കേരള രാഷ്ട്രീയ ചരിത്രത്തിൽ പകരക്കാരനില്ലാത്ത പേരാണ് കാനം രാജേന്ദ്രൻ എന്നത്. അദ്ദേഹത്തിന്റെ വേർപാടിന് ഒരു വർഷം തികയുന്നു. തിളയ്ക്കുന്ന സമരബോധവുമായി ചേർത്തുവച്ച ജീവിതപ്രതീക്ഷയുടെ പേരായിരുന്നു കാനം രാജേന്ദ്രൻ. എന്നും മുന്നോട്ടുപോകാൻ കൊതിച്ച പോരാളിയായിരുന്നു അദ്ദേഹം. ഏത് പ്രക്ഷുബ്ധാവസ്ഥയിലും അദ്ദേഹം അചഞ്ചലനായി നിന്നു.
രാഷ്ട്രീയവും സാമൂഹികവുമായി പ്രക്ഷുബ്ധമായിരുന്ന 1960കളിൽ വിദ്യാർത്ഥി — യുവജന പ്രസ്ഥാനങ്ങളുടെ സമര, സംഘാടക ഭൂമികയിലായിരുന്നു കാനം രാജേന്ദ്രന്റെ പോരാട്ട ജീവിതം പരുവപ്പെട്ടത്. അക്കാലത്തെ അനുഭവങ്ങളേകിയ സമരവീര്യവും വിപുലമായ സുഹൃദ് ബന്ധങ്ങളും അദ്ദേഹത്തിന്റെ പ്രവർത്തന മികവിന് മാറ്റുകൂട്ടി. പ്രായം ഇരുപതുകളിലെത്തുമ്പോൾ യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന ഭാരവാഹിയാകുക എന്നത് അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. അതിനകംതന്നെ അത്തരമൊരു ഉത്തരവാദിത്തമേൽക്കാൻ കഴിവുറ്റവനായി കാനം എന്നാണ് അത് തെളിയിക്കുന്നത്. ഇതുവരെ മറ്റൊരാള്‍ക്കും അതുപോലൊരു സ്ഥാനലബ്ധിയുണ്ടായിട്ടില്ല.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളും പരിണിതപ്രജ്ഞരുമായ നിരവധി നേതാക്കൾക്കൊപ്പം സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാകുമ്പോൾ അദ്ദേഹത്തിന് 23 വയസുമാത്രമായിരുന്നു. ആ പ്രായത്തിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിക്കാൻ അവസരമുണ്ടായി എന്നത് രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് വിസ്മയകരമായേക്കാവുന്ന ഒരു യാഥാർത്ഥ്യമാണ്.
കാനം രാജേന്ദ്രനെ കുറിച്ച് ഒരു കുറിപ്പെഴുതാനിരിക്കുമ്പോൾ മനസിൽ ഓർമ്മകളുടെ തിരയിളക്കമുണ്ടാകുന്നുണ്ട്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കോട്ടയം വൈക്കത്തെ പാർട്ടി ഓഫിസിൽ ആദ്യമായി കണ്ടതു മുതൽ പിന്നീടുള്ള അരനൂറ്റാണ്ടിലധികം കാലത്തെ ഓർമ്മകൾ. കാനം അന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറിയായിരുന്നു. അന്നുമുതൽ അദ്ദേഹത്തിന്റെ അവസാനനാളുകൾ വരെ സംഘടനാ പ്രവർത്തനങ്ങളിലും പ്രക്ഷോഭസമരങ്ങളിലും കൈകോർത്തുപിടിച്ചാണ് മുന്നോട്ടുനീങ്ങിയത്.
1970കളിലെ എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും പ്രവർത്തനങ്ങൾ സങ്കീർണതകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. ആ വെല്ലുവിളികള്‍ക്കിടയില്‍ രണ്ടു സംഘടനകളും ആകാവുന്ന എല്ലാ പ്രവർത്തനങ്ങളും നടത്തുവാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്ന അക്കാലത്താണ് കാനം കേരളത്തിലെ യുവജന പ്രസ്ഥാനത്തിന്റെ ഭാരവാഹിയായി പ്രവർത്തിച്ചത്. വിദ്യാർത്ഥി, യുവജന സംഘടനകളെ സമരോത്സുകവും വിപുലമായ അടിത്തറയുള്ള സംഘടനാ ശക്തിയുമാക്കി മാറ്റുന്നതിന് അദ്ദേഹത്തിന്റെ നേതൃപാടവത്തിനായി. അക്കാലത്തെ വിദ്യാർത്ഥി, യുവജന പ്രവർത്തകരെല്ലാം ആ നേതാവിന്റെ സമരശേഷിയും സംഘടനാ പ്രവർത്തനത്തിലെ മികവും നേരിട്ടനുഭവിച്ചവരാണ്.
