13 December 2025, Saturday

ബംഗാൾ ഉൾക്കടലിൽ അമേരിക്കൻ സൈന്യം; ഷേഖ് ഹസീനയുടെ മുന്നറിയിപ്പ് ശരിയാകുന്നു

Janayugom Webdesk
ആശിഷ് ബിശ്വാസ്
September 26, 2025 5:09 am

ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന വാസിദ് നൽകിയ ഗൗരവമായൊരു മുന്നറിയിപ്പിനോട് അന്ന് നമ്മള്‍ മുഖംതിരിച്ചു. 2024 ഓഗസ്റ്റ് അഞ്ചിന് സായുധരായ ജനക്കൂട്ടം അവരുടെ വസതി ആക്രമിച്ച് പലായനം ചെയ്യാൻ നിർബന്ധിതയാക്കിയതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബംഗ്ലാദേശിനെതിരെ യുഎസ് നയിക്കുന്ന ആസൂത്രിതമായ ഗൂഢാലോചനയെ താൻ ഭയപ്പെടുന്നതിന്റെ വിശദാംശങ്ങൾ അവർ മാധ്യമപ്രവർത്തകുരുമായി പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിലെ സെന്റ് മാർട്ടിൻസ് ദ്വീപിൽ അമേരിക്കൻ സൈനികർക്ക് താവളം അനുവദിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക സമീപിച്ചിരുന്നുവെന്ന് ഷേഖ് ഹസീന വെളിപ്പെടുത്തി. കാര്യസാധ്യത്തിനായി യുഎസ് ഉദ്യോഗസ്ഥർ ചില വാഗ്ദാനങ്ങളും നൽകിയിരുന്നുവെന്നും.

2024 ജനുവരിയിലെ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് അക്രമാസക്തരായ ജനക്കൂട്ടം പൊലീസുമായും ഇതര സേനകളുമായും തുടർച്ചയായ പോരാട്ടങ്ങൾ നടത്തിയത് എങ്ങനെയെന്ന് ഇപ്പോൾ വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ, പൊലീസിനു നേരെയും ലീഗ് അനുയായികൾക്കെതിരെയും നടന്ന ഏറ്റുമുട്ടലുകളിൽ ഏകദേശം 1,400ലധികം പേർ കൊല്ലപ്പെട്ടു. കൂടുതലും യുവാക്കളായിരുന്നു. സംവരണവിരുദ്ധ പ്രസ്ഥാനത്തിലെ വിദ്യാർത്ഥികൾക്ക് പുറമെ ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകര്‍, പരസ്യമായി പിന്തുണച്ചവർ എന്നിവരായിരുന്നു കൊല്ലപ്പെട്ടവരിലധികവും.

സൈനിക മേധാവി വഖാറുസ് സമാൻ പിന്നീട് വ്യക്തമാക്കിയതുപോലെ, ആയിരക്കണക്കിന് ശക്തരായ സായുധ ജനക്കൂട്ടത്തിനെതിരെ വെടിയുതിർക്കാനുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥന നിരസിക്കപ്പെട്ടു. സ്വയം രക്ഷിക്കാൻ ഇന്ത്യയിലേക്ക് രക്ഷപ്പെടുകയല്ലാതെ അവർക്ക് മറ്റ് മാർഗമില്ലായിരുന്നു. 2024 ഓഗസ്റ്റ് അഞ്ചിനാണ് ഇത് സംഭവിച്ചത്. ചില ബംഗ്ലാദേശി ദിനപത്രങ്ങൾ തുടർദിനങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ അട്ടിമറിക്ക് പിന്നിലെ യുഎസ് സാന്നിധ്യം സൂചിപ്പിച്ചു.

നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി (ജെഇഐ), ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി), ഹിഫാസത്ത് ഇസ്ലാം (എച്ച്ഐ), ഹിസ്ബുൾ മുജാഹിദീൻ (എച്ച്എം), ജയ്ഷ്-ഇ‑മുഹമ്മദ് (ജെഇഎം) തുടങ്ങിയ സംഘടനകൾ ഭരണകക്ഷിയായ അവാമി ലീഗിനും പൊലീസ് സേനയ്ക്കുമെതിരെ ഒന്നിച്ചു. ഇക്കൂട്ടർ അക്രമാസക്തമായ പ്രക്ഷോഭത്തിലൂടെ സർക്കാരിനെ പുറത്താക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഓഗസ്റ്റ് അഞ്ചിന് ശേഷവും പൊലീസ് തങ്ങളുടെ നിഷ്ക്രിയത്വം തുടർന്നു. ഇതിന്റെ ഫലമായി ജനക്കൂട്ടം സർക്കാർ ഓഫിസുകളും അവാമി ലീഗ് പ്രവർത്തകരുടെ വീടുകളും ആക്രമിക്കുന്നതും സ്വത്തുക്കൾ കവരുന്നതും തുടർന്നു. ദിനരാത്രങ്ങൾ ആവർത്തിച്ച ഭയാനകമായ ഈ സാഹചര്യത്തിൽ അമേരിക്കൻ ഇടപെടലിനെക്കുറിച്ചുള്ള തന്റെ ഭയം വ്യക്തമാക്കി ഷേഖ് ഹസീന നൽകിയ അവസാന മുന്നറിയിപ്പ് പ്രാദേശിക പത്രങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്തു.
ലിബിയ, ഉക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളില്‍ എന്നപോലെ പാശ്ചാത്യലോകം സ്പോൺസർ ചെയ്ത ഭരണമാറ്റ പരിപാടിയുടെ ഭാഗമാണ് ബംഗ്ലാദേശും എന്നവർ എഴുതി. ഷേഖ് ഹസീനയും നൊബേൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീൺ മൈക്രോ ഫിനാൻസ് ബാങ്കിന്റെ സ്ഥാപകനുമായ ഡോ. മുഹമ്മദ് യൂനുസും തമ്മിലുള്ള ശത്രുത സുവ്യക്തമാണ്. ഹസീനയെ പുറത്താക്കുന്നതിന് മുമ്പുള്ള അവസാന ആറ് വർഷങ്ങളിൽ, വിദേശത്ത് പ്രവർത്തിക്കുന്ന എല്ലാ ബംഗ്ലാദേശി സേനകളുടെയും പാർട്ടികളുടെയും ഏറ്റവും പ്രഗത്ഭനായ നേതാവായി ഡോ. യൂനുസ് ഉയർന്നുവന്നിരുന്നു.
അവാമി ലീഗ് സ്വദേശത്തും വിദേശത്തും ഇതിനെതിരെ ശക്തമായ പ്രചരണങ്ങൾ നടത്തി. പാശ്ചാത്യ നയതന്ത്രജ്ഞരും ഏജൻസികളും ഈ ആരോപണങ്ങളിൽ ചിലത് അന്വേഷിച്ചു. പക്ഷേ അത്, അവരുടെ വിശ്വസ്തരായ അന്വേഷകരെ അയച്ചുകൊണ്ടായിരുന്നു. ഭരണകക്ഷിയായ അവാമി ലീഗ് ഉന്നയിച്ച ആരോപണങ്ങളിൽ നടത്തിയ അന്വേഷണത്തിൽ അവര്‍ കുറ്റം കണ്ടെത്തിയത് അവാമി ലീഗ് ഭരണകൂടത്തിനെതിരെ തന്നെയായിരുന്നു. ആവർത്തിക്കുന്ന പൊലീസ് അതിക്രമങ്ങൾ, ജനാധിപത്യത്തിന്റെ അടിച്ചമർത്തൽ എന്നീ കുറ്റകൃത്യങ്ങൾ ഇവർ റിപ്പോർട്ട് ചെയ്തു. തുടർന്ന് എട്ട് ബംഗ്ലാദേശി ഉദ്യോഗസ്ഥർക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി.

