26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 25, 2025
April 25, 2025
April 25, 2025
April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025

ചെങ്കടലില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം; ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ തെക്കൻ ചെങ്കടലിലേക്ക്

Janayugom Webdesk
സന/ ന്യൂഡൽഹി
December 24, 2023 10:31 pm

ചെങ്കടലില്‍ ചരക്ക് കപ്പലിനു നേരെ ഡ്രോണ്‍ ആക്രമണം. 25 ഇന്ത്യന്‍ ക്രൂ അംഗങ്ങളുമായി സഞ്ചരിച്ച ഗാബോണ്‍ ഉടമസ്ഥതയിലുള്ള എംവി സായിബാബ എന്ന ടാങ്കറിനു നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലെ 25 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് നാവിക സേന അറിയിച്ചു. സായിബാബയെ കൂടാതെ നോര്‍വീജിയന്‍ പതാകയുള്ള കെമിക്കല്‍ ഓയില്‍ ടാങ്കറായ എംവി ബ്ലാമനെനു നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. ഹൂതി സായുധ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് യുഎസ് അറിയിച്ചു. ഒക്ടോബര്‍ 17ന് ശേഷം ഹൂതി വിമതര്‍ നടത്തുന്ന 15-ാമത്തെ ആക്രമണമാണിത്.

കപ്പലുകള്‍ക്ക് നേരെ ബാലിസ്റ്റിക് മിസെെലുകള്‍ തൊടുത്തുവിട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബാലിസ്റ്റിക് മിസെെലുകള്‍ പതിച്ചതു സംബന്ധിച്ച് കപ്പലുകളില്‍ നിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കപ്പലിനു നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. ഈ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്നാണ് അമേരിക്കയുടെ ആരോപണം. ലൈബീരിയന്‍ പതാക സ്ഥാപിച്ച ജപ്പാന്റെ ഉടമസ്ഥതയിലുള്ള നെതര്‍ലന്‍ഡ്സ് ഓപ്പറേറ്റ് ചെയ്യുന്ന ചെം പ്ലൂട്ടോയെന്ന കെമിക്കല്‍ ടാങ്കര്‍ പ്രാദേശിക സമയം പത്തുമണിക്ക് ആക്രമിക്കപ്പെട്ടു. ഇന്ത്യന്‍ തീരത്തിന് 200 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണം നടന്നത്. ഇറാനില്‍ നിന്നുള്ള ഏകപക്ഷീയമായ ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നാണ് പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

എന്നാല്‍ അമേരിക്കയുടെ ആരോപണം തള്ളി ഇറാനും രംഗത്തെത്തി. ഹൂതികള്‍ സ്വന്തം നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബഘേരി പറഞ്ഞു. ഇസ്രയേലുമായി ബന്ധമുള്ള ചരക്കു കപ്പലുകളെ തങ്ങള്‍ ആക്രമിക്കുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി കപ്പലുകള്‍ ആ­ഫ്രിക്കന്‍ തീരങ്ങള്‍ വഴിയാണ് നിലവില്‍ സഞ്ചരിക്കുന്നത്. 35 രാജ്യങ്ങളിലെ പത്ത് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ഇതുവരെ 100 ഡ്രോ­ണ്‍ ആക്രമണങ്ങള്‍ നടത്തിയതായി യുഎസ് ആരോപിക്കുന്നു.

ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ തെക്കൻ ചെങ്കടലിലേക്ക്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചരക്കുകപ്പലുകള്‍ക്കുനേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ നാവികസേനാ കപ്പലുകള്‍ തെക്കൻ ചെങ്കടലിലേക്ക്. നാവികസേനയുടെ സ്റ്റൈല്‍ത്ത് ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയര്‍ മോര്‍മുഗാവോ യുദ്ധക്കപ്പലും തീരസംരക്ഷണ സേനയുടെ നിരീക്ഷണ വിമാനവും മേഖലയിലേക്ക് തിരിച്ചു. തീരസംരക്ഷണ സേനയുടെ വിക്രം യുദ്ധക്കപ്പല്‍ ആക്രമണം നേരിട്ട ഒരു ചരക്കുകപ്പലിന് അകമ്പടി സേവിക്കുന്നുണ്ട്.

മേഖലയില്‍ രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് കപ്പലുകള്‍ക്കുനേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുണ്ടായി. ആക്രമണത്തിനു പിന്നിൽ ഹൂതി ഭീകരരാണെന്ന് യുഎസ് ആരോപിക്കുന്നു. നോർവീജിയൻ ഓയിൽ ടാങ്കറിനെതിരേയും ആക്രമണമുണ്ടായി. കഴിഞ്ഞദിവസം ലൈബീരിയന്‍ കപ്പലായ എംവി കെം പ്ലൂട്ടോയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. ആക്രമണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നാവികസേന അറിയിച്ചു.

Eng­lish Summary;Another drone strike in the Sea; Indi­an war­ships to South Sea
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.