വിവാദ ഐഎഎസ് പ്രൊബേഷൻ ഓഫിസര്‍ പൂജ ഖേദ്കര്‍ ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങളും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ക്വാട്ടയും ദുരുപയോഗം ചെയ്തെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്രം ഏകാംഗസമിതി രൂപീകരിച്ചു. ഏകാംഗ സമിതിയോട് പൂജയുടെ നിയമനവും മറ്റ് ആരോപണങ്ങളും പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര കേഡറിലെ 2022 ബാച്ച് സിവിൽ സർവീസ് പരീക്ഷ ജയിക്കാനായി വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ്, വ്യാജ പിന്നോക്ക വിഭാഗ സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാഴ്ചാ വൈകല്യവും മാനസികവെല്ലുവിളിയും നേരിടുന്നതായി കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റാണ് പൂജാ ഖേദ്കർ ഹാജരാക്കിയത്. യുപിഎസ്‍സി സെലക്ഷൻ സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായിട്ടാണ് ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. എന്നാല്‍ ഭിന്നശേഷി സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകാൻ ആറ് തവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ ഹാജരായില്ല.
അതേസമയം സ്വകാര്യ കാറിൽ ബീക്കൺ ഘടിപ്പിച്ചതിനും സർക്കാർ മുദ്ര പതിപ്പിച്ചതിനും കളക്ടറുടെ ഓഫിസിൽ അതിക്രമിച്ച് കയറിയതിനും കഴിഞ്ഞ ദിവസം ഇവരെ സ്ഥലം മാറ്റിയിരുന്നു. പിന്നാക്ക വിഭാഗ ക്വാട്ട ദുരുപയോഗം നടത്തിയാണ് ഖേദ്കർ സിവിൽ സർവീസ് ഓഫിസറായി മാറിയെന്ന് വിവരാവകാശ പ്രവർത്തകൻ വിജയ് കുംഭാർ ആരോപിച്ചു. പൂജാ ഖേഡ്കറുടെ പിതാവ് ദിലീപ് ഖേദ്കർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോള്‍ നാമനിര്‍ദേശ പത്രികയില്‍ നാല്‍പത് കോടി ആസ്തി ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ സിവിൽ സർവീസ് പരീക്ഷയ്ക്ക് ഹാജരായ ക്രീമി ലെയർ സർട്ടിഫിക്കറ്റില്‍ 8 ലക്ഷം രൂപയാണ് മാതാപിതാക്കളുടെ വാർഷിക വരുമാനമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. അതേസമയം അസിസ്റ്റന്റ് കളക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പ് അവർ പൂനെ ജില്ലാ കളക്ടറോട് പ്രത്യേക വീടും കാറും ആവശ്യപ്പെട്ടിരുന്നതായുള്ള ആരോപണം നിലനില്‍ക്കുന്നുണ്ട്.
English Summary:Allegation against IAS officer Pooja Khedkar; The Center has constituted a single-member committee to investigate
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.