2024 ജൂലൈയിലെ പ്രക്ഷോഭത്തിനിടെ ചിറ്റഗോങ്ങിനടുത്തുള്ള സെന്റ് മാർട്ടിൻസ് ദ്വീപിൽ ഏതാനും അമേരിക്കൻ സൈനികരെ വിന്യസിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചതായി ഹസീന ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം സമ്മതിച്ചാൽ, ഭാവിയിൽ യുഎസും സഖ്യകക്ഷികളും അവാമി ലീഗ് സർക്കാരിനെ എല്ലാവിധത്തിലും സഹായിക്കുമെന്നും പ്രതിപക്ഷത്തിന്റെ പരാതികൾ അവഗണിക്കുമെന്നും പറഞ്ഞു. എന്നാല്‍ ഹസീന ആ അഭ്യർത്ഥന തൽക്ഷണം നിരസിച്ചു. രഹസ്യ കരാറുകളിലൂടെയും മറ്റും തങ്ങളുടെ ദേശീയ പ്രദേശത്തിന്റെ ഒരു ഭാഗം വിദേശ രാജ്യങ്ങൾക്കോ ഏജൻസികൾക്കോ കൈമാറാൻ തനിക്കോ തന്റെ പാർട്ടിക്കോ ഒരിക്കലും കഴിയില്ലെന്ന് അവർ വ്യക്തമാക്കി.
അതേസമയം ബംഗ്ലാദേശിലെ യുഎസ് എംബസി, കോൺസുലേറ്റ് ജീവനക്കാർ എന്നിവർ ഇങ്ങനെയൊരു അഭ്യർത്ഥനയെക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് മാധ്യമങ്ങൾക്കു മുമ്പാകെ സ്വീകരിച്ചത്. അമേരിക്ക ബംഗ്ലാദേശിലെ ചിറ്റഗോങ് മേഖലയിലെ തീരപ്രദേശങ്ങൾക്ക് സമീപം 100ലേറെ സൈനികരെ ഇപ്പോൾ വിന്യസിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ മ്യാൻമർ അല്ലെങ്കിൽ ബംഗ്ലാദേശ് സർക്കാരുകൾക്ക് അജ്ഞാതവുമല്ല. ഡോ. യൂനുസും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും ഇതിന് വേണ്ട സഹായങ്ങളും ഒത്താശയും ചെയ്തിട്ടുമുണ്ട്.

ബിഎൻപി, പുതിയ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി (എൻസിപി) എന്നീ കക്ഷികളുടെ രണ്ട് പ്രതിനിധികളോടൊപ്പം ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഡോ. യൂനുസ് ഈ ആഴ്ച യുഎസ് സന്ദർശിക്കും. 2026 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഡോ. യൂനുസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യം രാജ്യത്തെ തെരഞ്ഞെടുപ്പ് സമിതി സ്ഥിരീകരിക്കുകയും ചെയ്തു. കൃത്യമായ പട്ടികയും മാർഗനിർദേശങ്ങളും ഈ വർഷാവസാനം തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കും. പ്രധാന പരാതി, ഇതിനോടകം പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതികളിൽ പലതും നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പുതിയ പരിഷ്കാരങ്ങളും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുന്ന തരത്തിൽ ഭരണപരമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. അതേസമയം, ഭരണകക്ഷിയും അരാക്കാൻ സൈന്യവുമായുള്ള ബന്ധത്തെത്തുടർന്ന് ഇന്ത്യ മ്യാൻമറിലെ റാഖൈൻ പ്രവിശ്യയിലേക്ക് ഏകദേശം 120 സൈനികരെയും നിരീക്ഷകരെയും അയച്ചിട്ടുണ്ടെന്ന് ധാക്കയിലെയും മ്യാൻമറിലെയും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. തന്ത്രപരമായി പ്രധാനമായ ബംഗാൾ ഉൾക്കടൽ മേഖലയിൽ യുഎസ് സൈനിക സാന്നിധ്യം സ്ഥാപിക്കുന്നതിലും സമ്പന്നമായ ഊർജ സ്രോതസുകൾ കൈക്കലാക്കുന്നതിലും ഇന്ത്യ, മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ അനുകൂലമല്ല.

വസ്തുതകൾ വിശകലനം ചെയ്യുമ്പോൾ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവകാശവാദങ്ങൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ബോധ്യപ്പെടും. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് മുമ്പ് റഷ്യ, ബംഗ്ലാദേശ് ഉദ്യോഗസ്ഥർക്ക് അട്ടിമറി സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ബംഗ്ലാദേശിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ചൈനയും ഈ പ്രദേശത്ത് നാവിക സേനയെ അയച്ചുകൊണ്ട് പ്രതികരിക്കാൻ സാധ്യതയുണ്ട്. മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന ചിറ്റഗോങ് കുന്നിൻ പ്രദേശങ്ങൾക്ക് സമീപമുള്ള ബംഗാൾ ഉൾക്കടലിലെ യുഎസ് സൈനിക സാന്നിധ്യം ബംഗ്ലാദേശ്, മ്യാൻമർ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് ഗൗരവമായ ഭീഷണിയാണ്. ഇത്തരം പ്രവണതകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിശ്ചയമായും അശുഭകരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.