ചരിത്രപരമായ യൂണിയന്‍ തെരഞ്ഞെടുപ്പിനൊരുങ്ങി ആമസോണ്‍ സംഭരണശാലയിലെ തൊഴിലാളികള്‍. ടെക് ഭീമനായ ആമസോണിന്റെ ബെസമീര്‍, അലബാമ എന്നിവിടങ്ങളിലെ സംഭരണശാലകളിലാണ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുക. ആമസോണ്‍ അനധികൃത ഇടപെടല്‍ നടത്തിയെന്ന യുഎസ് ലേബര്‍ റെഗുലേറ്ററിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നടത്തിയ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. മാര്‍ച്ച് നാലിനു തുടങ്ങുന്ന തെരഞ്ഞെടുപ്പ് നടപടികള്‍ 25 ന് അവസാനിക്കും. 28 നാണ് ഫലപ്രഖ്യാപനം. റീട്ടെയിൽ, ഹോൾസെയിൽ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ യൂണിയൻ പ്രതിനിധികള്‍ക്കായുള്ള തെരഞ്ഞെടുപ്പില്‍ 6,100 ലധികം തൊഴിലാളികൾക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ട്. ഈ തെരഞ്ഞെടുപ്പിലെ യോഗ്യരായ പകുതിയോളം തൊഴിലാളികളും ആദ്യ യൂണിയൻ തെരഞ്ഞെടുപ്പിൽ ആമസോണിൽ ജോലി ചെയ്തിരുന്നില്ല.
ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിലുള്ള ജെഎഫ്‍കെ 8, എല്‍ഡിജെ എന്നീ മറ്റ് രണ്ട് ആമസോൺ സംഭരണശാലകള്‍ നാഷണൽ ലേബർ റിലേഷൻസ് ബോർഡിൽ (എന്‍എല്‍ആര്‍ബി) യൂണിയൻ തെരഞ്ഞെടുപ്പിനായുള്ള അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതികൾ എന്‍എല്‍ആര്‍ബി റീജിയണൽ ഡയറക്ടർ നിശ്ചയിച്ചിട്ടില്ല. യൂണിയന്‍ രൂപീകരണത്തിനെതിരെ സ്റ്റാര്‍ബക്സ്, ടാര്‍ഗറ്റ് എന്നിവരുള്‍പ്പെടുന്ന യുഎസിലെ വന്‍കിട തൊഴില്‍ദാതാക്കള്‍ എതിര്‍പ്പുകളുന്നയിക്കുന്ന സാഹചര്യത്തിലാണ് ആഗോള ടെക് ഭീമനായ ആമസോണില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയായാല്‍ യുഎസില്‍ യൂണിയന്‍ രൂപീകരണം നടക്കുന്ന ആദ്യ ആമസോണ്‍ സ്ഥാപനമായിരിക്കും ബെസമീറിലേയും അലബാമയിലേയും സംഭരണശാലകള്‍. തെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ ആമസോണ്‍ ശ്രമിക്കുന്നുണ്ടെന്നും തൊഴിലാളികള്‍ ആരോപിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് അസാധുവാക്കാന്‍ ആദ്യഘട്ടത്തില്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ കമ്പനി അധികൃതര്‍ വീണ്ടും പ്രയോഗിക്കുകയാണെന്നും സംഘടനകള്‍ പറയുന്നു. ആദ്യ തെരഞ്ഞെടുപ്പിലെ ആമസോണിന്റെ യൂണിയൻ വിരുദ്ധ പ്രചാരണം പല തൊഴിലാളികളെയും ആശയക്കുഴപ്പത്തിലാക്കുകയോ വോട്ട് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയോ യൂണിയനെതിരെ വോട്ടുചെയ്യാൻ അവരെ പ്രേരിപ്പിക്കുകയോ ചെയ്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു. മെച്ചപ്പെട്ട വേതനം, മികച്ച പ്രമോഷന്‍ അവസരങ്ങൾ, തൊഴിലാളികളോടുള്ള മാനേജ്‌മെന്റിന്റെ മാന്യമായ പെരുമാറ്റം എന്നിവയാണ് യൂണിയന്‍ രൂപീകരണത്തിലൂടെ തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്.
കോവിഡ് വ്യാപന സമയത്ത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ പോലും നിഷേധിച്ച് തൊഴിലാളികളെ കമ്പനി ചൂഷണം ചെയ്തു. തൊഴിലാളികള്‍ക്കിടയില്‍ രോഗബാധ വര്‍ധിച്ചതോടെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ നേതൃത്വത്തില്‍ കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തൊഴിലാളികളെ ഭീഷണിപ്പെടുത്തില്ലെന്നും സംഭരണശാലയ്ക്ക് പുറത്ത് യൂണിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികളെ തടയുന്നതിനായി പൊലീസ് സഹായം തേടില്ലെന്നും ആമസോണ്‍ എന്‍എല്‍ആര്‍ബിയുമായി ധാരണയിലെത്തിയിട്ടുണ്ട്. ആമസോൺ ധാരണ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, എൻഎൽആർബിക്ക് കമ്പനിക്കെതിരെ കേസെടുക്കാം. യുഎസിലെ തൊഴില്‍ ദാതാക്കള്‍ യൂണിയന്‍ വിരുദ്ധ നയങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. 41.5 ശതമാനം തൊഴിലുടമകളും ഫെഡറൽ തൊഴിൽ നിയമം ലംഘിക്കുന്നുണ്ടെന്നാണ് ഇക്കണോമിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
english summary; Amazon prepares for historic union election
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.