വിദ്യാർത്ഥി, യുവജന പ്രവർത്തനങ്ങൾക്കുശേഷം തൊഴിലാളി പ്രസ്ഥാനമായ എഐടിയുസിയുടെ ഭാരവാഹിത്വത്തിലെത്തിയപ്പോഴും ആ സമരശേഷിയും സംഘടനാ പ്രവർത്തനമികവും കൂടുതൽ തിളക്കമേറിയതായി. സിപിഐ കോട്ടയം ജില്ലാസെക്രട്ടറി, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ദേശീയ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളിലെല്ലാം അദ്ദേഹത്തിന്റേതായി അടയാളപ്പെട്ട നിരവധി കാര്യങ്ങളുണ്ടായിരുന്നു. തൊഴിലാളി സംഘടനകൾ ഇറങ്ങിച്ചെല്ലാൻ മടിച്ചിരുന്ന അസംഘടിത മേഖലയിലേക്ക് എഐടിയുസി നേതാവായിരിക്കെ അദ്ദേഹം കടന്നുചെന്നു. പുതുതായി സൃഷ്ടിക്കപ്പെട്ട തൊഴിൽ വിഭാഗങ്ങളെ സംഘടനയുടെ പതാകയ്ക്ക് കീഴിൽ അണിനിരത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് മികച്ചതായിരുന്നു.
തൊഴിലാളി സംഘടനകൾ പരമ്പരാഗത മേഖലകളുടെ പരിസരങ്ങളിൽ കറങ്ങിനിൽക്കുന്ന ഘട്ടത്തിൽ പുതുതലമുറ ബാങ്കുകൾ, വിവര സാങ്കേതിക രംഗം, സാംസ്കാരികം, സിനിമ തുടങ്ങിയ പുതുതൊഴിൽ മേഖലകളിലുള്ളവരെയും അധ്വാനിക്കുന്നവരായിക്കണ്ട്, സംഘടനാ രൂപീകരണശ്രമങ്ങൾ ആരംഭിച്ചതും ലക്ഷ്യം കണ്ടതും അദ്ദേഹത്തിന്റെ കാലത്തായിരുന്നു. അതോടെയാണ് അത്തരം തൊഴിൽ വിഭാഗങ്ങൾ സർക്കാർ തലത്തിൽ പരിഗണിക്കപ്പെടുകയും അവകാശങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്തത്. ഇതിന്റെ ചുവടുപിടിച്ചാണ് മറ്റുള്ളവർ ഈ രംഗത്തുള്ളവരെ സംഘടിപ്പിക്കുവാനാരംഭിച്ചത്. സഖാവ് കാനത്തിന്റെ ദീർഘവീക്ഷണമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
തോട്ടം തൊഴിലാളികളുടെ ജീവിത യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടാണ് കാനം രാജേന്ദ്രൻ സാമൂഹ്യ രാഷ്ട്രീയ ബോധത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. നിയമസഭ കണ്ട ഏറ്റവും ആഴമുള്ള വിശ്വാസങ്ങളും ബോധ്യങ്ങളും അറിവുമുള്ള നിയമസഭാ സാമാജികനും ഊർജസ്വലതയെ എങ്ങനെ മൂർച്ചയുള്ള നിലപാടാക്കി മാറ്റാൻ കഴിയുമെന്ന് തെളിയിച്ച അംഗവുമായിരുന്നു അദ്ദേഹം. ലളിതവും അതേസമയം വിഷയങ്ങളെ ആഴത്തിൽ പഠിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രസംഗശൈലിക്ക് പ്രത്യേക ആകർഷണീയതയുണ്ടായിരുന്നു. വിവാദങ്ങളെക്കാൾ വിഷയത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്.
സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റശേഷം കൂടുതൽ കരുത്തുറ്റ പാർട്ടി കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രശ്നങ്ങളെ എങ്ങനെ കാണണമെന്ന് ജീവിതം കൊണ്ട് തെളിയിച്ചു. തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റിന് മുന്നോട്ടുപോകാനുള്ള വെളിച്ചവും വളവും സമാഹരിച്ചുകൊണ്ടാണ് അദ്ദേഹം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പ്രവർത്തിച്ചത്. അവശ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് അദ്ദേഹം കാത് കൂർപ്പിക്കുകയും ഭരണത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും പരിഹാര സാധ്യതകൾ തേടുകയും ചെയ്തു. സർഗ പ്രതിഭകളെ എന്നും സ്വന്തമാക്കിയ നേതാവ് കൂടിയായിരുന്ന കാനം പാട്ടിനെയും സാഹിത്യത്തെയും സിനിമയെയും പ്രണയിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം കാട്ടിയ മികവ് മുന്നണി രാഷ്ട്രീയത്തിന്റെ പ്രവർത്തനപഥങ്ങളിൽ വേറിട്ടുനിൽക്കുന്നു. വ്യതിയാനങ്ങളെ വിമർശിക്കുമ്പോഴും അതിരുവിടാതിരിക്കുവാൻ ബദ്ധശ്രദ്ധനായിരുന്നു. എഐടിയുസി സംസ്ഥാന ഭാരവാഹിയായിരിക്കെ അദ്ദേഹത്തിന്റെ മുൻകയ്യിൽ പണിതുയർത്തിയതാണ് പട്ടത്തെ പിഎസ് സ്മാരകം. എഐടിയുസി സംസ്ഥാന ആസ്ഥാനമെന്നതിനപ്പുറം പഠന ഗവേഷണ കേന്ദ്രവും ലൈബ്രറിയുമുൾപ്പെടെ വിപുലമായ സംവിധാനമായി പിഎസ് സ്മാരകത്തെ മാറ്റുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു. കൊല്ലം കുളക്കടയിൽ പടുത്തുയർത്തിയ, സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്റെ സ്മാരക സമുച്ചയവും അദ്ദേഹത്തിന്റെ ഭാവനയിൽ വിരിയുകയും മുൻകയ്യിൽ യാഥാർത്ഥ്യമാകുകയും ചെയ്തതാണ്. രാഷ്ട്രീയ പാഠശാലയും ജനസേവനത്തിനായി പ്രവർത്തിക്കുന്ന ജനസേവാദളിന്റെ പരിശീലന കേന്ദ്രവുമായി വിഭാവനം ചെയ്താണ് കാനം സി കെ ചന്ദ്രപ്പൻ സ്മാരകം രൂപകല്പന ചെയ്തത്.
