
നമ്മുടെ ജനാധിപത്യ അവകാശങ്ങൾ ഉറപ്പാക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ ഏറ്റവും ഉച്ചസ്ഥായിലെത്തിയിരിക്കെയാണ് ഡോ. ബി ആർ അംബേദ്കറുടെ 69-ാം ചരമ വാർഷികം അനുസ്മരിക്കുന്നത്. ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് ഡോ. അംബേദ്കർ നൽകിയ പങ്ക് ഈ അവസരത്തിൽ വളരെ സ്മരണീയമാണ്.
പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് മാത്രമായിരുന്നില്ല അംബേദ്കറുടെ കാഴ്ചപ്പാടിലെ തെരഞ്ഞെടുപ്പും ജനാധിപത്യവും. മറിച്ച് നമ്മുടെ രാജ്യത്തിന്റെ സവിശേഷതകളെ, മതേതര നിലപാടുകളെ എക്കാലവും നിലനിർത്തുന്നതിനുള്ള പോരാട്ടമായി ഓരോ തെരഞ്ഞെടുപ്പിനെയും അദ്ദേഹം കണ്ടു. രാജ്യത്തിന്റെ നിയമമന്ത്രിയായിരിക്കെ 1950 ജൂൺ 10ന് തിരുവനന്തപുരത്ത് ലെജിസ്ലേറ്റീവ് ചേംബറിൽ അദ്ദേഹം നടത്തിയ പ്രഭാഷണത്തിൽ ഇക്കാര്യം വിശദമാക്കുന്നു. “ജനാധിപത്യത്തിന്റെ പേരിൽ ഭൂരിപക്ഷം ന്യൂനപക്ഷത്തെ അടിമയാക്കരുതെന്നും ഭൂരിപക്ഷമാണ് ഭരിക്കുന്നതെങ്കിലും ന്യൂനപക്ഷത്തിന് എപ്പോഴും സുരക്ഷിതത്വം അനുഭവപ്പെടണമെന്നും അവരോട് മര്യാദകേട് കാണിക്കരുതെ“ന്നും 1950 ൽ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് ശരിയായ വിധത്തിൽ നടന്നില്ലെങ്കിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുമെന്നും ഡോ. അംബേദ്കർ മറ്റൊരവസരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എസ്ഐആർ പരിശോധനയുടെ കോലാഹലങ്ങൾക്കിടയിൽ ഈ മുന്നറിയിപ്പ് വളരെ അർത്ഥവത്താകുകയാണ്. നമ്മുടെ ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കുന്ന സംഭവങ്ങളാണ് രാജ്യത്തെങ്ങുനിന്നും എസ്ഐആറിൽ കേൾക്കുന്നത്. പല പ്രമുഖരുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വെളിച്ചത്ത് വന്നിട്ടുണ്ട്. ഒരുപക്ഷേ ഇവരുടെയൊക്കെ പേരുകൾ കൂട്ടിച്ചേർക്കപ്പെട്ടാലും വാർത്താമൂല്യം കുറവായ പതിനായിരങ്ങൾ ഒഴിവാക്കപ്പെടും. ഇവരിലേറെയും സാധാരണക്കാരും ന്യൂനപക്ഷങ്ങളും പട്ടികവിഭാഗക്കാരുമായിരിക്കും. യഥാർത്ഥത്തിൽ കേന്ദ്രഭരണകൂടം അവരുടെ അജണ്ടകൾക്കായി ലക്ഷ്യമിടുന്നതും ഇതു തന്നെയാകും.
ഭരണഘടനാ മൂല്യങ്ങളിൽ വിട്ടുവീഴ്ച വന്നാൽ രാജ്യത്തെ ജനങ്ങളെ ഒറ്റുകൊടുക്കലാണെന്നാണ് ഡോ. അംബേദ്കർ വ്യക്തമാക്കിയത്. ജനാധിപത്യം, മതനിരപേക്ഷത, സ്വാതന്ത്ര്യം, സാമൂഹ്യനീതി, സമത്വം തുടങ്ങിയ മൂല്യങ്ങളെല്ലാം സംരക്ഷിക്കുന്നതിനുള്ള മഹാ ദൗത്യമാണ് ഭരണഘടനാ ശില്പിയെന്ന നിലയിൽ ഡോ. അംബേദ്കർ സാധ്യമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പട്ടിക വിഭാഗം സംവരണമടക്കം ഉറപ്പിക്കാനായതിലും നമ്മുടെ ഭരണഘടനയ്ക്ക് നിർണായക സ്ഥാനമുണ്ട്.
