
ഇവിഎം ക്രമക്കേട് ആരോപണം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്നത് ചെറിയ തോതിലുള്ള തട്ടിപ്പല്ലെന്നും വ്യവസായിക ലക്ഷ്യത്തോടെയുള്ള അഴിമതിയും കൃത്രിമവും ആണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നടക്കാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്രയിലേതുപോലെ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ രാഹുല്‍ ആരോപിക്കുന്നു. അഞ്ച് ഘട്ടങ്ങളായി ബിജെപി നടത്തിയ അട്ടിമറിയുടെയും ഒത്തുകളിയുടെയും വിശദാംശങ്ങളാണ് രാഹുൽ പങ്കുവച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്നതിന്റെ അധികാരം ബിജെപി ആദ്യം കൈപ്പിടിയിലൊതുക്കി, വ്യാജ വോട്ടർമാരെ പട്ടികയിൽ ചേർത്തു, വോട്ടർമാരുടെ എണ്ണം വർധിപ്പിച്ചു, ബിജെപിക്ക് വിജയിക്കേണ്ട ഇടങ്ങളിൽ വ്യാജ വോട്ടിങ്, തെളിവുകൾ മറയ്ക്കുക തുടങ്ങിയവയാണ് അഞ്ച് ഘട്ടങ്ങൾ. ഇതിലൂടെയാണ് മഹായുതി സഖ്യം 235 സീറ്റുകളോടെ നിർണായക വിജയം സ്വന്തമാക്കിയതെന്നും രാഹുൽ പറയുന്നു. മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷത്തിനിടെ 31 ലക്ഷം വോട്ടര്‍മാരുടെ വർധനവാണുണ്ടായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ വോട്ടര്‍മാരുടെ എണ്ണം അതിശയകരമാംവിധം വര്‍ധിച്ച് 41 ലക്ഷമായി. വോട്ടെടുപ്പ് ദിവസം വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പോളിങ് ശതമാനം അഭൂതപൂര്‍വമായി വര്‍ധിച്ച് 7.83 ശതമാനം കൂടി. ഏകദേശം 76 ലക്ഷം വോട്ടര്‍മാര്‍ക്ക് തുല്യം. 2009 മുതലുള്ള സമാനമായ കണക്കുകള്‍ പരിശോധിച്ച്, വൈകുന്നേരം അഞ്ച് മണി വരെയുള്ളതും ശേഷമുള്ളതുമായ വോട്ടെടുപ്പും തമ്മിലുള്ള വ്യത്യാസം വിലയിരുത്തി. അഞ്ചിന് ശേഷം ചെറിയ രീതിയിലാണ് പോളിങ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്.
സംസ്ഥാനത്ത് ഏകദേശം ഒരു ലക്ഷം ബൂത്തുകളുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മോശം പ്രകടനം കാഴ്ചവച്ച 85 നിയോജകമണ്ഡലങ്ങളിലെ ഏകദേശം 12,000 ബൂത്തുകളിലാണ് കൂടുതല്‍ വോട്ടര്‍മാരുണ്ടായത്. വൈകുന്നേരം അഞ്ചിന് ശേഷം ഓരോ ബൂത്തിലും ശരാശരി 600ലധികം വോട്ടര്‍മാരുണ്ടായി. ഇത്തരം തെളിവുകളെല്ലാം നിരത്തിയിട്ടും പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങളോടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ മൗനം പാലിക്കുകയോ അക്രമാസക്തമായി പ്രതികരിക്കുകയോ ചെയ്‌തുവെന്നും ലേഖനത്തില്‍ പറയുന്നു. അതേസമയം ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചു. രാഹുല്‍ ഗാന്ധി നേരിട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാമെന്ന് കമ്മിഷന്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണത്തിന് പിന്നാലെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് രാഹുല്‍ വീണ്ടും രംഗത്തെത്തി. ഏകീകൃതവും, ഡിജിറ്റല്‍, മെഷീന്‍-റീഡബിള്‍ ആയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചും, മഹാരാഷ്ട്ര പോളിങ് ബൂത്തുകളില്‍ നിന്നുള്ള വൈകുന്നേരം അഞ്ചുമണിക്ക് ശേഷമുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടും വാദങ്ങള്‍ തെളിയിക്കണമെന്ന് കമ്മിഷനോട് ആവശ്യപ്പെട്ടു. ഒഴിഞ്ഞുമാറല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത സംരക്ഷിക്കില്ലെന്നും രാഹുല്‍ എക്സില്‍ കുറിച്ചു. അതേസമയം തെരഞ്ഞെടുപ്പ് കൃത്രിമ ആരോപണം കമ്മിഷൻ തള്ളിയതാണെന്നും എന്നിട്ടും അവിശ്വാസം ആരോപിക്കുന്ന രാഹുലിന്റെ നടപടി രാഷ്ട്രീയനീക്കമാണെന്നും ബിജെപി ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.