23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 26, 2024
October 15, 2024
October 7, 2024
September 22, 2024
September 4, 2024
August 14, 2024
August 7, 2024
July 3, 2024
June 25, 2024

മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ സർവകാല റെക്കോഡ്

ജെനീഷ് അഞ്ചുമന
April 18, 2023 10:54 pm

കഴിഞ്ഞവർഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ സർവകാല റെക്കോഡ്. 2021നെ അപേക്ഷിച്ച് 467.59 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുകൾ കേരളത്തിൽ ഭയാനകമായ രീതിയിൽ പിടിമുറുക്കിയിട്ടുണ്ടെന്നതാണ് കേസുകളിലുണ്ടായ വർധനവ് സൂചിപ്പിക്കുന്നത്. അഞ്ചുവർഷത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകളിൽ 287 എണ്ണത്തിലെ പ്രതികൾ 21വയസിൽ താഴെ മാത്രം പ്രായമുള്ളവരാണെന്നാണ് ജനുവരിയിൽ എക്സൈസ് വകുപ്പ് നിയമസഭയിൽ നൽകിയ കണക്കുകളിലുള്ളത്. 

നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻഡിപിഎസ്) പ്രകാരം പൊലീസ് 26,629 കേസുകളും എക്സൈസ് 6,116 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. 2021ൽ ഇത് യഥാക്രമം 5,695ഉം 3,922ഉം കേസുകൾ മാത്രമായിരുന്നു. 2016 മുതൽ 2022 വരെ എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റിലായവരുടെ എണ്ണത്തിൽ 87.47 ശതമാനം വർധനയുണ്ടായതായി എക്സൈസ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
പരിശോധനകളുടെ കാര്യത്തിൽ കാര്യമായ വർധനവ് ഉണ്ടായിട്ടില്ലെങ്കിലും 2016 മുതൽ 2022 വരെയുള്ള കാലയളവിൽ കേസുകളുടെ എണ്ണത്തിൽ 104 ശതമാനമാണ് വളർച്ച. ഈ വർഷം ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 2656 എൻഡിപിഎസ് കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 

പരിശോധനകളിൽ പിടിച്ചെടുത്തവയിൽ ഏറ്റവും കൂടുതൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയാണ്. 2016ൽ എംഡിഎംഎ എന്ന വസ്തു പേരിന് പോലും എക്സൈസ് പിടികൂടിയിട്ടില്ല. 2017 മുതൽ അളവ് ക്രമാനുഗതമായി വർധിക്കുകയാണുണ്ടായത്. 2017ൽ 107.63 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. തൊട്ടടുത്ത വർഷം അത് 31,148 ഗ്രാമായി ഉയർന്നു. 2019ൽ പിടിച്ചെടുത്തത് 230 ഗ്രാം മാത്രമായിരുന്നത് 2020 ആയപ്പോഴേക്കും 564 ഗ്രാമായും 2021ൽ 6,130. 5 ഗ്രാമായും വർധിച്ചു. 2022ലെ കണക്കുകളിൽ എക്കാലത്തെയും ഉയർന്ന കണക്കായ 7775.425 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. 

എക്സൈസ് വകുപ്പ് സർവേ

മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരോ അല്ലെങ്കിൽ സംസ്ഥാനത്തെ ഡി അഡിക്ഷൻ സെന്ററുകളിൽ കൗൺസലിങ്ങോ ചികിത്സയോ തേടിയ 19 വയസിൽ താഴെയുള്ള 600 പേർക്കിടയിൽ നടത്തിയ സർവേയിൽ പുകവലിയിലൂടെയാണ് മിക്കവരും കഞ്ചാവ് ഉപയോഗിക്കുന്ന ശീലം ആരംഭിച്ചതെന്ന് വ്യക്തമായി.
സർവേയിൽ പങ്കെടുത്ത 46 ശതമാനം കൗമാരക്കാരും ദിവസത്തിൽ ഒന്നിലധികം തവണ മയക്കുമരുന്ന് ഉപയോഗിക്കുന്നവരായിരുന്നു. പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകളിൽ 70 ശതമാനം പേരും 10നും 15നും ഇടയിൽ ആദ്യമായി കഞ്ചാവ് ഉപയോഗിച്ചതായി പറഞ്ഞു. 20 ശതമാനം പേർ 15നും 19 നും ഇടയിലും ഒമ്പത് ശതമാനം പേർ 10 വയസിന് മുമ്പും ആദ്യമായി മയക്കുമരുന്ന് ഉപയോഗിച്ചവരാണ്.
സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും 20നും 25നും ഇടയിൽ പ്രായമുള്ളവരാണെന്നും സർവേയിലൂടെ കണ്ടെത്തി. 

Eng­lish Sum­ma­ry: All-time record in num­ber of drug cases

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.