9 March 2026, Monday

Related news

March 9, 2026
March 9, 2026
March 9, 2026
March 9, 2026
March 9, 2026
March 8, 2026
March 8, 2026
March 8, 2026
March 8, 2026
March 7, 2026

ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന് ഓഫർ; കോഴിക്കോട് കടയ്ക്ക് മുമ്പിൽ സംഘർഷം

Janayugom Webdesk
കോഴിക്കോട്
March 8, 2026 10:19 pm

ഉദ്ഘാടന ദിവസം ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന ഓഫർ പ്രഖ്യാപിച്ച കോഴിക്കോട്ടെ കടയ്ക്ക് മുമ്പിൽ സംഘർഷം. ആയിരക്കണക്കിന് പേരാണ് ഓഫറിനെ തുടർന്ന് കടയ്ക്ക് മുന്നിലെത്തിയത്. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. മാനാഞ്ചിറ വൈക്കം മുഹമ്മദ് ബഷീർ റോഡിലെ ട്രെൻഡ് ഫാക്ടറി എന്ന കടയാണ് റീ ലോഞ്ചിനോടനുബന്ധിച്ച് ഒരു രൂപ നോട്ടുമായി എത്തുന്നവർക്ക് 2,000 രൂപ വിലയുള്ള ഷൂ നൽകുമെന്ന് പ്രഖ്യാപിച്ചത്. ആദ്യമെത്തുന്ന 100 പേർക്ക് ഷൂവും പിന്നീടുള്ള 100 പേർക്ക് വിലപിടിച്ച വാച്ചും നൽകാമെന്നായിരുന്നു ഓഫർ. സമൂഹമാധ്യമം വഴി ഇതിന് വലിയ പ്രചാരണവും നൽകി. തുടർന്ന് കുട്ടികളും യുവാക്കളും ഉൾപ്പെടെ വൻ ജനാവലി സ്ഥലത്തെത്തിയതോടെ കട തുറക്കാൻ പോലും സാധിക്കാത്ത വിധത്തിലായി.

പുലർച്ചെ മുതൽ എത്തി, ഏറെ നേരം കാത്തു നിന്നിട്ടും ഷൂ ലഭിക്കാത്തതിനെ തുടർന്ന് ആളുകൾ പ്രതിഷേധിച്ചു. ഓഫർ ലഭിക്കാതെ പിരിഞ്ഞുപോകില്ലെന്ന് പ്രഖ്യാപിച്ച ഇവർ പ്രതിഷേധം കനപ്പിച്ചതോടെയാണ് സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിയത്. ടൗൺ പൊലീസ് സ്ഥലത്തെത്തി പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കൂടുതൽ പൊലീസെത്തുകയും ലാത്തിവീശി ആളുകളെ വിരട്ടിയോടിക്കുകയുമായിരുന്നു.
സംഭവത്തിൽ കടയുടമകൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മതിയായ സുരക്ഷ ഒരുക്കാതെ ആളുകളെ വിളിച്ചുവരുത്തി എന്നാണ് കേസ്. അനുമതിയില്ലാതെ കട തുറക്കരുതെന്ന നിർദേശവും പൊലീസ് നൽകിയിട്ടുണ്ട്. ഇതേസമയം ഒരു രൂപ നോട്ടിനൊപ്പം പ്രത്യേക കൂപ്പൺ കൂടി കൊണ്ടുവരുന്നവർക്കാണ് ഓഫർ നൽകാനൊരുങ്ങിയതെന്ന് കടയുടമകൾ പറയുന്നു. ആളുകൾ ഇത് ശ്രദ്ധിക്കാതെ തടിച്ചുകൂടുകയായിരുന്നുവെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.