
ടോവിനോ തോമസിനെ നായകനാക്കി അബിൻ ജോസഫ് തിരക്കഥയെഴുതി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട അതിമനോഹരമായ ഒരു ചലച്ചിത്രാവിഷ്കാരമാണ്. നരിവേട്ടയിലെ ഓരോ മുഹൂർത്തങ്ങളും ചരിത്രത്തെ കാവൽ നിർത്തിയാണ് അനുരാജ് അവതരിപ്പിച്ചിട്ടുള്ളത്. ഒരുപക്ഷെ തന്റെ ജീവിതാനുഭവങ്ങളിലൂടെ പകർന്നു കിട്ടിയ കരുത്തും ഇത്തരമൊരു സിനിമ അവതരിപ്പിക്കാൻ അനുരാജിന് കാവലായിട്ടുണ്ട്. ഓരോ അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളെ മനോഹരമാക്കി.
വർഗീസ് എന്ന പൊലീസുകാരന്റെ വേഷം വളരെ മികച്ച രീതിയിൽ ടോവിനോ അവതരിപ്പിച്ചു. എടുത്തു പറയേണ്ടത് പ്രണവ് ടെഫിന്റെ അഭിനയം ആണ്. താമിയെ തന്റെ ഉള്ളിൽ ആവിഷ്കരിച്ച് തന്നെ പ്രതിഫലിപ്പിക്കാൻ പ്രണവിനായി. അതുപോലെ തന്നെ സിനിമയുടെ ഛായഗ്രഹണവും പ്രശംസയർഹിക്കുന്നത് തന്നെയാണ്. ഉയർന്ന നിരവാരത്തിൽ തന്നെ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നു.
ദൃഢമായ രാഷ്ട്രീയം സംസാരിച്ചു കൊണ്ടാണ് നരിവേട്ട മുന്നോട്ടു പോകുന്നത്. 2003ലെ മുത്തങ്ങ ആദിവാസി സമരവും അതിനെതിരെ അന്നത്തെ കോൺഗ്രസ് ഭരണകൂടം നടത്തിയ കിരാതമായ ആക്രമണവും വർത്തമാന തലമുറകളിലെ ചർച്ചകളിലേക്ക് കൊണ്ടുവരുവാൻ ഈ സിനിമയ്ക്കായി. ഒരു നീറലോടെയല്ലാതെ മുത്തങ്ങ സംഭവം ഓർത്തെടുക്കാൻ കഴിയുകയില്ല. മുത്തങ്ങ, കേരളത്തിന് മറക്കാൻ കഴിയുന്ന പേരല്ല. ഒരു തുണ്ട് ഭൂമിക്കായി മണ്ണിന്റെ മക്കൾ നടത്തിയ അവകാശ സമരത്തിന്റെ അടയാളമാണ് ആ പേരിലൂടെ പ്രതിഫലിക്കുന്നത്.
മുത്തങ്ങയിലെ ജനങ്ങളെ കോൺഗ്രസ് ഭരണകൂടം ആട്ടിയോടിച്ചപ്പോൾ അവരെ ചേർത്തുപിടിച്ചത് ഇടതുപക്ഷമാണ്.
അന്ന് സമരത്തിൽ പങ്കെടുത്ത 283 കുടുംബങ്ങൾക്കും ഇടതുപക്ഷ സർക്കാർ ഭൂമി നൽകി. ബാക്കിയുണ്ടായിരുന്ന 37 കുടുംബങ്ങൾക്കും നേരിട്ട് ഭൂമിയുടെ അവകാശം കൈമാറി. ഒരേക്കർ ഭൂമി വീതമാണ് 2023 മാർച്ച് മാസത്തിൽ നൽകിയത്. ഇതോടെ മുത്തങ്ങാ സമരക്കാരായ 283 കുടുംബങ്ങൾക്കും ഭൂമി ലഭിച്ചു. ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങുമ്പോഴും അവരുടെയുള്ളിൽ 2003ലുണ്ടായ വെടിവയ്പിന്റെ കാതടപ്പിക്കുന്ന വേദനകൾ നിഴലിച്ചുനിന്നിരുന്നു.
അന്ന് കേരളം ഭരിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ നിർദേശാനുസരണമാണ് പൊലീസ് മുത്തങ്ങയിൽ സമരം ചെയ്യുന്ന ആദിവാസികൾക്കെതിരെ നിറയൊഴിക്കുകയും ക്രൂരമർദനത്തിന് ഇരയാക്കുകയും ചെയ്തത്. അവർക്ക് താമസിച്ച സ്ഥലങ്ങളിൽ നിന്ന് ദിവസങ്ങളോളം മാറിനിൽക്കേണ്ടി വന്നു. വെടിവയ്പിൽ കൊല്ലപ്പെട്ടവരെ തെളിവ് നശിപ്പിക്കുന്നതിനായി കുഴിയിലേക്ക് വലിച്ചിട്ട് മണ്ണെണ്ണയും പഞ്ചസാരയും ചേർത്ത് കത്തിച്ചുകളഞ്ഞത് സിനിമയിലൂടെ വീണ്ടും അവതരിപ്പിക്കപ്പെടുന്നത് ഒരു നീറലോടെയല്ലാതെ കാണാനാകില്ല.
വെടിവയ്പിൽ കൊല്ലപ്പെട്ട ആദിവാസിയായ ജോഗിയുടെ മകൾ സീതയ്ക്ക് 2006ൽ എൽഡിഎഫ് സർക്കാർ റവന്യുവകുപ്പിൽ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നൽകി. ഇപ്പോൾ മുത്തങ്ങാ സമരത്തിന്റെ പൂർണ വിജയം എന്ന് അവകാശപ്പെടാവുന്നതരത്തില്‍ എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം ഇടതുപക്ഷ സർക്കാർ നിറവേറ്റിയിരിക്കുന്നു. ഇത് ഇച്ഛാശക്തിയുടെ, ദൃഢനിശ്ചയത്തിന്റെ പരിണിത ഫലമെന്നും മന്ത്രി കെ രാജൻ ഫേസ്ബുക്കിൌ കുറിച്ചു
തിയേറ്റര്‍ കീഴടക്കുന്നു
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’യ്ക്ക് വമ്പൻ പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിൽ കാഴ്ച വച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ, കേരളം മൊത്തം ചർച്ച ചെയ്ത വളരെ ഗൗരവപ്പെട്ട വിഷയങ്ങളാണ് പ്രേക്ഷകർക്ക് മുമ്പിലേക്കെത്തിക്കുന്നത്. പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തെയും ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവയ്ക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാ സലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും നല്ല പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലയ്ക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളെ തിരക്കഥാ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന തിരക്കഥാകൃത്ത് അബിൻ ജോസഫിന്റെ പ്രതിഭയും അഭിനന്ദനീയം തന്നെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.