8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 7, 2025
January 7, 2025
January 7, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 11, 2024

മണ്ണില്‍ നിന്നുയര്‍ന്ന് കലോത്സവ വേദിയിലേക്ക്.… പുതുജന്മം നേടി നാടകവേദി കീഴടക്കി അമല്‍ജിത്ത്

Janayugom Webdesk
തിരുവനന്തപുരം
January 7, 2025 10:45 pm

തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയിലെ നായയെ വായനക്കാര്‍ മറക്കില്ല. മലയാള മനസിനെ അത്രമാത്രം സ്വാധീനിച്ച കഥയാണ് വെള്ളപ്പൊക്കത്തില്‍. അതിജീവനത്തിന്റെ വലിയ പാഠം കൂടിയാണ് വെള്ളപ്പൊക്കവും ആ നായയും. അതേ നായയായി സംസ്ഥാന സ്‌കൂള്‍ കലോത്സവ നാടകവേദിയില്‍ നിറഞ്ഞാടാന്‍ കാലം നിയോഗമൊരുക്കിയത് വയനാട് വെള്ളാര്‍മല ജിവിഎച്ച്എസ് എസിലെ അമല്‍ജിത്തിനാണ്. കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല ജിവിഎച്ച്എസ്എസ് നാമാവശേഷമായിരുന്നു. ഈ അപകടത്തില്‍പെട്ട് മണ്ണിനടിയില്‍ നിന്ന് ബാക്കിയായ ജീവനുമായി തിരികെ കയറിയ അമല്‍ജിത്ത് വെള്ളപ്പൊക്കത്തിലെ ചേന്നന്റെ നായയായി പകര്‍ന്നാട്ടം നടത്തി. അമല്‍ജിത്തിനുമുണ്ടായിരുന്നു രണ്ട് പ്രിയപ്പെട്ട വളര്‍ത്തു നായകള്‍. ചൂരല്‍മല ദുരന്തത്തില്‍ വീടിനൊപ്പം അവയും ഒലിച്ചുപോയി. 

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തിലാണ് വെള്ളാര്‍മല ജിവിഎച്ച്എസ്എസിലെ കുട്ടികള്‍ വെള്ളപ്പൊക്കത്തില്‍ അരങ്ങിലെത്തിച്ചത്. തകഴിയുടെ കഥയെ ഉരുള്‍പൊട്ടലുമായി ബന്ധിപ്പിച്ചാണ് നാടകം. ഇതില്‍ നായയായി അമല്‍ജിത്ത് സദസിനെ വിസ്മയിപ്പിക്കുകയായിരുന്നു.
ഉരുള്‍പൊട്ടല്‍ നാശം വിതച്ച രാത്രിയില്‍ വീടിന് മുകളിലേക്ക് മണ്ണും കല്ലും ചെളിയും വീണടിഞ്ഞ് അമല്‍ജിത്തും സഹോദരി സല്‍നയും അതിനുള്ളില്‍ പെട്ടു. ജീവന്‍ പണയം വെച്ച് അച്ഛന്‍ ബൈജു നടത്തിയ തെരച്ചിലാണ് അമല്‍ജിത്തിനെ ജീവിതത്തിലേക്ക് മടക്കി എത്തിച്ചത്. അമല്‍ജിത്ത് കാണാന്‍ ആഗ്രഹിച്ച നഗരമായിരുന്നു തിരുവനന്തപുരം. കലോത്സവത്തിനെത്തിയ അവന്‍ നഗരം കണ്ടു. കടല്‍ കണ്ടു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമല്‍ജിത്ത്. വീട് നഷ്ടമായ അമല്‍ജിത്തും കുടുംബവും ഇപ്പോള്‍ മേപ്പാടി ഒന്നാം മൈലിലാണ് താമസിക്കുന്നത്. ജോബ് മഠത്തിലാണ് നാടകം സംവിധാനം ചെയ്തത്. നിരഞ്ജന്‍, അയാന്‍, അന്‍സില്‍, വൈഗ, അര്‍ച്ചന, അനന്യ, അനൂഷ്, സായൂജ് എന്നിവരും നാടകത്തില്‍ വേഷമിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.