30 January 2026, Friday

ഫൈനല്‍ തീപാറും; അല്‍ക്കാരസും ദ്യോക്കോവിച്ചും ഓസ്ട്രേലിയന്‍ ഓപ്പണ്‍ കലാശപ്പോരിന്

Janayugom Webdesk
മെല്‍ബണ്‍
January 30, 2026 9:41 pm

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കാരസും സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചും ഏറ്റുമുട്ടും. അലക്സാണ്ടർ സ്വരേവിനെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പര്‍ താരം കാർലോസ് അൽക്കാരസ് തന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ പ്രവേശിച്ചത്. ജര്‍മ്മന്‍ താരത്തെ 6–4, 7–6(5), 6–7(3), 6–7(4), 7–5 എന്ന സ്കോറിനാണ് അല്‍ക്കാരസ് സെമിഫൈനലില്‍ പരാജയപ്പെടുത്തിയത്. കാലിലെ പരിക്കിനെ അതിജീവിച്ചാണ് അല്‍ക്കാരസ് പോരാടിയത്. അഞ്ച് മണിക്കൂര്‍ 27 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്. 

മൂന്നാം സെറ്റിൽ 4–4 എന്ന സ്കോറിൽ നിൽക്കുമ്പോൾ ഉണ്ടായ ശാരീരിക ബുദ്ധിമുട്ടിനെത്തുടർന്ന് 22കാരന് ചലിക്കാൻ പോലും പ്രയാസമായിരുന്നു. ആ സെറ്റ് ടൈബ്രേക്കറിൽ പരാജയപ്പെട്ടെങ്കിലും, പന്തിന്റെ കൃത്യമായ പ്ലേസ്‌മെന്റിലൂടെയും മികച്ച ഷോട്ടുകളിലൂടെയും വിജയിക്കാനാവശ്യമായ പോയിന്റുകൾ നേടി അല്‍ക്കാരസ് മത്സരം നീട്ടിക്കൊണ്ടുപോയി. അവസാന സെറ്റിലും വിട്ടുകൊടുക്കാതെ പോരാടിയ അൽക്കാരസ് സ്വരേവിനെ പരാജയപ്പെടുത്തി. ഫൈനലിൽ വിജയിക്കുകയാണെങ്കിൽ നാല് പ്രധാന ഗ്രാൻഡ്സ്ലാം കിരീടങ്ങളും സ്വന്തമാക്കുന്ന താരമെന്ന നേട്ടം അൽക്കാരസിന് കൈവരിക്കാനാകും. വാശിയേറിയ രണ്ടാം സെമി പോരാട്ടത്തില്‍ ഇറ്റലിയുടെ ലോക രണ്ടാം നമ്പര്‍ താരം യാന്നിക് സിന്നറെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ദ്യോക്കോവിച്ച് തോല്പിച്ചത്. സ്കോര്‍ 3–6, 6–3, 4–6, 6–4, 6–4.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.