ മുദ്രാവാക്യങ്ങളോടെ വി എസിന് യാത്രാമൊഴി നൽകി.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ , സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻ കുട്ടി,വീണ ജോർജ്, വി എൻ വാസവൻ, എം ബി രാജേഷ്, ഡോ. ആർ ബിന്ദു, പി രാജീവ്, കെ എൻ ബാലഗോപാൽ, പി എ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി കെ ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിനായി പ്രത്യേകം സജ്ജമാക്കിയ പന്തലിന് പുറത്ത് അതിരാവിലെ തന്നെ ജനങ്ങളുടെ നീണ്ട നിരയെത്തിയിരുന്നു. മണിക്കൂറുകളോളം കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് കാത്തിരുന്നാണ് മുൻ മുഖ്യമന്ത്രിയും പ്രിയ നായകനുമായ വി എസിനെ അവസാനമായി ഒരു നോക്കുകാണാൻ പതിനായിരങ്ങളെത്തിയത്. 2000 പേർക്കിരിക്കാവുന്ന ജർമ്മൻ ഹംഗറിലുള്ള പന്തലും വിപുലമായ പൊതുദർശന സജ്ജീകരണങ്ങളും ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. എ ഡി എം ആശ സി എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ അന്ത്യോപചാര ചടങ്ങളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.