
വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കളിച്ച് വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചു. ഈ രണ്ട് മത്സരങ്ങൾ 37കാരന്‍ റസലിന്റെ ഹോംഗ്രൗണ്ടായ ജമൈക്കയിലെ സബീന പാർക്കില്‍ നടക്കും.
‘വെസ്റ്റിന്‍ഡീസിനെ പ്രതിനിധാനം ചെയ്യാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ്. വാക്കുകൾക്ക് അത് എത്രത്തോളം വലുതാണെന്ന് വിശദീകരിക്കാൻ കഴിയില്ല. ചെറുപ്പത്തിൽ ഈ തലത്തിൽ വരെ എത്താനാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടേയില്ല. ക്രിക്കറ്റിലേക്ക് പൂർണമായി വന്നുകഴിയുമ്പോഴാണ് നമുക്ക് എന്തൊക്കെ സാധ്യമാകും എന്ന് മനസിലാകുക’- റസൽ പ്രസ്താവനയിൽ പറഞ്ഞു. 15 വര്‍ഷത്തെ നീണ്ട കരിയറിനാണ് റസല്‍ തിരശീലയിടാനൊരുങ്ങുന്നത്. 2010ൽ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു റസലിന്റെ അരങ്ങേറ്റം. എന്നാൽ പിന്നീട് താരം ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടില്ല. ഏക ടെസ്റ്റ് മത്സരത്തിൽ രണ്ട് റൺസ് മാത്രമാണ് റസലിന് നേടാൻ സാധിച്ചത്. 84 ടി20 മത്സരങ്ങളിൽ നിന്ന് 22 ശരാശരിയിൽ 1,078 റൺസാണ് റസലിന്റെ സമ്പാദ്യം. 71 റൺസാണ് ഉയർന്ന സ്കോർ. മൂന്ന് അർധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 71 വിക്കറ്റും വീഴ്ത്തി. 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 56 ഏകദിനങ്ങളില്‍ നിന്നായി 1,034 റണ്‍സ് നേടി. നാല് അര്‍ധസെഞ്ചുറികളുണ്ട്. പുറത്താവാതെ നേടിയ 92 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 70 വിക്കറ്റുകളും സ്വന്തമാക്കി. 35 റണ്‍സിന് നാല് വിക്കറ്റാണ് മികച്ച ബൗളിങ് പ്രകടനം. 2012ലും 2016ലും വെസ്റ്റിന്‍ഡീസ് ടി20 കിരീടമുയര്‍ത്തിയപ്പോള്‍ റസലും ടീമില്‍ അംഗമായിരുന്നു. അടുത്ത വര്‍ഷം ടി20 ലോകകപ്പ് തുടങ്ങാനിരിക്കെ റസലിന്റെ വിരമിക്കല്‍ പ്രഖ്യാപനം സെലക്ടര്‍മാര്‍ക്ക് തിരിച്ചടിയായി. രണ്ട് മാസം മുമ്പ് നിക്കോളാസ് പൂരനും വിരമിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.