അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ സഹകരണ വകുപ്പ് അസി. രജിസ്ട്രാർ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സമരം സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരൻ ഉദ്ഘാടനം ചെയ്തു. നൂറ് കോടിയിലധികം രൂപയുടെ വെട്ടിപ്പിന് കൂട്ടുനിന്ന സഹകരണ വകുപ്പിലെ ഓഡിറ്റർമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന് കെ എം ദിനകരൻ ആവശ്യപ്പെട്ടു.
നിലവിൽ ഭരണസമിതി പിരിച്ചു വിട്ട സാഹചര്യത്തിൽ സഹകരണ സംഘത്തിൽ പൂർണ്ണസമയ സെക്രട്ടറിയെ നിയമിക്കുക, തട്ടിപ്പിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുക, തട്ടിപ്പ് മറച്ച് പിടിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കുക, തട്ടിപ്പുകാർക്കെതിരെ എഫ് ഐ ആർ ചുമത്തി കേസെടുക്കുക, നിക്ഷേപകർക്ക് പണം തിരിച്ചു നല്കാനുള്ള നിയമ നടപടികൾ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണ സമിതി നടത്തിയ അഴിമതി മൂലം പണം നഷ്ടപ്പെട്ടവർക്ക് തിരിച്ചു നൽകാൻ അങ്കമാലി എം എൽ എ ഇടപെടണമെന്ന് നേതാക്കാൾ ആവശ്യപ്പെട്ടു.
സി പി ഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് അംഗം എം എം ജോർജ്, സി പി ഐ അങ്കമാലി മണ്ഡലം സെക്രട്ടറി എം മുകേഷ്, ജില്ലാ കമ്മിറ്റി അംഗം എ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ജനതാദൾ നേതാവ് ബെന്നി മൂഞ്ഞേലി, കോൺഗ്രസ് എസ് നേതാവ് മാത്യൂസ് കോലഞ്ചേരി, കേരള കോൺഗ്രസ് എം നേതാവ് മാർട്ടിൻ മുണ്ടാടൻ, ട്വന്റി- ട്വന്റി നേതാവ് ചാർളി പോൾ, സമര സമിതിയുടെ പ്രസിഡന്റ് പി എ തോമസ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം നേതാക്കളായ എം എസ് ചന്ദ്രബോസ്, എം എം പരമേശ്വരൻ, സീലിയ വിന്നി, ഒ ജി കിഷോർ, ജോസഫ് ചിറയത്ത്, ഗോപകുമാർ കാരിക്കോത്ത്, വി എസ് ജയൻ, റീന ഷോജി, രേഖാ ശ്രീജേഷ്, സമര സമിതി നേതാക്കളായ സി പി സെബാസ്റ്റ്യൻ, ചെറിയാക്കു എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.