
കണ്ണപുരം കീഴറയിലെ സ്ഫോടനക്കേസില്‍ അറസ്റ്റിലായ അനൂപ് മാലിക്ക് നേരത്തെയും സ്ഫോടനക്കേസിലെ പ്രതി. 2016 മാർച്ച് 24ന് പള്ളിക്കുന്ന് പൊടിക്കുണ്ടിലെ ഇരുനില വീട്ടിൽ നടന്ന സ്ഫോടനക്കേസില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
അനൂപ് മാലിക്കിന് പടക്കത്തിന്റെ വ്യാപാരമാണ്. അനധികൃത പടക്കം സൂക്ഷിച്ചതിന് 2009ലും 2013ലും ഇയാൾക്കെതിരേ വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന സൂചനയുമുണ്ട്.
പൊടിക്കുണ്ട് രാജേന്ദ്ര നഗർ കോളനിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആറ് വീടുകൾ പൂര്‍ണമായും നശിച്ചിരുന്നു. 17 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം ഉണ്ടായി. അനൂപ് മാലിക്കിന് അടുപ്പമുണ്ടായിരുന്ന റാഹിലയും മകളും അടക്കം നാലുപേർക്ക് സാരമായി പരിക്കേറ്റിരുന്നു.
ഈ കേസിന്റെ വിചാരണ തലശേരി അഡീഷണൽ ജില്ലാ കോടതിയിൽ നടന്നുവരികയാണ്. 2016ലെ പൊട്ടിത്തെറിയില്‍ അനൂപ് മാലിക്കും റാഹിലയും സഹായിയും അടക്കം മൂന്നുപേരാണ് പ്രതികളായത്. റാഹിലയുടെ മകൾ അടക്കമുള്ള ആളുകൾ അനൂപ് മാലിക്കാണ് സ്ഫോടനത്തിന് ഉത്തരവാദിയെന്ന് കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. അന്നുണ്ടായ നാശനഷ്ടങ്ങൾക്ക് സർക്കാർ ഒരുകോടിയോളം രൂപ നഷ്ടപരിഹാരം നൽകിയിരുന്നു.
കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് അനൂപ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. കർണാടകയിലേക്ക് രക്ഷപ്പെടാൻ ആയിരുന്നു ഇയാളുടെ നീക്കം. സ്ഫോടനവിവരം അറിഞ്ഞത് മുതൽ കണ്ണൂർ പൊലീസ് കമ്മീഷണർ പി നിതിൻ രാജിന്റെ നേതൃത്വത്തിൽ ഇയാള്‍ക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഇയാൾ കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം. കാഞ്ഞങ്ങാടുള്ള രാജൻ എന്നയാളെ അനൂപ് മാലിക്ക് ഫോണിൽ ബന്ധപ്പെട്ടുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് വരെ പ്രതി കണ്ണൂർ ചെറുകുന്നിലെ ജിമ്മിൽ ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കർണാടകയിലേക്ക് കടന്ന് അവിടെ ഒളിവിൽ കഴിഞ്ഞ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യം. നേരത്തെയുണ്ടായ കേസുകളിലെല്ലാം ഈ രീതിയായിരുന്നു ഇയാൾ പിന്തുടർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.