ബൗളര്‍മാര്‍ അഴിഞ്ഞാടിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ചെറിയ സ്കോര്‍ പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ കൊടുങ്കാറ്റായപ്പോള്‍ ഇംഗ്ലണ്ടിനെ 129 റണ്‍സിന് എറിഞ്ഞൊതുക്കാനായി. ഇതോടെ 100 റണ്‍സിന്റെ വിജയവും ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമിക്കരികെ എത്താനും ഇന്ത്യക്ക് സാധിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഈ ലോകകപ്പില്‍ ആറില്‍ ആറ് മത്സരവും വിജയിച്ച ഏക ടീമും ഇന്ത്യയാണ്. തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ സെമിപ്രതീക്ഷകള്‍ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് വിക്കറ്റ് നേടിയ ഡേവിഡ് വില്ലി, രണ്ട് വിക്കറ്റ് വീതം നേടിയ ക്രിസ് വോക്സ്, ആദില്‍ റഷീദ് എന്നിവരാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് ബാറ്റിങ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ കടന്നാക്രമിച്ചു. സ്കോര്‍ 30 റണ്‍സായപ്പോള്‍ ഡേവിഡ് മലാനെ ബൗള്‍ഡാക്കി ബുംറയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് ചീട്ടുകൊട്ടാരം പോലെ ഇംഗ്ലീഷ് ബാറ്റിങ്നിര തകര്‍ന്നടിയുകയായിരുന്നു. 27 റണ്‍സ് മാത്രമെടുത്ത ലിയാം ലിവിങ്സ്റ്റണാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ഈ ലോകകപ്പില്‍ ആദ്യമായി ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യയെ ഇന്നിങ്‌സിലുടനീളം ഇംഗ്ലീഷ് ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. 101 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും 10 ഫോറുമടക്കം 87 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളിലെ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്ങാണ് സ്‌കോര്‍ 200 കടത്തിയത്. 47 പന്തുകള്‍ നേരിട്ട സൂര്യ ഒരു സിക്സും നാല് ഫോറുമടക്കം 49 റണ്‍സെടുത്തു. കെ എല്‍ രാഹുൽ (58 പന്തിൽ 39), ജസ്പ്രീത് ബുംറ (25 പന്തിൽ 16)യുമാണ് രണ്ടക്കം കണ്ട മറ്റു ബാറ്റര്‍മാര്‍.
ക്യാപ്റ്റൻ രോഹിത് ശർമ അർധ സെഞ്ചുറിയുമായി നിലയുറപ്പിച്ചപ്പോഴും മുൻനിരയിലെ മറ്റു ബാറ്റർമാർ പെട്ടെന്നു പുറത്തായതാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വോക്സിന്റെ പന്തിലാണ് ഗില്‍ ബൗള്‍ഡായി. കോലിക്ക് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. കോലിയെ റണ്‍സെടുക്കുന്നതിന് മുമ്പ് വില്ലി മിഡ് ഓഫില്‍ ബെന്‍ സ്റ്റോക്‌സിന്റെ കൈകളിലെത്തിച്ചു. ക്രിസ് വോക്സിന്റെ പന്തിൽ മാർക് വുഡ് ക്യാച്ചെടുത്താണ് അയ്യരുടെ മടക്കം. രോഹിത് ശർമയ്ക്കു പിന്തുണയുമായി കെ എൽ രാഹുലും ചേർന്നതോടെ 25 ഓവറുകളിലാണ് ഇന്ത്യ 100 കടന്നത്. 66 പന്തുകളിൽനിന്ന് രോഹിത് ശർമ അർധ സെഞ്ചുറി നേടി. ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും 91 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. സ്കോർ 131 ൽ നിൽക്കെ വില്ലിയുടെ പന്തിൽ ജോണി ബെയർസ്റ്റോ ക്യാച്ചെടുത്തു രാഹുലിനെ പുറത്താക്കി. ആദിൽ റഷീദാണ് രോഹിത് ശർമയെ മടക്കിയത്. പിന്നീടെത്തിയ ബാറ്റർമാരിൽ സൂര്യകുമാർ യാദവ് മാത്രമാണ് പൊരുതി നിന്നത്. രവീന്ദ്ര ജഡേജ (8), മുഹമ്മദ് ഷമി നിരാശപ്പെടുത്തി. കുല്‍ദീപ് യാദവ് (9) പുറത്താവാതെ നിന്നു.
English Summary: An end to England’s semi-hopes; India nears ODI World Cup semis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.