15 December 2025, Monday

Related news

December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025

ആലപ്പുഴയിൽ എന്റെ കേരളം’ പ്രദർശന‑വിപണന മേളയ്ക്ക് ആവേശകരമായ തുടക്കം

അതിദരിദ്രരെ ഇല്ലാതാക്കാനുള്ള സമഗ്ര പദ്ധതിനടപ്പാക്കുന്ന ആദ്യ സംസ്ഥാനം കേരളം;മന്ത്രി പി.പ്രസാദ്
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി 
Janayugom Webdesk
ആലപ്പുഴ
May 6, 2025 9:29 pm

സംസ്ഥാനത്ത് അതിദരിദ്രർ എന്ന വിഭാഗം ഇല്ലാതാകുമെന്നും 2025 നവംബർ ഒന്നാം തീയതി മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികം ‘എന്റെ കേരളം’ പ്രദർശന‑വിപണന മേള ആലപ്പുഴ ബീച്ചിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.

ഇന്ത്യയിൽ ആദ്യമായാണ് ഒരു സർക്കാർ അതിദാരിദ്ര്യത്തെ പൂർണമായും ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഭവനരഹിതർക്ക് വീടും സ്ഥലവും നൽകിയും മുന്നോട്ടുള്ള ജീവിതത്തിനായുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചും കൃത്യതയാർന്ന വിവരശേഖരണം നടത്തിയുമാണ് കേരളം പദ്ധതി പൂർത്തീകരണത്തിലേക്ക് എത്തുന്നത്.

1957 ൽ ഇ എം എസ് സർക്കാർ അധികാരത്തിലേറിയതിന്റെ ആറാം നാൾ എടുത്ത തീരുമാനം ഇന്ത്യക്കാർക്ക് ആകെ അഭിമാനമായ ഒന്നായിരുന്നു. ഒരാളെപ്പോലും കുടിയൊഴിപ്പിക്കാൻ പാടില്ല എന്ന വിഖ്യാതമായ തീരുമാനമാണ് അന്ന് കൈക്കൊണ്ടത്. അന്നുമുതൽ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ഒപ്പമുണ്ട്.

സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ കടമെടുക്കുന്നതിൽ അവഗണനയും കൊടിയ അനീതിയുമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.കേരളത്തിനു മുന്നിൽ മാത്രം നിബന്ധനയുടെ മതിലുകൾ പടുത്തുയർത്തിക്കൊണ്ട് പ്രത്യേക നിലപാടുകളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് തുടക്കം കുറിക്കുന്നത് കേരളത്തിലാണ്. ജില്ലയിലെ താലൂക്ക് ആശുപത്രികൾ അത്യാധുനിക സൗകര്യങ്ങൾ ഉള്ള ബഹുനില കെട്ടിടങ്ങളോടെ അടിമുടി മാറി എന്നും മന്ത്രി പറഞ്ഞു.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കുമ്പോൾ വിഴിഞ്ഞം പദ്ധതി ഏറ്റവും വലിയ നേട്ടമായി നിലകൊള്ളുന്നു. 63% തുകയാണ് സംസ്ഥാന സർക്കാർ ഇതിനായി മുടക്കിയത്. 2048 ൽ യാഥാർത്ഥ്യമാക്കേണ്ട പദ്ധതി 2025ൽ ഒന്നാം ഘട്ടം പൂർത്തിയാക്കാൻ സാധിച്ചത് കേരളത്തിന് അഭിമാനകരമായ നേട്ടമാണ്. എന്റെ കേരളം അഭിമാന കേരളം എന്നും വികസന കേരളം എന്നും പറയുന്നത് എന്തുകൊണ്ടാണ് എന്നതിനുള്ള തെളിവുകൾ എന്റെ കേരളം പ്രദർശന വിപണന മേളയിലെ പവലിയനുകളിൽ പൊതുജനങ്ങൾക്ക് കാണുവാൻ സാധിക്കുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ നേര്‍ക്കാഴ്ചയായി കെഎസ്‌യുഎം പവലിയന്‍

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ആലപ്പുഴയില്‍ നടക്കുന്ന എന്റെ കേരളം 2025 പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധേയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) പവലിയന്‍. നിര്‍മ്മിതബുദ്ധി, റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുന്നതാണ് പവലിയന്‍. ആലപ്പുഴ ബീച്ചില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശന മേളയിലെ കെഎസ്‌യുഎം പവലിയന്‍ മേയ് 12 വരെ സന്ദര്‍ശിക്കാം.

ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നേരിട്ടറിയാന്‍ സാധിക്കുന്ന എക്സ്പീരിയന്‍സ് സെന്ററുകളായാണ് കെഎസ്‌യുഎമ്മിന്റെ പവലിയന്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍മ്മിത ബുദ്ധി, ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ത്രിഡി പ്രിന്റിംഗ്, ഡ്രോണ്‍, റോബോട്ടിക്സ്, ഐഒടി, തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രദര്‍ശനമാണ് നടത്തുന്നത്. ‘ആള്‍ ഫോര്‍ കോമണ്‍ പീപ്പിള്‍’ എന്ന ആശയത്തിലാണ് പവലിയന്‍ ഒരുക്കിയിട്ടുള്ളത്.

