മണിപ്പൂർ കലാപത്തെ സംബന്ധിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ച് സീറോ മലബാർ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയിൽപ്പെട്ട വൈപ്പിൻ സാൻജോപുരം സെന്റ് ജോസഫ്സ് പള്ളി. നൂറിലേറെ വരുന്ന കുട്ടികൾക്ക് മുന്നിലാണ് ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നത്.
സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിൽപ്പെട്ട പള്ളികളിലെ വേദപാഠം കോഴ്സിന്റെ ഭാഗമായി വിശ്വാസ പരിശീലനത്തിനെത്തിയ വിദ്യാർഥികൾക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ‘മണിപ്പൂർ ദ് ക്രൈ ഓഫ് ദ് ഒപ്രസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിച്ചത്. മണിപ്പൂർ കലാപവും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും മണിപ്പൂരിലെ വേദനിക്കുന്നവരുടെ വിഷയം കുട്ടികളും അറിഞ്ഞിരിക്കണമെന്നാണ് നിലാപാടെന്നും സാൻജോപുരം പള്ളി വികാരി ഫാ. ജെയിംസ് പനവേലിൽ ജനയുഗത്തോട് പ്രതികരിച്ചു.
മണിപ്പൂരിൽ നടന്ന കലാപങ്ങൾ കെട്ടുകഥകളല്ല, മറിച്ച് സത്യമാണ്. സത്യം ഏത് കാലഘട്ടത്തിലായിരുന്നാലും സത്യം മാത്രമായിരിക്കും. ഇത് എല്ലാ കാലഘട്ടങ്ങളിലും ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും കേരള സ്റ്റോറിയെ പോലെ അജണ്ട വെച്ചുള്ള പ്രമേയമല്ല മണിപ്പൂർ ‘ദ് ക്രൈ ഓഫ് ദ് ഒപ്രസ്ഡ്’ എന്നും അദ്ദേഹം പ്രതികരിച്ചു. ഇടുക്കി രൂപതയിലെ ചില പള്ളികളിൽ കുട്ടികളുടെ വിശ്വാസോത്സവത്തിന്റെ ഭാഗമായി കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനോട് പരസ്യമായ വിയോജിപ്പിന് തയ്യാറായില്ലെങ്കിലും ചിത്രത്തിന്റെ രാഷ്ട്രീയ ഉദ്ദേശ്യലക്ഷ്യങ്ങളോടും വിശ്വാസ യോഗ്യമല്ലാത്ത പ്രമേയങ്ങളോടും അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചു.
മണിപ്പൂരിൽ വിവിധ പള്ളികൾക്ക് നേരെയുണ്ടായ ആക്രമങ്ങളെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും അതിന്റെ ഇരകളെക്കുറിച്ചും ഉള്ള വിവരങ്ങളും കണക്കുകളുമെല്ലാം മൂടിവെയ്ക്കപ്പെടുകയും അവ്യക്തമായി തന്നെ നിലനിൽക്കുകയും ചെയ്യുമ്പോൾ ഈ ഡോക്യുമെന്ററിക്കും വലിയ പ്രാധാന്യുമുണ്ടെന്ന് വികാരി പ്രതികരിച്ചു. അതുകൊണ്ടാണ് പള്ളിയിൽ മണിപ്പുർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ തയ്യാറായത്. വിശ്വാസയോഗ്യമല്ലാത്ത കേരള സ്റ്റോറി പള്ളിയിൽ പ്രദർശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇടുക്കി രൂപതയിലെ കേരള സ്റ്റോറിയുടെ പ്രദർശനത്തിന് ബദലായിട്ടാണ് മണിപ്പൂർ കലാപം സംബന്ധിച്ചുള്ള ചിത്രം പ്രദർശിപ്പിച്ചതെന്ന തരത്തിലുള്ള ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.
മണിപ്പൂർ കലാപം സംബന്ധിച്ച് സഭാ വിശ്വാസികളായിട്ടുള്ള കുട്ടികളെ ബോധവൽകരിക്കുകയെന്ന നിലപാടുമായി ഒരു ഇടവക പള്ളി തന്നെ രംഗത്തെത്തിയത് ബിജെപി-ആർഎസ്എസ് നേതൃത്വത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്. കേരളത്തിൽ തഴയപ്പെട്ട കേരള സ്റ്റോറി എന്ന ചിത്രം ദൂരദർശനിലൂടെ പ്രദർശിപ്പിച്ചത് വിവാദമായതിന് പിന്നാലെ ഇടുക്കി രൂപതയിലെ പള്ളിയിലും സിനിമ പ്രദർശിപ്പിച്ചത് സംഘപരിവാർ സഖ്യം വലിയ ആഘോഷമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ എൻഡിഎ മുന്നണി ഈ വിഷയം ഊതിപ്പെരുപ്പിക്കുവാനും വിവാദമാക്കുവാനും ശ്രമിച്ചിരുന്നു. ‘മണിപ്പൂർ ദ് ക്രൈ ഓഫ് ദ് ഒപ്രസ്ഡ്’ ഡോക്യുമെന്ററി ഇതോടെ കേരള സ്റ്റോറിക്ക് ബദലായി മാറുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.
English Summary: Alternative to Kerala Story; Sanjopuram church showing Manipur documentary
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.