6 December 2025, Saturday

ശാശ്വതമായ ക്ഷമയുടെ മാതൃക ജെയ്ൻ ഗുഡോൾ ധന്യമായ ഓർമ്മ

Janayugom Webdesk
October 3, 2025 10:08 pm

ദ്യകാല വന്യജീവി സംരക്ഷകരിൽ ഒരാളും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞയും ആന്ത്രപ്പോളജിസ്റ്റുമായ ജെയ്ൻ ഗുഡോൾ (91) ഓർമ്മയായി. ലോകത്തിലെ മുൻനിര ശാസ്ത്ര ജേണലുകളിലൊന്നായ സയൻസ് മാഗസിൻ 2020 ജൂലൈ 10ന് പുറത്തിറക്കിയ ലക്കത്തിന്റെ മുഖപ്രസംഗത്തിൽ ജെയ്ൻ ഗുഡോളിന്റെ സമാനതകളില്ലാത്ത സംരക്ഷണ പ്രവർത്തനങ്ങളുടെ അറുപതു വർഷങ്ങൾ ഓർത്തെടുത്തു. സയൻസ് ജേണലുകളുടെ എഡിറ്റർ – ഇൻ — ചീഫായ ഹോൾഡൻ തോർപ്പ് താനെഴുതിയ കുറിപ്പിന് നൽകിയ തലക്കെട്ട് “ശാശ്വതമായ ക്ഷമ” എന്നായിരുന്നു. കലർപ്പില്ലാത്ത ശാസ്ത്ര ജിജ്ഞാസ, നിശ്ചയദാർഢ്യം, പ്രകൃതിയോടും മാനവരാശിയോടുമുള്ള അദമ്യമായ സ്നേഹം തുടങ്ങി നമ്മൾ വർത്തമാനകാലത്ത് കാണാനാഗ്രഹിക്കുന്ന ഗുണങ്ങളുടെ അളവറ്റ സാന്നിധ്യമുള്ളതാണ് അവരുടെ ജീവിതമെന്ന് തോർപ്പ് അടയാളപ്പെടുത്തി.
മഹത്തായ ശാശ്വതമായ ക്ഷമയുള്ള വ്യക്തിത്വമാണ് ഗുഡോളിനുള്ളതെന്ന് സാക്ഷ്യപ്പെടുത്തിയത് ലോകപ്രസിദ്ധ പാലിയോ ആന്ത്രപ്പോളജിസ്റ്റായിരുന്ന ലൂയിസ് ലീക്കിയായിരുന്നു. അത്രമാത്രം ക്ഷമയോടെയായിരുന്നു അവർ നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തിയതും അവ രേഖപ്പെടുത്തുകയും ചെയ്തിരുന്നത്.

ഡോ. വാലറി ജെയിൻ മോറിസ് ഗുഡോളെന്നാണ് പൂർണനാമം. ചിമ്പാൻസികളുടെ വിശാലലോകം ഗവേഷക ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ വനിത എന്ന നിലയിലാണ് ഇവർ പാരിസ്ഥിതിക വിദഗ്ധർക്കിടയിൽ പ്രശസ്തയായത്. 1934 ഏപ്രിൽ മൂന്നിന് ഇംഗ്ലണ്ടിലെ ബേൺമൗത്തിലായിരുന്നു ജനനം. ചിമ്പാൻസികളോട് അടുത്തിടപഴകി, അവരുടെ വ്യക്തിത്വ സവിശേഷതകളും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ പ്രത്യേകതകളും പഠിക്കുകയെന്നതായിരുന്നു ഗുഡോളിന്റെ എന്നത്തേയും അഭിനിവേശം.

പ്രമുഖ പാലിയോ ആന്ത്രപ്പോളജിസ്റ്റായ ലൂയിസ് ലീക്കിയുടെ വ്യക്തിപരമായ ശ്രദ്ധയിലും ശിക്ഷണത്തിലുമായിരുന്നു ജെയ്ൻ ഗുഡോളിന്റെ വളർച്ച. മനുഷ്യപരിണാമ പഠനത്തിലേക്ക് ശ്രദ്ധേയമായ കൂട്ടിച്ചേർക്കലുകൾ നടത്തി, ജീവിതംതന്നെ അതിനായി സമർപ്പിച്ച ഗവേഷകരായിരുന്നു ലീക്കിയും ഭാര്യ മേരി ലീക്കിയും. പശ്ചിമ ടാൻസാനിയായിലെ ഗോബേ സ്ട്രീം ദേശീയോദ്യാനത്തിൽ ചിമ്പാൻസികളെപ്പറ്റിയുള്ള തന്റെ പഠനത്തിന് ജെയ്ൻ തുടക്കമിട്ടു.