അംബേദ്കറും അയ്യങ്കാളിയുമടക്കമുള്ള നവോത്ഥാന നായകർ പകർന്നു നൽകിയ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും യഥാർത്ഥ വികസന മാതൃകകൾ സൃഷ്ടിക്കുന്നതിലും കേരളം രാജ്യത്ത് ഇന്നൊരു ബദലാണ്. അതുകൊണ്ടുതന്നെ ഈ നേട്ടങ്ങൾ എങ്ങനെയും ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേരളത്തിന്റെ വികസന കാര്യങ്ങൾ വരുമ്പോൾ ഇവിടുത്തെ പ്രതിപക്ഷവും അവർക്കൊപ്പം ചേരുന്നത് പതിവ് കാഴ്ചയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആവശ്യമായ വിഭവങ്ങൾ നൽകാതെ കേന്ദ്രസർക്കാർ ദുർബലപ്പെടുത്തുകയാണ്. എന്നാൽ സംസ്ഥാന സർക്കാർ അധികാരങ്ങളും ബജറ്റ് വിഹിതമടക്കം വിഭവങ്ങളും നൽകി അവയെ ശക്തിപ്പെടുത്തുന്നു. എസ്‌സിപി, ടിഎസ്‌പി വിഹിതങ്ങളിലൂടെ പട്ടികവിഭാഗ വികസനത്തിനുള്ള ബജറ്റ് വിഹിതത്തിൽ 50 ശതമാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ചെലവഴിക്കുന്നത്. കേരളത്തിന് പുറത്ത് മിക്ക സംസ്ഥാനങ്ങളിലും സംവരണ വിഭാഗങ്ങളിൽ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റുമാർക്ക് വരെ പലവിധ വിലക്കുകളും നേരിടേണ്ടി വരുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് പട്ടിക വിഭാഗക്കാർക്കുനേരെ അതിക്രമം ഏറെയും നടക്കുന്നത്. സംഘ്പരിവാർ ശക്തികൾ കാണിക്കുന്ന പട്ടികവിഭാഗ സ്നേഹം വെറും കാപട്യമാണെന്നും ഇതിലൂടെ തെളിയുകയാണ്.
കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് കേരളത്തിലെ പട്ടികവിഭാഗങ്ങളെ ഉന്നതിയിലേക്ക് എൽഡിഎഫ് സർക്കാർ കൈപിടിച്ചുയർത്തിയതിന് ലോകം സാക്ഷിയാണ്. 1,104 വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ പിജി പഠനത്തിനായി 213.86 കോടി രൂപ ചെലവിട്ടു. ഒാരോരുത്തർക്കും 25 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് നൽകിയാണ് അയച്ചത്. ഇന്ത്യക്കാകെ മാതൃകയായ പദ്ധതികളാണ് എൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തിലൂടെ സാധ്യമായത്.
1,246 ഉന്നതികളിൽ അംബേദ്കർ ഗ്രാമ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കി. ഭൂമി ലഭ്യമാക്കൽ പദ്ധതികൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 55ൽ നിന്നും 70 ആയും വരുമാന പരിധി ഒരു ലക്ഷമായും ഉയർത്തി.
45,505 കുടുംബങ്ങൾക്ക് ഭൂമി നൽകി. അപൂർണ ഭവനങ്ങളുടെ പൂർത്തീകരണത്തിന് സേഫ് പദ്ധതി ആവിഷ്കരിച്ചു. 52,104 പട്ടികജാതി ഭവനങ്ങളും 26,910 പട്ടികവർഗ ഭവനങ്ങളും ഇതിലൂടെ നവീകരിച്ചു.
പ്രീ-പ്രൈമറി മുതൽ പിഎച്ച്ഡി വരെ പ്രതിവർഷം 15 ലക്ഷം വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകള്‍ നൽകുന്നത്. ഓരോ വർഷവും ഈ സംഖ്യ ഉയരുന്നത് പട്ടികവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന് സർക്കാർ നൽകുന്ന പ്രത്യേക പരിഗണനകൾക്കുദാഹരണമാണ്. വ്യവസായ സംരംഭകർക്ക് 10 ലക്ഷം രൂപ വരെ അധിക വായ്പാ പദ്ധതി (സമൃദ്ധി കേരളം) പുതുതായി നടപ്പാക്കി. കേരളത്തിന്റെ വ്യവസായ വളർച്ചയിൽ പട്ടിക വിഭാഗക്കാരും മുൻപന്തിയിലെത്താൻ സമൃദ്ധി കേരളം ഗുണകരമാകും. 40,236 വീടുകളിലാണ് പഠനമുറി പൂർത്തീകരിച്ചത്. പദ്ധതിയിൽ കേന്ദ്രീയ വിദ്യാലയ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി. അഞ്ചാം ക്ലാസ് മുതൽ അപേക്ഷിക്കാം.
പട്ടികജാതി വികസനത്തിൽ രാജ്യത്തിന് മാതൃകയായി പാലക്കാട് മെഡിക്കൽ കോളജ് മികച്ച നിലയിൽ പ്രവർത്തിക്കുന്നു. അഞ്ച് ബാച്ചുകളിലായി 428 വിദ്യാർത്ഥികൾ എംബിബിഎസ് പൂർത്തിയാക്കി. കേന്ദ്ര സർക്കാർ നിർത്തലാക്കിയതിന് പകരം ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് കെടാവിളക്ക് സ്കോളർഷിപ്പ് സംസ്ഥാനം ഏർപ്പെടുത്തി.
വനാശ്രിതരായ ഗോത്ര വിഭാഗങ്ങളിൽ നിന്ന് 500 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ, 5,000 പട്ടിക വിഭാഗം പ്രൊഫഷണലുകൾക്ക് ഇന്റേൺഷിപ്പ് തുടങ്ങി തൊഴിൽ മേഖലകളിലും സർക്കാരിന്റെ കരുതൽ, പട്ടിക വിഭാഗങ്ങൾ അനുഭവിച്ചറിയുന്നുണ്ട്. കൂടുതല്‍ ഉന്നതിയിലേക്ക് നമുക്ക് മുന്നേറാം. നമുക്കിനിയും തുടരാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.