30 December 2025, Tuesday

Related news

December 28, 2025
December 27, 2025
December 23, 2025
December 19, 2025
December 16, 2025
December 10, 2025
December 10, 2025
December 10, 2025
December 5, 2025
December 5, 2025

അമിത് ഷാ രാജിവയ്ക്കണം: 30ന് രാജ്യവ്യാപക പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
December 23, 2024 11:31 pm

ഭരണഘടനാശില്പി ഡോ. ബി ആർ അംബേദ്കറിനെതിരെ നിന്ദ്യമായ പരാമർശം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 30ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുവാന്‍ ഇടതുപാര്‍ട്ടികളുടെ സംയുക്ത യോഗം തീരുമാനിച്ചു. അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ രാജ്യത്തുടനീളം വ്യാപകമായ രോഷവും പ്രതിഷേധവും ഉയർന്നതായി സിപിഐ ആസ്ഥാനമായ അജോയ് ഭവനില്‍ ചേര്‍ന്ന ഇടതുനേതാക്കളുടെ യോഗം ചൂണ്ടിക്കാട്ടി. എന്നാൽ, അമിത് ഷായോ പ്രധാനമന്ത്രി നരേന്ദ്രമോഡിയോ ഉത്തരവാദിത്തം ഏറ്റെടുക്കാനോ ക്ഷമാപണം നടത്താനോ തയ്യാറായിട്ടില്ല. ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം ജനാധിപത്യത്തിനുനേരെയുള്ള കടന്നാക്രമണമാണെന്ന് യോഗം വിലയിരുത്തി. നിര്‍ദേശത്തിനെതിരെ ഇടതുപക്ഷ പാർട്ടികൾ രാജ്യവ്യാപകമായി പ്രചാരണം നടത്തും. ഇത് നടപ്പിലാക്കുന്നതിനായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച രണ്ട് ബില്ലുകളെ ശക്തമായി എതിര്‍ക്കാന്‍ യോഗം തീരുമാനിച്ചു. 

നിർദിഷ്ട ഭേദഗതികൾ ഭരണഘടനയുടെ ഫെഡറൽ ഘടനയ്ക്കും സംസ്ഥാന നിയമസഭകളുടെയും അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങളുടെയും അവകാശങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണവുമാണ്. നിയമനിർമ്മാണ സഭകളുടെ അഞ്ച് വർഷ കാലാവധി ഏകപക്ഷീയമായി കുറച്ചുകൊണ്ട് ജനഹിതം കേന്ദ്രീകരിക്കാനും വെട്ടിച്ചുരുക്കാനുമുള്ള ശ്രമമാണിത്. സിസിടിവി കാമറ, വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയ ഇലക്ട്രോണിക് രേഖകളുടെ പൊതു പരിശോധനയ്ക്കുള്ള അവകാശം റദ്ദാക്കുന്ന തെരഞ്ഞെടുപ്പ് നിര്‍വഹണ ചട്ടങ്ങളിലെ ഭേദഗതി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് യോജിച്ച പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഗിരീഷ് ചന്ദ്ര ശര്‍മ, ആനി രാജ, സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബി വി രാഘവുലു, സിപിഐ (എംഎല്‍-ലിബറേഷന്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍എസ്‌പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി ധര്‍മേന്ദ്ര തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.