അണ്ടലൂർക്കാവിൽ ഉത്സവത്തിന്റെ ഭാഗമായി തേങ്ങ താക്കൽ ചടങ്ങും ചക്കകൊത്തലും നടത്തി. ഞായറാഴ്ച പുലർച്ചെ ഒന്നിന് കോമരത്തച്ഛന്മാരുടെ നൃത്തച്ചടങ്ങോടെ ഉത്സവത്തിന് തുടക്കമായി .നാലുനാൾ ക്ഷേത്രസന്നിധിയിൽ വിശ്വാസികൾക്കൊപ്പം ഇഷ്ടദൈവങ്ങൾ കെട്ടിയാടും. ദൈവത്താർ (ശ്രീരാമൻ) ആണ് പ്രധാന ആരാധനാ മൂർത്തി. കാർഷിക സമൃദ്ധിയുടെയും സംസ്കാരത്തിന്റെയും ഓർമപുതുക്കൽകൂടിയാണ് ഉത്സവം വിഭാവനംചെയ്യുന്നത്. ധർമടം, മേലൂർ, അണ്ടലൂർ, പാലയാട് ദേശവാസികൾ ഒരാഴ്ച പൂർണ വ്രതനിഷ്ഠയോടെയാണ് ഉത്സവം ആഘോഷിക്കുക. വീടുകളിൽനിന്ന് നിലംതൊടാതെ അറുത്തെടുക്കുന്ന ചക്കകൾ രാത്രി ക്ഷേത്രത്തിൽ മുറിച്ച് വിതരണംചെയ്യുന്നതാണ് ചക്കകൊത്തൽ ചടങ്ങ്.
ശനി രാവിലെ ജന്മാചാരിയും കാവിലെ എമ്പ്രാനുംചേർന്ന് ആചാരസ്ഥാനികരുടെ സാന്നിധ്യത്തിൽ കൊടിയേറ്റി. ഉത്സവപരിപാടികൾ കുംഭം ഒന്നിന് തുടങ്ങുമെങ്കിലും മൂന്നാം തീയതിയാണ് കാവിലെ കൊടിയേറ്റം. പിന്നീട് തന്നീം കുടി. വ്രതം നോൽക്കുന്നവർക്ക് ഈ ദിവസം ഉച്ചയ്‌ക്ക് വീടുകളിൽനിന്ന് ചെറുപയറും മൈസൂർ പഴവും ഇളനീരും കടുംകാപ്പിയും നൽകും.
രാത്രി മേലൂർ മണലിൽ തൃക്കൈക്കുട തറയിൽനിന്ന് ഓലക്കുട കൊണ്ടുവന്നതോടെ കെട്ടിയാട്ടത്തിന് തുടക്കമായി. മേലൂർ ദേശവാസികളുടെ വകയായി കരിമരുന്ന് പ്രയോഗവുമുണ്ടായി. കോമരത്തച്ഛന്മാരുടെ നിരക്കിപാച്ചിലിന് ശേഷം ആദ്യ തെയ്യം അതിരാളവും മക്കളും ഇറങ്ങും. തുടർന്ന് വേട്ടക്കൊരു മകൻ, തൂവ്വക്കാലി, മലക്കാരി, പുതുചേകോൻ, പൊൻമകൻ, നാകണ്ഠൻ, നാപോതി, ബപ്പൂരൻ തുടങ്ങിയ തിറകൾ കെട്ടിയാടും. ഉച്ചയ്ക്ക് ബാലി–- സുഗ്രീവ യുദ്ധം. വൈകിട്ട് ആറോടെ പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ പൊൻമുടി അണിയും. നാല് ദിവസവും ഇതേ രീതിയിൽ തന്നെയാണ് ചടങ്ങുകൾ. വ്യത്യസ്ത ദിവസങ്ങളിലായി പുലർച്ചെ മേലൂർ, ധർമടം, അണ്ടലൂർ, പാലയാട് ദേശവാസികളുടെയും അവസാന ദിവസം ക്ഷേത്ര കമ്മിറ്റിയുടെയും വക വെടിക്കെട്ടുണ്ടാകും. 20ന് പുലർച്ചെ തിരുമുടിയും തിരുവാഭരണങ്ങളും അറയിൽ തിരികെവയ്ക്കുന്നതോടെ ഉത്സവം സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.