22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

ജാതി സെന്‍സസിനായി സഖ്യകക്ഷികള്‍; ബിജെപി അങ്കലാപ്പില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 6, 2023 10:05 pm

ബിഹാറിലെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തില്‍ (എന്‍ഡിഎ) കടുത്ത ഭിന്നത. ബിജെപിയും കേന്ദ്ര സര്‍ക്കാരും എതിര്‍ക്കുന്ന ജാതി സെന്‍സസിനെ സഖ്യകക്ഷികള്‍ പിന്തുണയ്ക്കുന്നത് മോഡി-ഷാ കൂട്ടുകെട്ടിന് അടുത്ത വെല്ലുവിളിയായി മാറിയിട്ടുണ്ട്. സെന്‍സസില്‍ പിന്നാക്ക ജാതിക്കാരുടെ ശതമാനത്തില്‍ ഉണ്ടായ വര്‍ധനവാണ് എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്.
സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, പ്രതിപക്ഷം ജാതി അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്നുവെന്ന് ആരോപിച്ച് രംഗത്ത് വന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി പക്ഷെ സഖ്യകകക്ഷികളുടെ ആവശ്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതും മുന്നണിക്കുള്ളില്‍ അസ്വാരസ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, നിഷാദ് പാര്‍ട്ടി, അപ്നദള്‍, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്നീ പാര്‍ട്ടികളാണ് ജാതി സെന്‍സസ് വേണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.

ജാതി സെന്‍സസ് പിന്നാക്ക ജനങ്ങളുടെ വികസനം എത്രമാത്രം സാധ്യമായി എന്ന് തിരിച്ചറിയാന്‍ വഴിതുറക്കുമെന്ന് നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എന്‍ഡിഎയില്‍ മടങ്ങിയെത്തിയ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബര്‍ പറഞ്ഞു. ബി ആര്‍ അംബേദ്കര്‍ അഭിപ്രായപ്പെട്ടതുപോലെ ഓരോ 10 വര്‍ഷം കൂടുമ്പോഴും ജാതി സെന്‍സസ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടിയും ജാതി സെന്‍സസിനെ സ്വാഗതം ചെയ്ത് രംഗത്ത് വന്നു. ആദിത്യനാഥ് മന്ത്രിസഭയില്‍ അംഗമായ സഞ്ജയ് നിഷാദ് പിന്നാക്കാരുടെ യഥാര്‍ത്ഥ സ്ഥിതിവിവരം പുറത്തുവരുന്നത് ഓരോ ജാതി വിഭാഗത്തിന്റെയും വികസനം സാധ്യമാക്കുമെന്നും ബിജെപി നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
രാജ്യത്ത് ജാതി സെന്‍സസ് അനിവാര്യമാണെന്നും പിന്നാക്ക ജനവിഭാഗത്തിന്റെ പരിതാപകരമായ അവസ്ഥ പരിഹരിക്കപ്പെടാന്‍ ഇത് വഴിതെളിക്കുമെന്നും അപ്നാദള്‍ നേതാവും കേന്ദ്ര സഹമന്ത്രിയുമായ അനുപ്രിയ പട്ടേല്‍ അഭിപ്രായപ്പെട്ടു.

ബിഹാറില്‍ നടത്തിയ സെന്‍സസ് കുറ്റമറ്റ രീതിയില്‍ നടത്തുകയാണ് വേണ്ടതെന്ന് ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച അധ്യക്ഷനും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകനുമായ സന്തോഷ് കുമാര്‍ സുമന്‍ പറഞ്ഞു. തമിഴ‌്നാട്ടിലെ എന്‍ഡിഎ സഖ്യകക്ഷിയായ പട്ടാളിമക്കള്‍ കക്ഷിയും ഝാര്‍ഖണ്ഡിലെ ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റസ് യൂണിയന്‍ പാര്‍ട്ടിയും ജാതി സെന്‍സസ് നടപടിയെ പിന്താങ്ങി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വിഷയത്തില്‍ ബിജെപി ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. മുന്നാക്കജാതി സംരക്ഷണം മുഖമുദ്രയാക്കിയ മോഡി സര്‍ക്കാര്‍ പിന്നാക്ക ജാതിക്കാരുടെ രക്ഷകരായി രംഗത്തുവരാനുള്ള സാധ്യത വിരളമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ബിഹാർ ജാതി സെൻസസ്; വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

ബിഹാറില്‍ ജാതി സെൻസസ് വിവരങ്ങള്‍ ശേഖരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ നടപടി തടസപ്പെടുത്താനാകില്ലെന്നും സര്‍ക്കാര്‍ നയങ്ങള്‍ ഇത്തരം വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നടത്തുന്നതെന്നും നിരീക്ഷിച്ച കോടതി സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്നും പറഞ്ഞു.

ജാതി സെൻസസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതി പരിഗണിക്കാനിരിക്കെയാണ് രേഖകള്‍ പുറത്തുവന്നത്. സെൻസസ് രേഖകള്‍ പുറത്തുവിടുന്നതിനെതിരെ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ലെന്നും വിഷയത്തില്‍ നോട്ടീസ് നല്‍കണമോ വേണ്ടയോ എന്ന് കോടതി തീരുമാനിച്ചിരുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ ശ്യാം ദിവാൻ കോടതിയെ ധരിപ്പിച്ചു.

ജസ്റ്റിസ് സഞ്ജീവ് ഖന്ന, എസ് വി എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിവരങ്ങള്‍ ശേഖരിച്ചത് നിയമവിരുദ്ധമായാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയോ മറ്റ് ഏത് സര്‍ക്കാരിന്റെയുമോ തീരുമാനങ്ങളെ തടയാനാകില്ലെന്നും ശേഖരിച്ച വിവരങ്ങളെ കുറിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അത് പരിശോധിക്കാമെന്നും പരമോന്നത കോടതി പറഞ്ഞു.
സെൻസസ് നടത്താൻ അധികാരമുള്ളത് കേന്ദ്രസർക്കാരിനാണെന്നും സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഭരണഘടനാപരമായ ഉത്തരവിന് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതികളില്‍ നാലാഴ്ചക്കുള്ളില്‍ പ്രതികരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ട് കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണത്തിന് ശേഷം അതിന്റെ എതിര്‍ സത്യവാങ്മൂലം നാലാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാനും ബെഞ്ച് നിര്‍ദേശിച്ചു. കേസ് തുടര്‍ വാദത്തിന് 2024 ജനുവരിയിലേക്ക് മാറ്റി.

Eng­lish Summary:Allies for Caste Cen­sus; BJP is in trouble
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.