8 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 16, 2024
October 14, 2024
September 29, 2024
September 27, 2024
September 12, 2024
August 27, 2024
August 12, 2024
November 6, 2023

അമീബിക് മസ്തിഷ്ക ജ്വരം: ഒരാള്‍ക്കുകൂടി രോഗമുക്തി

Janayugom Webdesk
കോഴിക്കോട്
October 16, 2024 11:17 pm

രോഗം ബാധിച്ചവരില്‍ 97 ശതമാനം ആളുകളെയും മരണത്തിലേക്ക് തള്ളിവിട്ടിരുന്ന അമീബിക് മസ്തിഷ്ക ജ്വരത്തെ വിജയകരമായി നേരിട്ട് കേരളം. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനിയായ 33കാരി അസുഖം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടതോടെ ഈ രോഗത്തെയും കീഴടക്കിയിരിക്കുകയാണ് കേരളം. രോഗം ബാധിച്ചാൽ മരണം മാത്രമേയുള്ളുവെന്ന അവസ്ഥയിൽ നിന്നാണ് ഇത്തരമൊരു മാറ്റം. ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നതാണ് അമീബിക് മസ്തിഷ്ക ജ്വരമെന്ന് ആദ്യം വ്യക്തമായത് കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരന് രോഗം മാറിയതിലൂടെയാണ്. അതിന് ശേഷം സംസ്ഥാനത്ത് നിരവധി പേർക്ക് രോഗം ഭേദമായി. 

അതീവ ഗുരുതരാവസ്ഥയിൽ അബോധാവസ്ഥയിലായിരുന്ന മലപ്പുറം സ്വദേശിനിയെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നത്. സെപ്റ്റംബർ 30ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത സ്രവം മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അമീബിക് മസ്തിഷ്ക ജ്വരത്തിന് നൽകുന്ന മരുന്നുകൾ നൽകിത്തുടങ്ങി.
ആരോഗ്യമന്ത്രി ഇടപെട്ട് തിരുവനന്തപുരത്ത് നിന്ന് മിൾട്ടിഫോസിൻ എന്ന മരുന്നും എത്തിച്ചുനൽകിയത് നിർണായകമായി. മെഡിസിൻ വിഭാഗം മേധാവി ഡോ. ജയേഷ് കുമാറിന്റെ നേതൃത്വത്തിൽ ഡോ. കെ വി ജയചന്ദ്രൻ, ഡോ. ഇ ഡാനിഷ്, ഡോ. ആർ ഗായത്രി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. 

കേരളത്തില്‍ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ നിന്ന് വ്യത്യസ്തമായി 33 കാരി കുളത്തിലോ സ്വിമ്മിങ് പൂളിലോ കുളിക്കുകയോ നിന്തുകയോ ചെയ്തിരുന്നില്ല. അതിനാൽ രോഗം ബാധിക്കാൻ വെള്ളത്തിൽ മുങ്ങിക്കുളിക്കണമെന്നില്ലെന്നതാണ് വ്യക്തമാക്കപ്പെടുന്നതെന്ന് മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. ജയേഷ് കുമാർ പറഞ്ഞു. കൃത്യമായി ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് മുഖംകഴുകുമ്പോഴും അമീബ മൂക്കിലൂടെ തലച്ചോറിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.