മോശം ഫോമിനെ തുടര്‍ന്ന് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയെ തന്നെ പുറത്തിരുത്തിയാണ് ഇന്ത്യ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റിനിറങ്ങിയത്. എന്നാല്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 185 റണ്‍സിന് ഓള്‍ഔട്ടായി. 98 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത റിഷഭ് പന്താണ് ടോപ് സ്‌കോറര്‍. നാലു വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളണ്ടും മൂന്നു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്സ് 185 റണ്‍സില്‍ ഒതുക്കിയത്. എന്നാല്‍ ഒന്നാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ അതേനാണയത്തില്‍ തന്നെ ഇന്ത്യ തിരിച്ചടിച്ചു. ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചാണ് ക്യാപ്റ്റന്‍ ബുംറ തിരിച്ചടിച്ചത്. ഏഴ് റണ്‍സുമായി സാം കോണ്‍സ്റ്റസ് ക്രീസിലുണ്ട്. ഇതോടെ ആദ്യദിനത്തില്‍ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ അവസാനിച്ചു.
മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. യശസ്വി ജയസ്വാള്‍ (10), കെ എല്‍ രാഹുല്‍ (4), ശുഭ്മാന്‍ ഗില്‍ (20) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ സെഷനില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. സ്കോട്ട് ബോളണ്ടാണ് ജയ്സ്വാളിനെ ഔട്ടാക്കിയത്. സ്പിന്നർ നതാൻ ലയണിന്റെ പന്തിൽ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്തു ഗില്ലും മടങ്ങി. 17 റൺസെടുത്ത കോലിയെ സ്കോട്ട് ബോളണ്ട് ബ്യൂ വെബ്സ്റ്ററുടെ കൈകളിലെത്തിച്ചു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ജഡേജ — പന്ത് സഖ്യം 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തുമെന്ന് തോന്നിച്ചിരുന്നു. റിഷഭ് പന്തിന്റെ ഇന്നിങ്‌സാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടക്കാന്‍ സഹായിച്ചത്. സ്‌കോട്ട് ബോളണ്ട് എറിഞ്ഞ 57-ാം ഓവറിലെ നാലാം പന്തില്‍ പാറ്റ് കമിന്‍സ് ക്യാച്ചെടുത്തു റിഷഭിനെ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി ഗോള്‍ഡന്‍ ഡക്കായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ജഡേജ സ്റ്റാര്‍ക്കിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി.
അവസാന പ്രതീക്ഷയായിരുന്ന സുന്ദറിനും കൂടുതല്‍ നേരം പിടിച്ചുനില്‍ക്കാനായില്ല. 30 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത താരത്തെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. പത്താമനായി ഇറങ്ങി 17 പന്തില്‍ ഒരു സിക്സും മൂന്നു ഫോറുമടക്കം 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബുംറയാണ് ഇന്ത്യന്‍ സ്‌കോര്‍ 185ല്‍ എത്തിച്ചത്. ഓസ്ട്രേലിയയ്ക്കു വേണ്ടി പേസർ സ്കോട്ട് ബോളണ്ട് നാലു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക് മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. രോഹിത് ശര്‍മ്മ സ്വയം പിന്മാറുകയായിരുന്നു. ഇതോടെ ജസ്പ്രീത് ബുംറ നായകനായി തിരിച്ചെത്തി. രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും ടീമിലുണ്ട്. ഓസ്ട്രേലിയ ഒരു മാറ്റം വരുത്തി. മിച്ചല്‍ മാര്‍ഷിന് പകരം ബ്യൂ വെബ്സ്റ്റര്‍ അരങ്ങേറ്റം കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.