
ആർഎസ്എസ് ക്യാമ്പിലെ ലൈംഗിക പീഡനത്തെ തുടർന്ന് കോട്ടയം എലിക്കുളം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെട്ടത് ആർഎസ്എസിന്റെ ജീർണമുഖമാണെന്നും പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും എഐവൈഎഫ്. ആർഎസ്എസ് ശാഖകളിലും ക്യാമ്പുകളിലും കുട്ടികളുടെ നേരെ നടക്കുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
ആർഎസ്എസ് നേതാവ് തന്നെ നിരന്തരം പീഡിപ്പിച്ചുവെന്ന് പറയുന്ന അനന്തുവിന്റെ മരണമൊഴിയുടെ വീഡിയോ കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ അക്കൗണ്ട് വഴി പുറത്ത് വന്നിരുന്നു. ചെറുപ്പകാലം മുതൽ ആർഎസ്എസ് ക്യാമ്പുകളിൽവച്ച് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്നും ഒരിക്കലും ആർഎസ്എസുകാരുമായി ഇടപഴകരുതെന്നും മാനസികവും ലൈംഗികവും ശാരീരികവുമായ പീഡനങ്ങളാണ് ആർഎസ്എസ് ക്യാമ്പുകളിൽ നടക്കുന്നതെന്നുമാണ് അനന്തു പറഞ്ഞിരിക്കുന്നത്. താൻ ലൈംഗിക പീഡനം നേരിട്ടിട്ടുണ്ടെന്നും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും അനന്തു തങ്ങളോട് പറഞ്ഞതായി സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതോടൊപ്പം അദ്ദേഹം ഒന്നിലധികം ആർഎസ്എസ് ക്യാമ്പുകളിൽ പങ്കെടുത്തതായി നിലവിൽ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ആർഎസ്എസ് ക്യാമ്പുകളിൽ നിരീക്ഷണവും നിയന്ത്രണവും കർശനമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് അനന്തു ആത്മഹത്യ ചെയ്ത സംഭവം വിരൽ ചൂണ്ടുന്നതെന്നും കുറ്റക്കാരായ മുഴുവൻ ആർഎസ്എസ് പ്രവർത്തകരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.