ഭാവിയിലെ സാങ്കേതികവിദ്യകളുടെ പരിവര്‍ത്തനാത്മകമായ സ്വാധീനത്തെക്കുറിച്ച് അറിവ് പകരുന്നതാണ് ഈ പവലിയനെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും തിരിച്ചറിയാനും നിത്യജീവിതത്തില്‍ അവയുടെ പ്രയോജനത്തെക്കുറിച്ച് മനസ്സിലാക്കാനും പ്രദര്‍ശനം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബ്ദത്തിലൂടെ വീഡിയോ നിര്‍മ്മാണം, ശബ്ദത്തിലൂടെ ടാക്സി വിളിക്കല്‍, പുതുതലമുറ വാക്കുകളുടെ വിശകലനം, എആര്‍ വിആര്‍ കണ്ണടകള്‍, ഗെയിമുകള്‍, ഡോഗ്ബോട്ട് എന്ന റോബോട്ട് നായ, കുട്ടികള്‍ക്ക് ക്ലാസെടുക്കുന്ന റോബോട്ട്, മിനി ബോട്ട്, കൃഷി, ഉദ്യാനപാലനം എന്നിവ സാധ്യമാക്കുന്ന ഐഒടി സംവിധാനം, എഐ കാരിക്കേച്ചര്‍, ഫോട്ടോയിലൂടെ മുഖം തിരിച്ചറിയുന്ന സംവിധാനം തുടങ്ങിയ സാങ്കേതികവിദ്യകളെ പ്രദര്‍ശനത്തില്‍ നേരിട്ടറിയാം.

പ്രവാസി ക്ഷേമനിധി കുടിശ്ശിക നിവാരണത്തിനുള്ള അവസരം

കേരള സർക്കാരിന്റെ 4-ാം വാർഷികത്തോടനുബന്ധിച്ച് 12 വരെ ആലപ്പുഴ ബീച്ചിൽ നടക്കുന്ന പ്രദർശന വിപണന മേളയിൽ പ്രവാസി ക്ഷേമ ബോർഡിന്റെ സ്റ്റാളിൽ കുടിശ്ശിക നിവാരണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അംശദായം അടയ്ക്കാനുള്ളവർക്ക് അടയ്ക്കുന്നതിനുള്ള അവസരവും അംശദായ അടവ് മുടക്കം വരുത്തിയവർക്ക് കുറഞ്ഞ പലിശ നിരക്കിൽ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അവസരവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. പ്രവാസി ക്ഷേമനിധി പെൻഷൻ കൈപ്പറ്റുന്നവർക്ക് സ്റ്റാളിലെത്തി ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ട് നൽകുവാൻ സാധിക്കും. പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട് ഏതുതരം സംശയനിവാരണത്തിനും നേരിട്ടുള്ള അവസരവും മേളയിലെ 67മുതൽ 69 വരെയുള്ള സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. പ്രവാസി ക്ഷേമനിധി അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ നേരിട്ടെത്തി ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

കൈയ്യക്ഷരം നല്ലതാണോ?സാക്ഷരതാമിഷൻ സമ്മാനം നൽകും

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാംവാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലെ സാക്ഷരതാ മിഷന്റെ സ്റ്റാളിൽ (സ്റ്റാൾ നമ്പർ 117) കൈയ്യെഴുത്ത് മത്സരം നടക്കുന്നു.

ഓരോ ദിവസവും വിജയികൾക്ക് സമ്മാനവും നൽകും. നല്ല കൈയ്യക്ഷരമുള്ളവർക്കാണ് സമ്മാനം. എല്ലാ ദിവസവും ഒരാൾക്കാണ് സമ്മാനം. രാവിലെ 10 മുതൽ രാത്രി 8 വരെയാണ് മത്സരം. വിദഗ്ദ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം അടുത്ത ദിവസം രാവിലെ വിജയിയെ പ്രഖ്യാപിക്കും. സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. “നവകേരളം പുതുവഴികൾ”“നവകേരളത്തിന് പുതുസാക്ഷരത” എന്ന വാചകമാണ് എഴുതേണ്ടത്.
മത്സരാർത്ഥിയുടെ കോഡ് നമ്പർ മാത്രം പേപ്പറിൽ എഴുതിയാൽ മതി.

ചിത്രമെടുക്കാൻ തിക്കും തിരക്കുമായി ത്രീ സിക്സ്റ്റി സെൽഫി പോയിന്റ്

ആലപ്പുഴയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ തുടക്കത്തിലുള്ള പി.ആർ.ഡിയുടെ ത്രീ സിക്സ്റ്റി സെൽഫി പോയിന്റിൽ വീഡിയോ എടുക്കാൻ വൻ തിരക്ക്. വൃത്താകൃതിയിൽ ത്രീ ഡയമൻഷനിൽ കറങ്ങുന്ന വീഡിയോയാണ് വാട്ട്‌സ് അപ്പ് നമ്പർ നൽകിയാൽ അതിവേഗം ലഭ്യമാക്കുക. ജില്ലയുടെ വലിയ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ചിത്രപ്രദർശനവും വീഡിയോ പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോക്‌സ് വച്ചാൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്ന വീഡിയോ സ്വയം ലഭ്യമാക്കുന്ന ഗയിം, സ്പർശിക്കാതെ താളുകൾ മറിയുന്ന പുസ്തകം തുടങ്ങിയ കൗതുകവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.