
മധ്യപ്രദേശില്‍ നിന്നും മറ്റൊരു അഴിമതിക്കഥ കൂടി പുറത്ത്. ഷാഹ്‌ഡോൾ ജില്ലയിലെ ഭദ്‌വാഹി ഗ്രാമത്തില്‍ ഇരുപത് പേര്‍ പങ്കെടുത്ത ഒരു സര്‍ക്കാര്‍ പരിപാടിയിലെ ലഘുഭക്ഷണ ചെലവാണ് സംസാരവിഷയം. ഒരു പ്രാദേശിക ജലസംരക്ഷണ പരിപാടിയിലാണ് പങ്കെടുത്തവര്‍ വെറും ഒരു മണിക്കൂറിനുള്ളിൽ 14 കിലോഗ്രാം ഡ്രൈ ഫ്രൂട്ട്‌സ് കഴിച്ചുവെന്നാണ് രേഖ. ജൽ ഗംഗാ സൻവർധൻ അഭിയാൻ പ്രകാരം സമർപ്പിച്ച 24,270 രൂപയുടെ ബില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. സംസ്ഥാന സർക്കാരിന്റെ ജലഗംഗാ കാമ്പയിനിന്റെ ഭാഗമായി മേയ് 25 നാണ് പരിപാടി നടന്നത്, ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് സിഇഒ, എസ്ഡിഎം എന്നിവരുൾപ്പെടെ ഇരുപതോളം മുതിർന്ന ഉദ്യോഗസ്ഥർ ഇതിൽ പങ്കെടുത്തു. ജലസംരക്ഷണവും അടിസ്ഥാനതലത്തിലുള്ള സംവാദവും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ |‘വിപുലമായ ഭക്ഷണം’ ഏര്‍പ്പെടുത്തിയിരുന്നു. പരിപാടിക്ക് ശേഷം സമർപ്പിച്ച ബില്ലുകളിൽ 14 കിലോഗ്രാം ഡ്രൈ ഫ്രൂട്ട്‌സ്, 30 കിലോഗ്രാം നംകീൻ, ഒമ്പത് കിലോഗ്രാം ഫ്രഷ് ഫ്രൂട്സ്, ആറ് ലിറ്റർ പാൽ, അഞ്ച് കിലോഗ്രാം പഞ്ചസാര. ഈ ഹ്രസ്വ ‘ആതിഥ്യമര്യാദ’യുടെ ആകെ ചെലവ് ഇരുപത്തിനാലായിരം രൂപയിലധികമായിരുന്നു.
സംഭവം വിവാദമായതോടെ രേഖകളിൽ പേരുള്ള പ്രധാന വിതരണക്കാരിൽ ഒരാളായ ഗോവിന്ദ് ഗുപ്ത ഭാരിയിൽ അന്വേഷണമെത്തി. ഒരു ചെറിയ പലചരക്ക് കട നടത്തുന്ന താൻ ഒരിക്കലും ഇത്രയും അളവിൽ ഡ്രൈ ഫ്രൂട്ട്‌സ് സ്റ്റോക്ക് ചെയ്തിട്ടില്ലെന്ന് ഗുപ്ത പറഞ്ഞു. തന്റെ കയ്യിൽ ശരിയായ ബിൽ ബുക്ക് പോലുമില്ലെന്നും അവർ ചിലപ്പോൾ തന്റെ കയ്യിൽ നിന്ന് ശൂന്യമായ സ്ലിപ്പുകൾ വാങ്ങി പിന്നീട് ഉപയോഗിക്കുമെന്നും താന്‍ ആർക്കും അഞ്ചു കിലോ കശുവണ്ടിയോ 30 കിലോ നംകീനോ നൽകിയതായി ഓർമ്മയില്ലെന്നും പറഞ്ഞു.
ലല്ലു കേവത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒരു കടയിൽ നിന്നാണ് വാഴപ്പഴം, മാതളനാരങ്ങ, മുന്തിരി, ആപ്പിൾ, നെയ്യ്, മാവ്, എണ്ണ എന്നിവ വാങ്ങിയതെന്ന അവകാശവാദം അതിലും അതിശയിപ്പിക്കുന്നതായിരുന്നു. ലല്ലു കേവത്തിന്റെ കച്ചവടം അന്വേഷിച്ചെത്തിയവര്‍ ഞെട്ടി. മണൽ, സിമന്റ്, ചരൽ എന്നിവ മാത്രമാണ് കേവത്ത് വില്പന നടത്തുന്നതെന്ന് ഭാര്യ റോഷ്‌നി സ്ഥിരീകരിച്ചു. പരിപാടിയിൽ പങ്കെടുത്ത ഗ്രാമീണര്‍ക്ക് കിട്ടിയതാകട്ടെ ലളിതമായ ദാൽ കിച്ച്ഡിയും അല്പം സേവിയനും മാത്രം. രണ്ട് ചെറിയ പ്ലേറ്റ് കശുവണ്ടിയും ബദാമും മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഉദ്യോഗസ്ഥർ അവയിൽ തൊട്ടില്ല. ഞങ്ങളിൽ മിക്കവരും അവരെ കണ്ടിട്ടുപോലുമില്ല. സ്ഥലവാസിയായ കർഷകന്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.