ഗോംബെ നാഷണൽ പാർക്കിൽ തികച്ചും വന്യമൃഗങ്ങളായ ചിമ്പാൻസികളോട് ക്ഷമയോടും, ധൈര്യത്തോടും ജെയ്ൻ സഹവർത്തിച്ചു. ചിമ്പാൻസികൾ ജെയിനിനെ പതുക്കെ അവരിൽ ഒരാളായി സ്വീകരിച്ചു. ആദ്യമായി സൗഹൃദം സ്ഥാപിച്ച ചിമ്പാൻസിയെ അവർ ഡേവിഡ് ഗ്രേബിയേർഡ് എന്നു പേരിട്ടു വിളിച്ചു. ഈ ചിമ്പാൻസിയാണ് ആദ്യമായി ഒരു പണിയായുധം ഉപയോഗിക്കുന്നതായി ജെയ്ൻ കണ്ടെത്തിയത്. ചിതൽപ്പുറ്റിൽ നിന്നും ചിതലുകളെ പുറത്തെടുത്ത് ഭക്ഷിക്കാനായി അവനൊരു പുൽക്കഷ്ണം ഉപയോഗിക്കുന്നു. ചിമ്പാൻസികൾ ഭക്ഷണത്തിനായി വേട്ടയാടുമെന്നും, മാംസം ഭക്ഷിക്കുമെന്നും അവർ കണ്ടെത്തി. അവരവരുടെ അധീനപ്രദേശം സംരക്ഷിക്കുന്നതിനായി തീക്ഷ്ണമായി പോരാടുമെന്നും പെൺ ആൾക്കുരങ്ങുകൾക്ക് പ്രമുഖസ്ഥാനങ്ങളുണ്ടെന്നും ബോധ്യപ്പെട്ടു. അവർക്കിടയിൽ വളരെ തീവ്രമായ മാതൃശിശു ബന്ധം നിലനിൽക്കുന്നു. ആംഗ്യംകൊണ്ടുള്ള അവരുടെ ആശയവിനിമയം മനുഷ്യരുടേതിന് സമാനമാണെന്നും ജെയ്ൻ കണ്ടെത്തി.

ചിമ്പാൻസികളുടെ സംരക്ഷണത്തിനും, ഗവേഷണത്തിനുമായി 1977ൽ ജെയ്ൻ ഗുഡോൾ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു. 1986‑ൽ തന്റെ 26 വർഷങ്ങളിലെ ഗവേഷണം പൂർത്തിയാക്കി ‘ചിമ്പാൻസീസ് ഓഫ് ഗോംബെ-പാറ്റേൺസ് ഓഫ് ബിഹേവിയർ’ എന്ന സമഗ്ര പഠനം പ്രസിദ്ധീകരിച്ചു.

ഗവേഷകയെന്ന പദവിയിൽ നിന്ന് സംരക്ഷണപ്രവർത്തക, പരിസ്ഥിതി പ്രവർത്തക എന്നീ പദവികളിലേക്ക് 1986ന് ശേഷം ജെയിൻ മാറി. ആ വർഷം നടത്തിയ ഒരു പ്രെെമറ്റോളജി കോൺഫറൽസിൽ പങ്കെടുത്ത എല്ലാവരും വനനശീകരണത്തെ കുറിച്ചാണ് സംസാരിച്ചത്. ഇത് വനനശീകരണ പ്രശ്നങ്ങളിലേക്കും ജെയിനിന്റെ ശ്രദ്ധ തിരിച്ചു. ജെയിൻ ചിമ്പാൻസികളെ അടുത്തറിഞ്ഞ ഗോംബെ സ്ട്രീം നാഷണൽ പാർക്കിലും ചെറിയ തോതിലുള്ള വനനശീകരണമുണ്ടായിരുന്നു. 1990-കളുടെ തുടക്കത്തിൽ ഒരു ചെറുവിമാനത്തിൽ യാത്ര ചെയ്ത ജെയിൻ വനനശീകരണം ഗോംബെ പാർക്കുള്ള പ്രദേശത്തെയും വ്യാപകമായി ബാധിക്കുന്നതായി കണ്ടെത്തി.
ചിമ്പാൻസികളുടെ പ്രധാന ആവാസവ്യവസ്ഥയായ കാടുകൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ജെയിൻ അടിയുറച്ച് വിശ്വസിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. ചിമ്പാൻസികൾക്കായുള്ള അഭയകേന്ദ്രങ്ങൾ സ്ഥാപിക്കാനും ജെയിൻ നേതൃത്വം നൽകി. 1977ൽ ദി ജെയിൻ ഗുഡോൾ ഇൻസ്റ്റിറ്റ്യൂട്ട് (ജെജിഐ) എന്ന ആഗോള സംരക്ഷണ സ്ഥാപനവും (glob­al com­mu­ni­ty-cen­tered con­ser­va­tion orga­ni­za­tion) സ്ഥാപിച്ചു. 1991ൽ പ്രശസ്ത പരിസ്ഥിതി യുവജന പ്രസ്ഥാനം റൂട്ട് ആന്റ് ഷൂട്സിന് തുടക്കമിട്ടു.

മനുഷ്യരും ചിമ്പാൻസികളും തമ്മിലുള്ള ബന്ധത്തിൽ വഴിത്തിരിവുകളായ നിരവധി പഠനങ്ങൾ ഗുഡോളിന്റേതായുണ്ട്. ഗുഡോളിന്റെ വിയോഗത്തിൽ ഐക്യരാഷ്ട്ര സംഘടന അനുശോചിച്ചു. ഭൂമിക്കും ഭൂമിയിലെ ജീവജാലങ്ങൾക്കും വേണ്ടി അക്ഷീണം പ്രവർത്തിച്ച മഹാപ്രതിഭയായി ജെയ്ൻ ഗുഡോളിനെ യുഎൻ വിശേഷിച്ചിച്ചു. ഇൻ ദ ഷാഡോ ഓഫ് മാൻ, റീസൺ ഫോർ ഹോപ്: എ സ്പിരിച്വൽ ജേണി എന്നിങ്ങനെ നിരവധി ശ്രദ്ധേയ പുസ്തകങ്ങളും ഗുഡോൾ എഴുതിയിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.