23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

സെബി അധ്യക്ഷയ്ക്കെതിരെ വീണ്ടും ആരോപണം;മാധബിക്ക് ഇരട്ടശമ്പളം

ഐസിഐസിഐയിൽ നിന്ന് കോടികൾ കൈപ്പറ്റി 
Janayugom Webdesk
ന്യൂഡൽഹി
September 2, 2024 9:34 pm

സെബി ചെയർപേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരെ വീണ്ടും ആരോപണം. സെബിയുടെ മുഴുസമയ അംഗമായ ശേഷവും അതുവരെ ജോലി ചെയ്ത ഐസിഐസിഐ ബാങ്കില്‍ നിന്ന് 16.80 കോടി രൂപ ശമ്പളമായി വാങ്ങിയെന്നാണ് പുതിയ ആരോപണം.
2017 ഏപ്രില്‍ അഞ്ചു മുതല്‍ 2021 ഒക്‌ടോബര്‍ നാലു വരെ സെബിയുടെ മുഴുസമയ അംഗമായി മാധബി പ്രവര്‍ത്തിച്ചു. 2022 മാര്‍ച്ച് രണ്ടിന് സെബി ചെയര്‍പേഴ്‌സണായി. സെബിയുടെ മുഴുസമയ അംഗമായിരുന്ന സമയത്ത് ഐസിഐസിഐ ബാങ്കില്‍ നിന്ന് ക്രമമായി ശമ്പളം വാങ്ങി. 2017 മുതൽ 2024 വരെ 16.80 കോടിയാണ് മാധബി ബുച്ച് ഐസിഐസിഐയിൽ നിന്ന് ശമ്പളമായി കൈപ്പറ്റിയിരിക്കുന്നത്. ഇതേസമയം സെബിയിൽ നിന്ന് മൂന്നു കോടി 30 ലക്ഷം രൂപയും ശമ്പള ഇനത്തിൽ കൈപ്പറ്റിയതായി കോണ്‍ഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. 

ബുച്ച് ഇത്തരത്തിൽ ഇരട്ടശമ്പളം വാങ്ങുന്ന കാലയളവിൽ ഐസിഐസിഐ ബാങ്കിന് നേരെയുള്ള പല അന്വേഷണങ്ങളും വഴിതിരിക്കപ്പെട്ടിരുന്നുവെന്നും ഖേര ആരോപിച്ചു. വിഷയത്തില്‍ മാധബി ബുച്ച് പ്രതികരിച്ചിട്ടില്ല.മാധബി ബുച്ചിനെതിരെ ഗുരുതര ആരോപണങ്ങൾ നേരത്തെ അമേരിക്കൻ ധനകാര്യ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ടിരുന്നു. അഡാനി ഗ്രൂപ്പും മാധബി ബുച്ചും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇതിനാലാണ് ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളിൽ സുപ്രീം കോടതി ഉത്തരവിട്ട അന്വേഷണം സെബി പൂർത്തിയാക്കാത്തതെന്നുമാണ് വെളിപ്പെടുത്തൽ. അഡാനിയുടെ ഷെൽ കമ്പനികളില്‍ മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്നും ഹിൻഡൻബർഗ് തെളിവുകള്‍ പുറത്തുവിട്ടിരുന്നു. ഒന്നര വർഷമായിട്ടും അഡാനിക്കെതിരായ ഹിൻഡൻബർ​ഗ് റിപ്പോർ‌ട്ടിൽ സെബി അന്വേഷണം പൂർത്തിയാക്കിയിട്ടില്ല. 

ഐസിഐസിഐ ബാങ്കും സബ്‌സിഡറിയായ ഐസിഐസിഐ സെക്യൂരിറ്റീസും ലയിക്കുന്നതിന് സെബി ഒത്താശ ചെയ്തു കൊടുത്തുവെന്ന വിമര്‍ശനം നിലനില്‍ക്കേയാണ് പുതിയ ആരോപണം. 2023ലാണ് ഐസിഐസിഐ സെക്യൂരിറ്റീസിനെ ഏറ്റെടുക്കുന്നതായി ബാങ്ക് പ്രഖ്യാപിച്ചത്. സെക്യൂരിറ്റീസിലെ 100 ഓഹരിക്ക് പകരമായി ബാങ്കിന്റെ 67 ഓഹരികളായിരുന്നു വാഗ്ദാനം. സെബിയുടെ മാര്‍ഗനിര്‍ദേശ പ്രകാരം, വാങ്ങുന്ന ഓഹരിയുടെ ന്യായവില ഉറപ്പുവരുത്തേണ്ടത് ലേല നടപടികളിലൂടെയാണ്. എന്നാല്‍ ഈ ചട്ടം ഇളവു ചെയ്തു കൊടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.