
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ദുരൂഹത ആരോപിച്ച് എൻസിപി എംഎൽഎയും അജിത് പവാറിന്റെ ബന്ധുവുമായ രോഹിത് പവാർ. കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു രാജിവെക്കണമെന്നും സംഭവത്തിൽ വിവിധ ഏജൻസികൾ ഉൾപ്പെട്ട സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിമാനം പ്രവർത്തിപ്പിച്ചിരുന്ന വിഎസ്ആർ എന്ന കമ്പനിയുമായി കേന്ദ്രമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് രോഹിത് പവാർ ആരോപിച്ചു. വിഎസ്ആറിലെ രോഹിത് സിങ്ങിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രാം മോഹൻ നായിഡു ജയ്പൂരിലെത്തിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടം സംബന്ധിച്ച് നിലവിൽ നടക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസി നടത്തുന്ന അന്വേഷണം സുതാര്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻസിപിയിലെ ഇരു വിഭാഗങ്ങളും തമ്മിലുള്ള ലയനത്തെ എതിർത്തവർ ഈ അപകടത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകാമെന്നും രോഹിത് പവാർ ആരോപിച്ചു. അജിത് പവാർ എൻഡിഎയിൽ തുടരുന്നതിനെയോ മുന്നണിവിട്ട് പുറത്തുവരുന്നതിനെയോ എതിർത്തവരാകാം ഈ അപകടത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിൽനിന്ന് പുറപ്പെടുമ്പോൾ വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. ഹൈദരാബാദിൽനിന്ന് ഇന്ധനം നിറയ്ക്കാൻ സൗകര്യമുണ്ടായിരിക്കെ ഇതിന്റെ ആവശ്യകത ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.