24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

ഗുരുവിനെകുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയെന്ന ആരോപണത്തിന്റെ മുനയൊടിഞ്ഞു

ശ്യാമ രാജീവ്
തിരുവനന്തപുരം
May 6, 2025 10:49 pm

പാഠപുസ്തക പരിഷ്കരണത്തിന്റെ പേരില്‍ ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള കാര്യങ്ങള്‍ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണം വ്യാജം.
സംസ്ഥാനത്തെ മൂന്നാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള മലയാളം, സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ ഭാഗങ്ങള്‍ ഒഴിവാക്കിയെന്നാണ് ഒരുവിഭാഗം പ്രചരിപ്പിച്ചത്. എന്നാല്‍ ഒമ്പതാം ക്ലാസിലെ മലയാളം പുസ്തകത്തിലും എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് രണ്ടാം ഭാഗത്തിലും ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള പഠനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാംഭാഗം അച്ചടിയുടെ അന്തിമ ഘട്ടത്തിലാണ്. അഞ്ചാം ക്ലാസിലെ സോഷ്യല്‍ സയന്‍സിലും ഹിന്ദിയിലും 12ാം ക്ലാസിലെ കേരള ചരിത്രം സാമൂഹ്യ നവോത്ഥാനം എന്ന അധ്യായത്തിലും ഗുരുവിനെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. 11ാം ക്ലാസിലെ പുസ്തകം നിലവില്‍ പരിഷ്കരിച്ചിട്ടില്ല. ഒമ്പതാം ക്ലാസിലെ ‘അരുവിപ്പുറത്തിന് ഒരു സന്ദേശം’ എന്ന മലയാള പുസ്തകത്തിലും ഗുരു ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങളാണ് ഈ വര്‍ഷം പരിഷ്കരിച്ചത്. വസ്തുതകള്‍ ഇതായിരിക്കെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എകെഎസ‌്ടിയു സംസ്ഥാന സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍ പറഞ്ഞു.
ശ്രീനാരായണ ഗുരു പഠനം പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ കോൺഗ്രസിലെ മുഖ്യമന്ത്രിസ്ഥാന തർക്കങ്ങളുടെ ഭാഗമായി വെള്ളാപ്പള്ളിയെ സന്തോഷിപ്പിക്കുന്നതിനാണ് ഇത്തരമൊരു ആരോപണം ചെന്നിത്തല ഉന്നയിച്ചതെന്നാണ് സൂചന. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും സാംസ്‌കാരിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ സംഭാവനകളും നവോത്ഥാന നായകരുടെ രചനകൾക്കും തുല്യപ്രാധാന്യം നൽകിയാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
അഞ്ചാം ക്ലാസ് മലയാളം ഭാഗം രണ്ട്, ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം ഭാഗം ഒന്ന്, എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം ഭാഗം രണ്ട്, എട്ടാം ക്ലാസ് കേരളപാഠാവലി യൂണിറ്റ് രണ്ട്, എട്ടാം ക്ലാസ് സംസ്‌കൃതം അഞ്ചാം പാഠം, ഒമ്പതാം ക്ലാസ് മലയാളം ഭാഗം രണ്ട്, പത്താം ക്ലാസ് സംസ്‌കൃതം യൂണിറ്റ് മൂന്നിലും നവോത്ഥാന പ്രസ്ഥാനങ്ങളുടെ സംഭാവനകളും നവോത്ഥാന നായകരുടെ രചനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം ആരംഭിക്കുന്ന ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കി എന്ന പ്രചരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ ഒരു പ്രാവശ്യമെങ്കിലും മറിച്ചു നോക്കണമായിരുന്നു. ദേശീയതലത്തിൽ രാജ്യത്തിന്റെ ചരിത്രത്തെ തമസ്‌കരിച്ച് കാവിവൽക്കരണ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതിനെതിരെ ഒന്നും മിണ്ടാത്തവരാണ് കേരളത്തിൽ ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങള്‍ സമൂഹത്തിൽ പ്രചരിപ്പിക്കുവാനും ഗുരുവിന്റെ പേരിൽ സർവകലാശാല ആരംഭിക്കുകയും ചെയ്ത എൽഡിഎഫ് സർക്കാരിനെതിരെയുള്ള ഈ വിമർശനം പൊതുസമൂഹം തള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.