കേരളത്തിലെ സിപിഐയുടെ ആസ്ഥാനമായി പ്രവർത്തിച്ചുവന്നിരുന്ന എംഎൻ സ്മാരകം വിപുലീകരിക്കണമെന്നതും കാനത്തിന്റെ സ്വപ്നമായിരുന്നു. അതിനുള്ള എല്ലാ പ്രാഥമിക പ്രവർത്തനങ്ങളും പൂർത്തിയാക്കി പണി നടന്നുകൊണ്ടിരിക്കേയാണ് അദ്ദേഹം ആകസ്മികമായി വിട പറഞ്ഞത്. നവീകരിച്ച എംഎൻ സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹമുണ്ടാകില്ലല്ലോ എന്നത് നമ്മുടെയെല്ലാം നൊമ്പരമാണ്. പിഎസ് സ്മാരകം, സി കെ ചന്ദ്രപ്പൻ സ്മാരകം, നവീകരിച്ച എംഎൻ സ്മാരകം എന്നിവ അദ്ദേഹത്തിന്റെ സംഘാടന വൈഭവത്തിന്റെ പ്രതീകങ്ങളായാണ് തലയുയർത്തിനിൽക്കുക. അവിടങ്ങൾ കാനം വിഭാവനം ചെയ്തതു പോലെ ജനസേവനത്തിന്റെയും ആശയപഠനത്തിന്റെയും വായനയുടെയും ചർച്ചകളുടെയും സംവാദത്തിന്റെയും കേന്ദ്രങ്ങളായി കാത്തുസൂക്ഷിക്കുക എന്നത് നാം പിൻഗാമികൾക്ക് ചെയ്യുവാനുള്ള കടമ കൂടിയാണ്.
ഇന്ത്യയും കേരളവും കടുത്ത വെല്ലുവിളികൾക്കു മുമ്പിൽ നിൽക്കുമ്പോഴാണ് കാനത്തിന്റെ വേർപാടുണ്ടായത്. ആ വെല്ലുവിളികൾ ദേശീയതലത്തിലും സംസ്ഥാനത്തും കൂടുതൽ രൂക്ഷമായിരിക്കുകയുമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും എൽഡിഎഫിനുമെതിരായ പ്രചരണങ്ങളും വിവാദങ്ങളും കത്തിനിൽക്കുമ്പോൾ അദ്ദേഹത്തിന്റെ അഭാവം വല്ലാതെ അനുഭവവേദ്യമാകുന്നു.
ഹിറ്റ്ലറുടെ ഫാസിസത്തിന്റെ ഇന്ത്യൻ മുഖമായ ആർഎസ്എസ് — ബിജെപി കൂട്ടുകെട്ട് നാടിനുമേൽ കൂടുതല്‍ പിടിമുറുക്കാൻ കോപ്പു കൂട്ടുകയാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തനിച്ച് ഭൂരിപക്ഷമുണ്ടായില്ലെങ്കിലും സഖ്യകക്ഷികളുടെ പിൻബലത്തിൽ ഭരണമുറപ്പിച്ച ബിജെപി, മതേതരത്വവും ജനാധിപത്യവുമടക്കം ഇന്ത്യയുടെ അടിസ്ഥാന പ്രമാണങ്ങളെല്ലാം തകർക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു.
ഈ സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റുകാർ കൂടുതൽ കടമകൾ ഏറ്റെടുക്കേണ്ട ഘട്ടത്തിലാണ് ഒന്നാം ചരമ വാർഷികത്തിൽ നാം കാനം രാജേന്ദ്രന്റെ സ്മരണ പുതുക്കുന്നത്. ജീവിതപ്രതീക്ഷയുടെ പ്രകാശമുള്ള പ്രതീകമായി നമ്മെ നയിച്ച സഖാവിന്റെ ഓർമ്മകൾ ഭാവിയിലേക്കുള്ള നമ്മുടെ ഊർജമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.