പൂരം അലങ്കോലപ്പെട്ട സമയത്ത് പൂരനഗരിയിലേക്ക് ആംബുലന്‍സിലെത്തിയിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം അലങ്കോലപ്പെട്ട ദിവസത്തെ ആംബുലന്‍സ് യാത്രാ വിവാദത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രോഷത്തോടെയാണ് സുരേഷ് ഗോപി പ്രതികരിച്ചത്. അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് മൂവ്ബാക്ക് എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ സൗകര്യമില്ലെന്നും അത് താന്‍ സിബിഐയോട് പറഞ്ഞോളാമെന്നും സുരേഷ് ഗോപി കൊച്ചിയില്‍ പറഞ്ഞു. വഴി തടഞ്ഞ മാധ്യമ പ്രവര്‍ത്തകരെ നീക്കി വഴി ഒരുക്കാനും മന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടു.
തൃശൂര്‍ പൂരത്തിലെ ആംബുലന്‍സ് യാത്രാ വിവാദത്തില്‍ ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി നല്‍കിയ മറുപടിയാണ് വിവാദമായത്. തിരുവമ്പാടി ദേവസ്വത്തിലെത്തിയത് ആംബുലന്‍സിലല്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയെ ആംബുലന്‍സില്‍ എത്തിച്ചത് തങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രസംഗിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത് തിരുത്തിയുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.
സുരേഷ് ഗോപി ആംബലന്‍സിലെത്തുന്ന ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.