22 January 2026, Thursday

Related news

January 1, 2026
November 15, 2025
October 22, 2025
September 15, 2025
July 24, 2025
July 23, 2025
July 23, 2025
July 23, 2025
July 23, 2025
July 23, 2025

സമാനതകളില്ലാത്ത ഒരു യുഗം അവസാനിക്കുന്നു; എം വി ഗോവിന്ദൻ

Janayugom Webdesk
തിരുവനന്തപുരം
July 21, 2025 7:01 pm

മുൻ മുഖ്യമന്ത്രിയും സി പി ഐ(എം) നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ സി പി ഐ(എം) സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തി. “സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു,” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അനുസ്മരണക്കുറിപ്പ് ആരംഭിച്ചത്. സമരവും വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരമായ വി എസ് ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കുമെന്നും എം വി ഗോവിന്ദൻ കുറിച്ചു.

“സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു. സമരവും വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം –- വി എസ്, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും. അനീതികളോട് സമരസപ്പെടാത്ത, മനുഷ്യപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച, പാവപ്പെട്ടവന്റെ ജീവിത സമരങ്ങളിലെ മുന്നണി പോരാളിയായ കമ്യൂണിസ്റ്റായിരുന്നു വി എസ്. സഖാവിന്റെ വിയോഗം വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത വിടവാണ് കേരളത്തിനുണ്ടാക്കിയിരിക്കുന്നത്. സമരവും ജീവിതവും രണ്ടല്ലെന്നും ഒന്നാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ് അച്യുതാനന്ദൻ. ജന്മിത്വത്തിനെതിരായ പോരാട്ടത്തിലൂടെ കേരളക്കരയിൽ ഉദിച്ചുയർന്ന നക്ഷത്രമായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാർട്ടി ലോകത്തിന് നൽകിയ അതുല്യസംഭാവന. അനാഥത്വത്തോട് പൊരുതിയ ബാല്യം മുതൽ ആരംഭിച്ചതാണ് ആ സമരജീവിതം. ജീവിതത്തെ സമരമായി കണ്ട അദ്ദേഹം എക്കാലവും നീതി ലഭിക്കാത്ത മനുഷ്യരുടെ അത്താണിയായി. പുന്നപ്ര – വയലാർ സമരം, കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങൾ, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ളയ്ക്കും മതികെട്ടാനിലെ ഭൂമി കയ്യേറ്റത്തിനെതിരായ പ്രതിഷേധം എന്നിവയെല്ലാം വിഎസിന്റെ സമരജീവിതത്തിലെ തിളങ്ങുന്ന അധ്യായമാണ്. രാഷ്ട്രീയത്തിനപ്പുറം എല്ലാ മനുഷ്യരുടെയും ജീവിതത്തിലേക്കും മനസിലേക്കും വിഎസ് ഇറങ്ങിച്ചെന്നത് ഒരു പോരാളിയായാണ്. ദിവാൻ ഭരണത്തിനെതിരെ നടന്ന തൊഴിലാളി വർഗ സമരങ്ങളെ മുന്നിൽ നിന്ന് നയിച്ച കരുത്തായിരുന്നു ആ മഹാ ജീവിതത്തിന്റെ മൂലധനം. പൊലീസിന്റെ ലാത്തിക്കും തോക്കുകൾക്കും തോൽപ്പിക്കാനാകാത്ത കരുത്തുറ്റ ജീവിതം. 

ഭീഷണികൾക്കും അധികാര ദുഷ്പ്രഭുത്വത്തിനും മുന്നിൽ ശിരസ് കുനിക്കാതെ, സ്വയം തെളിച്ച വഴിയിലൂടെയാണ് വിഎസ് കേരളത്തെ നയിച്ചത്. ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ ആ ജീവിതം അവസാനിക്കുമ്പോഴും വിഎസ് ഇല്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാൻ നമുക്കാകില്ല. സ്വാതന്ത്ര്യ സമര സേനാനി, കർഷക, കർഷക തൊഴിലാളി സമരങ്ങളുടെ അതുല്യ സംഘാടകനും അമരക്കാരനും, സിപിഐ എം സംസ്ഥാന സെക്രട്ടറി, പൊളിറ്റ്ബ്യൂറോ അംഗം, കേരളത്തിന്റെ മുഖ്യമന്ത്രി, അഴിമതികളോട് പടവെട്ടിയ പ്രതിപക്ഷ നേതാവ്. അങ്ങിനെ ഒറ്റക്കള്ളിയിൽ ഒതുക്കാൻ കഴിയാത്ത ജീവിതമായിരുന്നു വിഎസിന്റേത്.
പ്രിയസഖാവിന്റെ വിയോഗം അങ്ങേയറ്റം ദുഃഖവും വേദനയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. സഖാവിനൊപ്പമുള്ള അനേകായിരം ഓർമകളാണ് മനസിലേക്ക് ഇരച്ചെത്തുന്നത്. വിപ്ലവ കേരളത്തെ മുന്നിൽ നിന്ന് നയിച്ച ധീര സഖാവിന്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
വിട പ്രിയസഖാവേ. ലാൽസലാം” എം വി ഗോവിന്ദൻ കുറിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.