
വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ശബ്ദസന്ദേശം. നിമിഷ പ്രിയയുടെ മോചനത്തിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് നടപടി. നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ എടപ്പാളിനാണ് നിമിഷപ്രിയയുടെ ശബ്ദസന്ദേശം ലഭിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഉത്തരവ് ജയിലില്‍ എത്തിയെന്നും ഒരുക്കങ്ങള്‍ ആരംഭിച്ചതായും ഒരു അഭിഭാഷക ഫോണില്‍ അറിയിച്ചെന്നാണ് ശബ്ദസന്ദേശത്തിലുള്ളതെന്ന് ജയന്‍ പറയുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയമോ ഇന്ത്യന്‍ എംബസി വൃത്തങ്ങളോ സ്ഥിരീകരണം നല്‍കിയിട്ടില്ല. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു.
ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വിശ്വാസം. ഇതിനു വേണ്ടിയുള്ള ശ്രമം നിമിഷയുടെ അമ്മയടക്കം യെമനിലെത്തി, ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ മാസങ്ങളായി നടത്തി വരികയായിരുന്നു. ഇറാൻ അടക്കം വിഷയത്തിൽ ഇടപെടലുകൾ നടത്തുന്നതിനിടെയാണ് ആശങ്കപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്. യെമനിലെ വിമത വിഭാഗം ഹൂതി നേതാവ് അബ്‌ദുൽ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി നടത്തിയ ചർച്ച നിമിഷയുടെ മോചനത്തിൽ നിർണായകമാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായാണ് വിവരം ലഭിച്ചതെന്നും നിമിഷ പ്രിയ ശബ്‌ദ സന്ദേശത്തിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.