
കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയതോടെ ചുരം യാത്രയുടെ കുരുക്കഴിയുമെന്ന പ്രതീക്ഷയില്‍ യാത്രക്കാര്‍. നിർമാണം പൂർത്തിയായാൽ രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കമാകും ആനക്കാംപൊയിൽ ‑മേപ്പാടി പാത. കോഴിക്കോടുനിന്ന് മൈസുരു, ബംഗളുരു എന്നിവിടങ്ങളിലേക്കുള്ള ദൂരം ഗണ്യമായി കുറയ്ക്കുന്ന തുരങ്കപാത വരുന്നതോടെ മലബാറിന്റെ ഗതാഗത മേഖലയുടെ മുഖച്ഛായതന്നെ മാറും.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ നിന്നാണ് തുരങ്കപാതയിലേക്കുള്ള നാലുവരി പാത ആരംഭിക്കുന്നത്. ആനക്കാംപൊയിലിൽനിന്ന് മറിപ്പുഴയിലേക്ക് 6.6 കി. മീറ്റർ നാലുവരി പാതയും മറിപ്പുഴയിൽ ഇരുവഴിഞ്ഞി പുഴക്ക് കുറുകെ 70 മീറ്റർ നീളത്തിൽ പാലവും നിർമിക്കും. മറിപ്പുഴയിൽനിന്ന് രണ്ട് കി. മീറ്റർ റോഡ് നാലുവരിപ്പാത പിന്നിട്ടാൽ തുരങ്കപാത തുടങ്ങുന്ന സ്വർഗം കുന്നിലെത്തും. സ്വർഗംകുന്ന് മുതൽ വയനാട് ജില്ലയിലെ കള്ളാടിവരെ 8.11 കി. മീറ്റർ ദൈർഘ്യത്തിലാണ് തുരങ്കം നിർമിക്കുക. തുടർന്ന്, ഒമ്പത് കി. മീറ്റർ ദൂരം സഞ്ചരിച്ചാൽ മേപ്പാടിയിലെത്താം. വെള്ളരിമല, ചെമ്പ്രമല എന്നിവ തുരന്നാണ് തുരങ്കപാത നിർമിക്കേണ്ടത്. ആസ്ത്രേലിയൻ സാങ്കേതികവിദ്യയാണ് തുരങ്കനിർമാണത്തിന് പ്രയോജനപ്പെടുത്തുന്നത്.
തുരങ്കപാതയിൽ അഗ്നിരക്ഷാ സൗകര്യം, സിസിടിവി സംവിധാനം, ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങൾ മാറ്റിയിടാനുള്ള പ്രത്യേക പാത, അപകടത്തിൽപെടുന്ന വാഹനങ്ങൾ പുറത്ത് എത്തിക്കാൻ സൗകര്യം, വായു മലിനീകരണ നിയന്ത്രണം തുടങ്ങിയവ ഉണ്ടാകും. 2,134 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1,341 കോടി രൂപ തുരങ്കപാത നിർമാണത്തിനും 160 കോടി രൂപ തുരങ്കപാതയിലേക്കുള്ള അപ്രോച്ച് റോഡിനുമാണ് വകയിരുത്തിയത്. തുരങ്കപാത നിർവഹണ ഏജൻസി കൊങ്കൺ റെയിൽവേ കോർപറേഷനാണ്. കിഫ്ബിയാണ് ഫിനാൻസ് ഏജൻസി. തുരങ്കപാത നിർമാണ കരാർ ബിൽഡ് കോൺ ലിമിറ്റഡും അപ്രോച് റോഡ് ചുമതല റോയൽ ഇൻഫ്രാസ്ട്രെക്ചർ കമ്പനിക്കുമാണ്.
ഗതാഗതക്കുരുക്ക് രൂക്ഷമായ താമരശേരി ചുരത്തിന് ബദൽ പാതയായി തുരങ്കപാത മാറും. 12 കി. മീറ്റർ ദൈർഘ്യമുള്ള താമരശേരി ചുരത്തിലെ ഒമ്പത് മുടി പിൻ വളവുകളാണ് യാത്രാദുരിതം വർധിപ്പിക്കുന്നത്. ചുരത്തിൽ വലിയ വാഹനങ്ങൾ തകരാറിലാകുന്നതും അപകടങ്ങളുണ്ടാകുന്നതും കാരണം മണിക്കൂറുകളോളം ഗതാഗതം മുടങ്ങുന്ന സാഹചര്യമുണ്ട്. വയനാട്ടുകാർക്ക് കോഴിക്കോട്ടെ ആശുപത്രികളിലേക്കുള്ള പ്രധാന പാതയായ താമരശേരി ചുരത്തിലെ തടസങ്ങൾ പലപ്പോഴും ദുരിതമായി മാറാറുണ്ട്.
മേയ് 14–15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് ആനക്കാംപൊയിൽ –കള്ളാടി–മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ച് കൊണ്ട് നടപ്പിലാക്കാനുള്ള ശുപാർശ നൽകിയത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാർച്ചിൽ പദ്ധതിയ്ക്ക് അനുമതി നൽകിയിരുന്നു. ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിയാഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനയ്ക്കുവിട്ടത്. 60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി അന്തിമ പാരിസ്ഥിതികാനുമതി നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.