17 February 2026, Tuesday

അനധികൃത വിദേശ കുടിയേറ്റം ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് ആന്ധ്രാപ്രദേശില്‍ നിന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
February 17, 2026 10:49 pm

വിദേശ രാജ്യങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ആന്ധ്രാപ്രദേശിലെന്ന് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം പഞ്ചാബ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉയർന്ന വിദേശ കുടിയേറ്റം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അനധികൃത കുടിയേറ്റം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ആന്ധ്രാപ്രദേശില്‍ 2025ല്‍ മാത്രം 448 പരാതികളാണ് ലഭിച്ചത്. ഇതേ കാലയളവിൽ 111 പരാതികളുമായി തെലങ്കാന നാലാം സ്ഥാനത്തുണ്ട്.

2021 മുതൽ രാജ്യവ്യാപകമായി ആകെ 6,700 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ മാത്രം 3,294 കേസുകൾ റിപ്പോർട്ട് ചെയ്തു. പരാതികള്‍ ലഭിച്ച മറ്റ് സംസ്ഥാനങ്ങള്‍ കേരളവും ഡല്‍ഹിയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പല കേസുകളിലും ജോലി വാഗ്ദാനം ചെയ്തുള്ള വ്യാജ ഏജന്റുമാരുടെ തട്ടിപ്പിനിരയായവരാണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഏജൻസികള്‍, ഏജന്റുമാര്‍, വ്യാജ രേഖകൾ, വിസിറ്റിങ് വിസകള്‍ എന്നിവയിലൂടെ വിദേശത്തേക്ക് പോകുന്നവരാണ് അനധികൃത കുടിയേറ്റത്തില്‍ ഉള്‍പ്പെടുന്നത്. കുടിയേറ്റക്കാരെ വിദേശ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവയ്ക്കുമ്പോഴോ, നാടുകടത്തുമ്പോഴോ ആണ് പല സംഭവങ്ങളും പുറത്തുവരുന്നത്. വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് വ്യാജ ഏജൻസികള്‍ യുവാക്കളില്‍ നിന്ന് പണം തട്ടുന്ന സംഭവം നിരവധിയാണ്. ആന്ധ്രാ- തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ തട്ടിപ്പിനിരയാക്കുന്നത് യുഎഇയില്‍ ജോലി വാദ്ഗാനം ചെയ്താണ്. അതോടൊപ്പം കംബോഡിയയിലും മ്യാൻമറിലും ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പും ഇപ്പോള്‍ വര്‍ധിച്ചുവരുന്നുണ്ട്.

2025 ഡിസംബർ വരെ രാജ്യത്തുടനീളമായി 3,505 ഓളം രജിസ്റ്റർ ചെയ്യാത്ത ഏജൻസികളെ ഇ‑മൈഗ്രേറ്റ് പോർട്ടലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി കീർത്തി വർധൻ സിങ് അറിയിച്ചു. കൂടാതെ വിദേശത്ത് അകപ്പെട്ടവരെ സാഹയിക്കുന്നതിനായി പ്രവാസി ഭാരതീയ സഹായത കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. കൊച്ചി, ഹൈദരാബാദ്, ചെന്നൈ, ലഖ്‌നൗ, പട്‌ന, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ കേന്ദ്രങ്ങൾ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.