26 December 2025, Friday

Related news

December 20, 2025
September 23, 2025
May 2, 2025
April 23, 2025
April 1, 2025
March 30, 2025
July 8, 2024
March 23, 2024
March 20, 2024
March 19, 2024

ജൂണിലെ ചൂട് സര്‍വകാല റെക്കോഡ്

Janayugom Webdesk
ബെര്‍ലിന്‍
July 8, 2024 10:44 pm

ജൂണ്‍ മാസത്തിലും അനുഭവപ്പെട്ടത് റെക്കോഡ് ചൂട്. കഴിഞ്ഞ മാസം അഞ്ച് ഭൂഖണ്ഡങ്ങളിലായി കോടിക്കണക്കിന് ആളുകള്‍ ഉഷ്ണതരംഗത്തിന്റെ ഭവിഷ്യത്ത് അനുഭവിച്ചതായി യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ ഏജന്‍സിയായ കോപ്പര്‍നിക്കസ് ക്ലൈമറ്റ്ചേഞ്ച് സര്‍വീസ് (സി3എസ്) റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലുള്ള എല്ലാ മാസവും അന്തരീക്ഷ താപനില പുതിയ റെക്കോഡ് സൃഷ്ടിക്കുകയായിരുന്നു. തുടര്‍ച്ചയായ 12-ാമത്തെ മാസവും ആഗോളതാപനില 1.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയതായും സി3എസ് ഗവേഷകര്‍ പറയുന്നു. ലോകത്തെ സമുദ്രോപരിതല താപനിലയിലും കഴിഞ്ഞ മാസം വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതിന് പുറമെ പല രാജ്യങ്ങളിലും കടുത്ത പ്രളയവും കാറ്റും അനുഭവപ്പെട്ടിരുന്നു.
ലോക ജനസംഖ്യയുടെ 60 ശതമാനവും കഴിഞ്ഞ മാസം ഉഷ്ണതരംഗത്തിന്റെ ദുരിതങ്ങള്‍ അനുഭവിച്ചതായി യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷകരുടെ സംഘടനയായ ക്ലൈമറ്റ് സെന്‍ട്രല്‍ അഭിപ്രായപ്പെട്ടിരുന്നു. ജൂണ്‍ 16 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ഇതിന്റെ കാഠിന്യം മൂന്നിരട്ടി വര്‍ധിച്ചതായും ഇവര്‍ പറയുന്നു. 

ഇന്ത്യയിലെ 61.9 കോടി ജനങ്ങള്‍ കഴിഞ്ഞ മാസത്തെ ഉഷ്ണതരംഗം അനുഭവിക്കേണ്ടിവന്നതായും പഠനത്തിലുണ്ട്. ചൈന (57.9 കോടി), ഇന്തോനേഷ്യ (23.1 കോടി), നൈജീരിയ (20.6), ബ്രസീല്‍ (17.6 കോടി), യുഎസ് (16.5 കോടി) ജനങ്ങളും ദുരന്തമനുഭവിച്ചുവെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് രാജ്യത്ത് 1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂണ്‍. കഠിനമേറിയതും ദൈര്‍ഘ്യമേറിയതുമായ ഉഷ്ണതരംഗങ്ങളാണ് രാജ്യത്തുണ്ടായത്. 40,000 സൂര്യാഘാത സംഭവങ്ങളും നൂറോളം മരണങ്ങളും ഇക്കാലയളവിലുണ്ടായി. കുടിവെള്ള, വൈദ്യുതി വിതരണം പോലും പ്രതിസന്ധിയിലായി. 11 സംസ്ഥാനങ്ങളില്‍ 20 മുതല്‍ 38 ഉഷ്ണതരംഗങ്ങള്‍ പ്രതിദിനമുണ്ടായെന്നാണ് കണക്കാക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലുള്ളതിനെക്കാള്‍ നാലിരട്ടിയാണിതെന്നും കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജസ്ഥാന്റെ ചില പ്രദേശങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. പലയിടങ്ങളിലും രാത്രികാല താപനില 35 ഡിഗ്രി കടന്നതായും പഠനം വ്യക്തമാക്കുന്നു. 

ഈ മാസം മഴ തകര്‍ക്കും

ന്യൂഡല്‍ഹി: രാജ്യത്ത് വരും ദിവസങ്ങളില്‍ മണ്‍സൂണ്‍ സാധാരണനിലയിലേക്കെന്ന് പ്രവചനം. ഈ മാസം മൂന്നോടെ പ്രതിവാര മഴ ദീര്‍ഘകാല ശരാശരിയേക്കാള്‍ 32 ശതമാനം കൂടിയെന്ന് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് നടത്തിയ പഠനം പറയുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നല്ല രീതിയില്‍ മഴ ലഭിച്ചു. കൊടും വരള്‍ച്ചയിലാണ്ട ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും മണ്‍സൂണിന്റെ വരവോടെ ശാപമോക്ഷം ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്രാവശ്യം ഖാരിഫ് വിളകള്‍ കൃഷിചെയ്യാന്‍ അനുകൂലമായ കാലാവസ്ഥയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ വര്‍ഷം വളരെ വൈകിയായിരുന്നു ഖാരിഫ് വിളകള്‍ കൃഷി ചെയ്തിരുന്നത്. ഈവര്‍ഷം 24.1 ദശലക്ഷം ഹെക്ടര്‍ ഭൂമിയില്‍ കൃഷിയിറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 33 ശതമാനം കൂടുതല്‍. പയറുവര്‍ഗങ്ങളും എണ്ണക്കുരുക്കളും കൂടുതലായി കൃഷിചെയ്യാന്‍ ആരംഭിച്ചത് കൃഷിഭൂമിയുടെ വിസ്തീര്‍ണം വര്‍ധിപ്പിച്ചു. കരിമ്പ്, പരുത്തി കൃഷികളില്‍ ഗണ്യമായ വര്‍ധന ഉണ്ടായി. ഈ മാസം പകുതിയോടെ 80 ശതമാനം വിത്ത് വിതയ്ക്കല്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍. 

Eng­lish Sum­ma­ry: All-time June heat record

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.